ന്യൂഡല്‍ഹി: പാകിസ്താന്‍ പിടികൂടിയ 22കാരനായ സൈനികന്‍ ചന്ദു ബാബുലാല്‍ ചവാന്‍െറ ഭാവി തുലാസ്സില്‍. പിടിയിലായി ദിവസങ്ങള്‍ കഴിഞ്ഞിട്ടും സൈനികന്‍ എവിടെയാണെന്ന് പാകിസ്താന്‍ വെളിപ്പെടുത്തിയിട്ടില്ല. വിട്ടുനല്‍കണമെന്ന ഇന്ത്യയുടെ ആവശ്യത്തോട് പ്രതികരിച്ചിട്ടുമില്ല. 37-രാഷ്ട്രീയ റൈഫ്ള്‍സ് വിഭാഗത്തിലെ സൈനികനായ ചന്ദു ബാബുലാല്‍ മഹാരാഷ്ട്രയിലെ ധുലെ സ്വദേശിയാണ്. മൂന്നു വര്‍ഷം മുമ്പാണ് കരസേനയില്‍ ചേര്‍ന്നത്. മൂന്നു മാസം മുമ്പാണ് പൂഞ്ചില്‍ നിയോഗിച്ചത്. ബുധനാഴ്ച അര്‍ധരാത്രിക്കുശേഷം അതിര്‍ത്തിയില്‍ മിന്നല്‍ പ്രഹരം നടത്തിയ ഇന്ത്യന്‍ സൈനികരില്‍ ഒരാളെ ജീവനോടെ പിടികൂടിയെന്നും എട്ടു സൈനികരെ വധിച്ചെന്നുമാണ് പാകിസ്താന്‍ പറഞ്ഞത്. ഇന്ത്യന്‍ സൈനികന്‍ പാകിസ്താന്‍െറ കസ്റ്റഡിയിലുള്ള കാര്യം സ്ഥിരീകരിച്ചെങ്കിലും, പിടികൂടിയ സാഹചര്യം വ്യത്യസ്തമാണെന്നാണ് കേന്ദ്രസര്‍ക്കാര്‍ പറയുന്നത്.
അതിര്‍ത്തി നിയന്ത്രണരേഖയില്‍ കാവലിന് നിയോഗിക്കപ്പെട്ട സൈനികരില്‍ ഒരാളായിരുന്നു ചന്ദു ബാബുലാല്‍. നിരീക്ഷണ സഞ്ചാരത്തിനിടയില്‍ വഴിതെറ്റി അതിര്‍ത്തിക്കപ്പുറത്തേക്ക് പോവുകയും പിടിയിലാവുകയും ചെയ്തുവെന്ന് സര്‍ക്കാര്‍ വിശദീകരിച്ചു. എന്നാല്‍, മിന്നല്‍ പ്രഹരം നടത്തിയ അതേ രാത്രിതന്നെ വഴിതെറ്റി സൈനികന്‍ പിടിയിലായെന്ന വിശദീകരണത്തില്‍ പൊരുത്തക്കേട് കാണുന്നവര്‍ ഏറെ. രാഷ്ട്രീയ റൈഫ്ള്‍സ് തീവ്രവാദി-ഒളിപ്പോര്‍ പ്രതിരോധ സേനയാണ്. മിന്നല്‍ പ്രഹരത്തിന്‍െറ വിജയം ആഘോഷിക്കുമ്പോള്‍ തന്നെയാണ് ഒരു സൈനികന്‍ ജീവനോടെ പാക് പിടിയില്‍ കഴിയുന്നത്. മിന്നല്‍ പ്രഹരം നടത്തിയ സംഘത്തിലെ അംഗമായാലും വഴിതെറ്റി നിയന്ത്രണരേഖ കടന്നതായാലും പാക് പിടിയിലായ സൈനികന്‍െറ മോചനം നിലവിലെ സാഹചര്യങ്ങളില്‍ ഒട്ടും എളുപ്പമല്ല. പാക് പട്ടാളത്തിന്‍െറ കൈയില്‍പെട്ട സൈനികന്‍ കടുത്ത ഭേദ്യംചെയ്യലും ചോദ്യംചെയ്യലും നേരിടേണ്ടിവന്നേക്കും.
സാധാരണ നിലക്കാണെങ്കില്‍ സൈനികനെ ഇന്ത്യക്ക് കൈമാറേണ്ടതാണ്. എന്നാല്‍, ഇപ്പോഴത്തെ സാഹചര്യം വ്യത്യസ്തമാണ്. മിന്നല്‍ പ്രഹരത്തില്‍ തങ്ങളുടെ രണ്ടു പട്ടാളക്കാര്‍ കൊല്ലപ്പെട്ടതായി പാകിസ്താന്‍തന്നെ വെളിപ്പെടുത്തിയിട്ടുമുണ്ട്. പിടിയിലായ സൈനികന്‍ ഇത്തരം വിഷയങ്ങളുടെ ഇരയായി മാറിയിരിക്കുകയാണ്. സൈനികനെ വിട്ടുകിട്ടുന്നതിന് നടപടി സ്വീകരിക്കുന്നുണ്ടെന്ന് ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ് കഴിഞ്ഞദിവസം പറഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.