ആണവ ദാതാക്കളുടെ സംഘത്തില്‍ അംഗമാവാന്‍ എന്‍.പി.ടി ഒപ്പിടേണ്ടതില്ല: ഇന്ത്യ

ന്യൂഡല്‍ഹി: ആണവ ദാതാക്കളുടെ സംഘത്തില്‍ (ന്യൂക്ളിയര്‍ സപ്ളയേഴ്സ് ഗ്രൂപ് -എന്‍.എസ്.ജി) അംഗമാവാന്‍ ഇന്ത്യ ആണവ നിര്‍വ്യാപന കരാര്‍ (എന്‍.പി.ടി) ഒപ്പിടേണ്ടതുണ്ടെന്ന ചൈനയുടെ വാദത്തിനെതിരെ ഇന്ത്യ. എന്‍.പി.ടി ഒപ്പിടാതെയാണ് ഫ്രാന്‍സ് സംഘത്തില്‍ അംഗമായതെന്ന് വിദേശകാര്യ വക്താവ് വികാസ് സ്വരൂപ് ചൂണ്ടിക്കാട്ടി. ഇക്കാര്യത്തില്‍ ആശയക്കുഴപ്പം നിലനില്‍ക്കുന്നതായാണ് കരുതുന്നതെന്ന് അദ്ദേഹം പറഞ്ഞു. അത് എന്‍.എസ്.ജിയും അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സിയുടെ സുരക്ഷാ മാനദണ്ഡങ്ങളും കയറ്റുമതി നിയന്ത്രണങ്ങളുമായി ബന്ധപ്പെട്ടാണ്.

എന്‍.എസ്.ജി അംഗങ്ങള്‍ സുരക്ഷാ മാനദണ്ഡങ്ങളും കയറ്റുമതി നിയന്ത്രണങ്ങളും മാനിക്കേണ്ടതുണ്ട്. എന്‍.എസ്.ജിയുടെ മാര്‍ഗനിര്‍ദേശങ്ങള്‍ക്കനുസരിച്ചാവണം ആണവ ഇടപാടുകള്‍. ആണവ കയറ്റുമതി നിയന്ത്രണത്തിനുള്ള അനൗപചാരിക സംവിധാനമാണ് എന്‍.എസ്.ജി. കുറച്ചുകാലം എന്‍.പി.ടി ഒപ്പിടാതിരുന്ന ഫ്രാന്‍സ്, എന്‍.എസ്.ജിയുടെ ലക്ഷ്യങ്ങളെ മാനിക്കുന്നതായി അംഗീകരിച്ച കാലം മുതല്‍ അതിന്‍െറ അംഗമായിരുന്നു. ഇന്ത്യക്കു പുറമെ മറ്റു നിരവധി രാജ്യങ്ങള്‍ എന്‍.എസ്.ജിയില്‍ അംഗത്വത്തിന് താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.

ചൈനയുടെ നിലപാട് ഏതെങ്കിലും പ്രത്യേക രാജ്യത്തിനെതിരെയല്ളെന്നും എന്‍.പി.ടി ഒപ്പിടാത്ത എല്ലാവരെയും പൊതുവായി ഉള്‍പ്പെടുത്തിയുള്ളതാണെന്നും വികാസ് സ്വരൂപ് പറഞ്ഞു. എന്‍.എസ്.ജി വികാസത്തിനുള്ള പ്രധാന മാനദണ്ഡങ്ങളിലൊന്ന് എന്‍.പി.ടിയായിരിക്കുമെന്ന് ചൈനീസ് വിദേശകാര്യ വക്താവ് ലൂ കാങ് നേരത്തേ പറഞ്ഞിരുന്നു. എന്നാല്‍, അംഗത്വത്തിനായുള്ള ഇന്ത്യയുടെ ശ്രമങ്ങളെ തടയാന്‍ ശ്രമിക്കുന്നുവെന്ന ആരോപണം ശരിയല്ളെന്ന് ചൈനയുടെ വിദേശകാര്യ സഹമന്ത്രി ല്യൂ സെന്‍മിന്‍ വ്യക്തമാക്കിയിരുന്നു.

അതേസമയം ആണവ വിതരണ സംഘടനയില്‍ (എന്‍.എസ്.ജി) അംഗത്വം നേടുന്നതിനായി ഒൗദ്യോഗികമായി അപേക്ഷ നല്‍കിയതായി പാകിസ്താന്‍ അറിയിച്ചു. 48 അംഗ രാജ്യങ്ങളുള്ള സംഘടനയില്‍ അംഗത്വം നേടാനുള്ള ഇന്ത്യയുടെ നീക്കം ചൈന തടഞ്ഞതിനു തൊട്ടുപിന്നാലെയാണ് പാകിസ്താന്‍െറ നീക്കം.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.