ക്രിസ്ത്യന്‍ മിഷേലിനെ ഇന്ത്യക്ക് കൈമാറണമെന്നാവശ്യപ്പെട്ട് നടപടിക്ക് നീക്കം

ന്യൂഡല്‍ഹി: അഗസ്റ്റവെസ്റ്റ്ലന്‍ഡ് കോപ്ടര്‍ ഇടപാടിലെ ഇടനിലക്കാരന്‍ ക്രിസ്ത്യന്‍ മിഷേലിനെ ഇന്ത്യക്ക് കൈമാറാനാവശ്യമായ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് (ഇ.ഡി) വിദേശകാര്യമന്ത്രാലയത്തെ സമീപിക്കും. കോപ്ടര്‍ ഇടപാടില്‍ ആരോപണവിധേയനായ മിഷേല്‍ യു.എ.ഇയിലാണ്. ഇയാളെ ഇന്ത്യക്ക് കൈമാറണമെന്നാവശ്യപ്പെട്ട് യു.എ.ഇക്ക് ഇ.ഡി അപേക്ഷ നല്‍കും.
നേരത്തെ യു.കെയിലായിരുന്ന മിഷേലിനെ കൈമാറണമെന്നാവശ്യപ്പെട്ട് അപേക്ഷ നല്‍കിയിരുന്നുവെങ്കിലും അദ്ദേഹത്തിനെതിരായ കേസുമായി ബന്ധപ്പെട്ട് യു.കെ വിശദീകരണം ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍, സി.ബി.ഐയുടെയും ഇ.ഡിയുടെയും കൈവശം മിഷേലിന്‍െറ ലണ്ടന്‍വിലാസം മാത്രമാണുണ്ടായിരുന്നത്. യു.എ.ഇയാകട്ടെ, ഇയാളുടെ വിവരങ്ങള്‍ നല്‍കണമെന്ന ആവശ്യത്തോട് പ്രതികരിച്ചിട്ടില്ല.

ഒരു മാസം മുമ്പ് റിപ്പോര്‍ട്ട് ചെയ്ത വഞ്ചനക്കേസില്‍ മിഷേലിന്‍െറ പങ്ക് ദുബൈയിലെ ഏജന്‍സികള്‍ അന്വേഷിച്ചുവരുകയാണ്. ഇത് നീളുകയാണെങ്കില്‍ മിഷേലിനെ ഇന്ത്യക്ക് കൈമാറാനുള്ള നടപടികളും വൈകിയേക്കും. താന്‍ അറസ്റ്റ് ചെയ്യപ്പെടില്ളെന്ന് ഉറപ്പുനല്‍കിയാല്‍ കോപ്ടര്‍ ഇടപാട് അന്വേഷണവുമായി സഹകരിക്കാമെന്ന് ക്രിസ്ത്യന്‍ മിഷേല്‍ നേരത്തേ വ്യക്തമാക്കിയിരുന്നു.

മിഷേലിനെതിരെ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കാന്‍ അന്വേഷണ ഏജന്‍സി ഇന്‍റര്‍പോളിനെ സമീപിച്ചിരുന്നു. കടല്‍ക്കൊല കേസില്‍ പ്രതിയായ ഇറ്റാലിയന്‍ നാവികനെ ഇന്ത്യ മോചിപ്പിക്കാത്ത പക്ഷം പ്രധാനമന്ത്രി നരേന്ദ്ര മോദി ഇറ്റലി പ്രധാനമന്ത്രിയുമായി നടത്തിയ സ്വകാര്യസംഭാഷണത്തിന്‍െറ ശബ്ദരേഖ ഇറ്റലി പുറത്തുവിടുമെന്ന് മിഷേല്‍ കഴിഞ്ഞദിവസം മുന്നറിയിപ്പ് നല്‍കിയിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.