കർണാടക ബന്ദ് പൂർണം; ഉച്ചമുതൽ കേരളത്തിൽ നിന്ന് ബസുകൾ ഓടിത്തുടങ്ങും

ബംഗളൂരു: കാവേരി നദിയില്‍നിന്ന് തമിഴ്നാടിന് വെള്ളം വിട്ടുകൊടുക്കാനുള്ള സുപ്രീംകോടതി വിധിക്കെതിരെ കർഷകസംഘടനകൾ കർണാടകയിൽ പ്രഖ്യാപിച്ച ബന്ദ് പൂർണം. സ്കൂളുകൾക്കും കോളെജുകൾക്കും സർക്കാർ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഇൻഫോസിസ്, വിപ്രോ തുടങ്ങി 400ഓളം മൾട്ടി നാഷണൽ കമ്പനികളും ഇന്ന് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. സർക്കാർ ഓഫിസുകൾ തുറന്നിട്ടുണ്ടെങ്കിലും ഹാജർ നില വളരെ കുറവാണ്.

രാവിലെ മുതൽ ഗതാഗത കുരുക്ക് അനുഭവപ്പെടുന്ന ബംഗളുരുവിലെ റോഡുകൾ ഒഴിഞ്ഞുകിടക്കുകയാണ്. എല്ലാ ജംഗ്ഷനുകളിലും വഴിതടഞ്ഞുകൊണ്ടുള്ള പ്രതിഷേധ സമരങ്ങളാണ് കാണുന്നത്. രാവിലെ ആറു മുതല്‍ വൈകീട്ട് ആറുവരെയാണ് ബന്ദ്. കര്‍ഷക-കന്നട സംഘടനകള്‍ ഉള്‍പ്പെടെ രണ്ടായിരത്തോളം സംഘടനകളാണ് ബന്ദിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ബന്ദിന് സംസ്ഥാന സര്‍ക്കാറിന്‍റെ പരോക്ഷ പിന്തുണയുമുണ്ട്.

ബംഗളുരു മെട്രോ ഇന്ന് രാവിലെ മുതൽ സർവീസ് നടത്തുന്നില്ല. ഓട്ടോറിക്ഷ റോഡിലേക്കെടുക്കാൻ ശ്രമിച്ച ഡ്രൈവറെ ബന്ദനുകൂലികൾ മർദിക്കുന്ന ദൃശ്യങ്ങൾ ഒരു സ്വകാര്യ ടെലിവിഷൻ ചാനൽ പുറത്തുവിട്ടു.

പ്രതിപക്ഷ പാര്‍ട്ടികളും ബന്ദിനെ പിന്തുണക്കുന്നുണ്ട്. ഓട്ടോ, ടാക്സി, ലോറി ഡ്രൈവേഴ്സ് അസോസിയേഷനുകളും എയര്‍പോര്‍ട്ട് ടാക്സികളും ബന്ദിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. കർണാടക സിനിമ മേഖലയും ബന്ദിനെ അനുകൂലിച്ചുകൊണ്ട് പണിമുടക്കുകയാണ്.

അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാൻ തമിഴ്നാട് രജിസ്ട്രേഷൻ നമ്പറുള്ള വാഹനങ്ങളുമായി നിരത്തിലിറങ്ങരുതെന്ന് അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്. പ്രതിഷേധക്കാർ തമിഴ്നാടും കർണാടകയും അതിർത്തി പങ്കിടുന്ന സ്ഥലങ്ങളിൽ തമ്പടിച്ചിട്ടുണ്ടെന്നാണ് വിവരം.

ബന്ദ് പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ കോഴിക്കോട് നിന്ന് വെള്ളിയാഴ്ച ഉച്ച വരെ ബംഗളൂരുവിലേക്കുള്ള സര്‍വിസുകള്‍ നടത്തില്ലെന്ന് കെ.എസ്.ആര്‍.ടി.സി അധികൃതര്‍ അറിയിച്ചു. ഉച്ചക്ക് ഒന്നര മുതല്‍ ബസുകള്‍ ഓടിത്തുടങ്ങും. വ്യാഴാഴ്ച ബംഗളൂരുവിൽ എത്തിയ ബസുകള്‍ ബന്ദവസാനിച്ചതിന് ശേഷം മാത്രമേ തിരിച്ച് കേരളത്തിലേക്ക് പുറപ്പെടുകയുള്ളൂ. ഓണം-പെരുന്നാള്‍ കണക്കിലെടുത്ത് വൈകിയാണെങ്കിലും പരമാവധി ബസുകള്‍ ഓടിക്കാന്‍ ശ്രമിക്കുമെന്ന് കേരള ആര്‍.ടി.സി അധികൃതര്‍ പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.