റബര്‍ താങ്ങുവില: കേരളത്തിന് കൃത്യതയില്ല - കേന്ദ്രമന്ത്രി

ചെന്നൈ: കേരളത്തിലെ റബര്‍ കര്‍ഷകര്‍ അഭിമുഖീകരിക്കുന്ന പ്രതിസന്ധിയെക്കുറിച്ച് കേന്ദ്രത്തിന് ധാരണയുണ്ടെന്നും എന്നാല്‍ ഇക്കാര്യത്തില്‍ കേരളം കൃത്യമായ പരിഹാരം നിര്‍ദേശിക്കുന്നില്ലെന്നും കേന്ദ്ര വാണിജ്യ-വ്യവസായമന്ത്രി നിര്‍മല സീതാരാമന്‍. റബറിന്‍െറ മിനിമം ഉല്‍പാദനച്ചെലവോ കേന്ദ്രം നല്‍കേണ്ട താങ്ങുവിലയോ ഇതുവരെ കേരളം നിര്‍ണയിച്ചിട്ടില്ലെന്ന് അവര്‍ ചൂണ്ടിക്കാട്ടി. ചെന്നൈയില്‍ ദക്ഷിണേന്ത്യയിലെ പത്രാധിപന്മാരുടെ സമ്മേളനത്തില്‍ കേരള പ്രതിനിധികളുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി.

കേരളത്തിനു പുറമെ ഒഡിഷ, ത്രിപുര, മേഘാലയ തുടങ്ങിയ സംസ്ഥാനങ്ങള്‍ റബര്‍ കൃഷിയില്‍ മുന്നോട്ടുപോയിട്ടുണ്ട്. ഇവിടെയൊക്കെ ഉല്‍പാദനച്ചെലവും ന്യായവിലയും വ്യത്യാസമുണ്ട്. അതിനാല്‍ വിലയില്‍ ദേശീയ ശരാശരി കണക്കാക്കാനാവില്ല. കേരളത്തിലെ പ്രതിസന്ധിയെക്കുറിച്ച് എം.പിമാരും ഗവണ്‍മെന്‍റ് പ്രതിനിധികളുമായൊക്കെ ചര്‍ച്ച നടത്തി. എന്നാല്‍ കേന്ദ്രം നല്‍കേണ്ട താങ്ങുവില എത്രയെന്നു കണക്കാക്കാന്‍ റബര്‍ബോര്‍ഡിനോ സര്‍ക്കാറിനോ കഴിഞ്ഞിട്ടില്ല. താങ്ങുവില നിശ്ചയിക്കുകയും ഇറക്കുമതി മൂലമുള്ള വിലയിടിച്ചില്‍ നിയന്ത്രിക്കാന്‍ വിപണിയില്‍ ഇടപെടുകയുമാണ് കേന്ദ്രത്തിന് ചെയ്യാവുന്നത്. എന്നാല്‍ ദേശീയനില മുന്നില്‍ വെച്ച് തീരുമാനമെടുക്കാനേ കേന്ദ്രത്തിനു കഴിയൂവെന്നും നിര്‍മല സീതാരാമന്‍ വിശദീകരിച്ചു.

തമിഴ്നാട്ടിലെ കുളച്ചലില്‍ കേന്ദ്രം തുടക്കം കുറിക്കുന്ന തുറമുഖപദ്ധതി വിഴിഞ്ഞത്തെ പദ്ധതിക്ക് തടസ്സമാവില്ലെന്നും രണ്ടിടത്തെയും സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തിയാലേ 10 ദശലക്ഷം ടി.എസ്.യു ചരക്കുകടത്തിന് സാധ്യമാവുകയുള്ളൂവെന്നും കേന്ദ്ര തുറമുഖവകുപ്പ് സെക്രട്ടറി രാജീവ് കുമാര്‍ സമ്മേളനത്തില്‍ പറഞ്ഞു. മത്സ്യബന്ധന തുറമുഖം കൂടിയായ വിഴിഞ്ഞത്ത് നാലോ അഞ്ചോ ദശലക്ഷം ടി.എസ്.യു കണ്ടെയ്നര്‍ കടത്തിനുള്ള സൗകര്യമേയുള്ളൂ. അവശേഷിക്കുന്നത് കുളച്ചലില്‍ നേടാനും ചരക്കുനീക്കത്തിന് കിഴക്കുപടിഞ്ഞാറന്‍ തീരം പരമാവധി പ്രയോജനപ്പെടുത്താനുമാണ് ശ്രമമെന്നും അദ്ദേഹം വ്യക്തമാക്കി.
കൊച്ചി മെട്രോ നിര്‍മാണ ജോലികള്‍ പ്രതീക്ഷിച്ച പുരോഗതിയിലാണെന്നും എന്നാല്‍ കാക്കനാട്ടേക്ക് പാത നീട്ടുന്നത് ഇപ്പോള്‍ പരിഗണനയിലില്ളെന്നും കേന്ദ്ര നഗരവികസന മന്ത്രി എം. വെങ്കയ്യനായിഡു അറിയിച്ചു. ‘മെട്രോ മാന്‍’ ശ്രീധരന്‍െറ നേതൃത്വത്തില്‍ നിശ്ചിത സമയത്തിനകം അത് പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷ. തുടര്‍ന്ന് അടുത്ത ഘട്ടത്തിലേക്ക് നീട്ടുന്ന കാര്യം പരിഗണിക്കും. തിരുവനന്തപുരം സ്മാര്‍ട്ട് സിറ്റിക്കുള്ള അപേക്ഷ പരിഗണനയിലുണ്ട്. ഇക്കാര്യത്തില്‍ രാഷ്ട്രീയ പരിഗണനയില്ല. പ്രധാനമന്ത്രിയുടെ വാരാണസി, ആഭ്യന്തര മന്ത്രിയുടെ ലഖ്നൗ, തന്‍െറ മണ്ഡലമായ നെല്ലൂര്‍ അടക്കം സ്മാര്‍ട്ട് സിറ്റി അര്‍ഹത നേടിയിട്ടില്ല. ജനസംഖ്യയടക്കം ചില മാനദണ്ഡങ്ങള്‍ ഇക്കാര്യത്തിലുണ്ട്. അത് പൂര്‍ത്തിയാക്കാനുള്ള മത്സരത്തില്‍ അടുത്തറൗണ്ടില്‍ തിരുവനന്തപുരവുമുണ്ട്. 34 രാജ്യങ്ങള്‍ സ്മാര്‍ട്ട് സിറ്റി പദ്ധതിക്കായി രംഗത്തുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.