തമിഴ്നാട്ടില്‍ ഉപമുഖ്യമന്ത്രിയെ നിയമിക്കാന്‍ ആലോചന; ചീഫ് സെക്രട്ടറി ഗവര്‍ണറെ സന്ദര്‍ശിച്ചു

ചെന്നൈ: മുഖ്യമന്ത്രി ജയലളിതയുടെ ആശുപത്രിവാസം അനിശ്ചിതമായി നീളുമെന്ന് ഉറപ്പായ സാഹചര്യത്തില്‍ തമിഴ്നാട്ടില്‍ ഉപമുഖ്യമന്ത്രിയെ നിയമിക്കാന്‍ സാധ്യത. ജയലളിത രോഗാവസ്ഥയില്‍  മുഖ്യമന്ത്രിസ്ഥാനത്ത് തുടരുന്നതിനെതിരായ പ്രതിപക്ഷ പ്രതിഷേധം നേരിടാനും ഭാവിയിലെ ഭരണപ്രതിസന്ധി ഒഴിവാക്കാനുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.  

ഉപമുഖ്യമന്ത്രിയെ നിയമിക്കാനുള്ള കൂടിയാലോചനകള്‍ അണ്ണാ ഡി.എം.കെയിലും സര്‍ക്കാര്‍തലത്തിലും തുടങ്ങിയതായാണ് സൂചന. ജയലളിതക്കൊപ്പം ആശുപത്രിയിലുള്ള തോഴി ശശികല, സര്‍ക്കാര്‍ ഉപദേശക ഷീലാ ബാലകൃഷ്ണന്‍, ലോക്സഭാ ഡെപ്യൂട്ടി സ്പീക്കര്‍ എം. തമ്പിദുരൈ എന്നിവരായിരിക്കും പരിചയസമ്പന്നനായ ഒരാളെ കണ്ടത്തെുക. മന്ത്രിസഭാംഗങ്ങളായ ഒ. പന്നീര്‍സെല്‍വം, എടപ്പാടി പളനി സാമി, ഒ.എസ്. മണിയന്‍ എന്നിവരിലൊരാള്‍ക്കാണ് സാധ്യത. രണ്ട് പ്രാവശ്യം മുഖ്യമന്ത്രിപദവി വഹിച്ച ഒ. പന്നീര്‍സെല്‍വത്തിനാണ്  കൂടുതല്‍ സാധ്യത കല്‍പിക്കുന്നത്. ഇതിനിടെ, സംസ്ഥാന ചീഫ് സെക്രട്ടറി പി. രാമമോഹന റാവു, ഗവര്‍ണര്‍ സി.വിദ്യാസാഗര്‍ റാവുവുമായി രാജ്ഭവനില്‍ കൂടിക്കാഴ്ച നടത്തി. ഉപമുഖ്യമന്ത്രിയെ അവരോധിക്കുന്ന വിഷയം ഇരുവരും ചര്‍ച്ചചെയ്തതായാണ് അറിയുന്നത്. മഹാരാഷ്ട്ര ഗവര്‍ണറായ വിദ്യാസാഗര്‍ റാവു തമിഴ്നാടിന്‍െറ അധിക ചുമതലയാണ് വഹിക്കുന്നത്.

സാധാരണ വാരാന്ത്യങ്ങളിലാണ് അദ്ദേഹം ചെന്നൈയില്‍ എത്തിയിരുന്നത്. എന്നാല്‍, തമിഴ്നാട്ടിലെ അസാധാരണ രാഷ്ട്രീയ സാഹചര്യം പരിഗണിച്ച് തല്‍ക്കാലം ഇവിടെ തുടരാന്‍ കേന്ദ്രം നിര്‍ദേശിച്ചിട്ടുണ്ട്. അതേസമയം ഏക നേതൃത്വ പാര്‍ട്ടിയായ അണ്ണാ ഡി.എം.കെ ഭരണത്തില്‍ ഉപമുഖ്യമന്ത്രി സ്ഥാനം ആദ്യ സംഭവമാണ്.  അണ്ണാ ഡി.എം.കെയുടെ ചരിത്രത്തില്‍ ഇത്തരമൊരു സ്ഥാനം സൃഷ്ടിച്ചിട്ടില്ല. സമാന സാഹചര്യത്തില്‍  ആശുപത്രിയില്‍ കഴിയേണ്ടിവന്ന മുന്‍ മുഖ്യമന്ത്രി എം.ജി.ആറിന്‍െറ കാലത്തും ഭരണത്തില്‍ രണ്ടാംനിര നേതൃത്വം സൃഷ്ടിക്കപ്പെട്ടിട്ടില്ല.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.