ശശികുമാര്‍ വധം: ആത്മഹത്യക്ക് ശ്രമിച്ച ഹിന്ദുമുന്നണി പ്രവര്‍ത്തകന്‍ മരിച്ചു

കോയമ്പത്തൂര്‍: തീകൊളുത്തി പൊള്ളലേറ്റ് കോയമ്പത്തൂര്‍ ഗവ. മെഡിക്കല്‍ കോളജാശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന ഹിന്ദുമുന്നണി പ്രവര്‍ത്തകന്‍ ശനിയാഴ്ച ഉച്ചക്ക് മൂന്നോടെ മരിച്ചു. ഹിന്ദുമുന്നണി കുറിച്ചി സെക്രട്ടറി പോത്തന്നൂര്‍ മേട്ടൂര്‍ നാച്ചിമുത്തുകൗണ്ടര്‍വീഥി എന്‍. ആനന്ദ്കുമാറാണ് (31) മരിച്ചത്. മൃതദേഹം ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

അതിനിടെ, കഴിഞ്ഞദിവസം ആശുപത്രിയില്‍ ആനന്ദ്കുമാറിന്‍െറ ജ്യേഷ്ഠന്‍ രഞ്ജിത്കുമാര്‍ (34) കുപ്പി പൊട്ടിച്ച് അടിവയറ്റില്‍ കുത്തി ആത്മഹത്യക്ക് ശ്രമിച്ചതും വിവാദമായി. ഗുരുതരമായി പരിക്കേറ്റ രഞ്ജിത്കുമാറും ചികിത്സയിലാണ്. ഇയാള്‍ അപകടനില തരണം ചെയ്തതായി ഡോക്ടര്‍മാര്‍ അറിയിച്ചു.  
ശശികുമാര്‍ വധവുമായി ബന്ധപ്പെട്ട് നിരവധി പേരെ അറസ്റ്റ് ചെയ്തിരുന്നു. തനിക്കെതിരെയും പൊലീസ് നടപടി ഉണ്ടാവുമെന്ന് ഭയന്നാണ് ആത്മഹത്യക്ക് ശ്രമിച്ചതെന്ന് ആനന്ദ്കുമാര്‍ പൊലീസിന് മൊഴിനല്‍കി. പൊലീസിന്‍െറ ഭാഗത്തുനിന്ന് നിരന്തരം ഉണ്ടാവുന്ന പീഡനമാണ് തന്‍െറ രണ്ടു മക്കളും ആത്മഹത്യക്ക് ശ്രമിച്ചതിന് കാരണമെന്ന് മാതാവ് ഹംസവേണി ആരോപിച്ചു. ശശികുമാര്‍ വധക്കേസന്വേഷണം വഴിതിരിച്ചുവിടാന്‍ ശ്രമിക്കുന്നതായും യഥാര്‍ഥ പ്രതികളെ അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ട് സംഘ്പരിവാര്‍ സംഘടനാ നേതാക്കള്‍ രംഗത്തുവന്നതും ഈ സാഹചര്യത്തിലാണ്. അതിനിടെ, പൊലീസ് പുറത്തുവിട്ട നാലുപേരുടെ സി.സി.ടി.വി ദൃശ്യങ്ങളിലെ രണ്ടുപേര്‍ പൊലീസില്‍ ഹാജരായി. ഇവര്‍ക്ക് കേസുമായി ബന്ധമില്ളെന്ന് പൊലീസ് അറിയിച്ചു. മറ്റു രണ്ട് ദൃശ്യങ്ങളിലുള്ളവരെ കണ്ടത്തൊനുള്ള ശ്രമത്തിലാണ് പൊലീസ്. 
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.