ശ്രീനഗര്‍/ന്യൂഡല്‍ഹി: കശ്മീര്‍ താഴ്വരയില്‍ ഏപ്രിലില്‍ 18 തീവ്രവാദികള്‍ നുഴഞ്ഞുകയറിയതായും അവരില്‍ മൂന്നുപേരെ വെടിവെച്ചുകൊന്നതായും സുരക്ഷാ ഏജന്‍സികള്‍ വെളിപ്പെടുത്തി. വടക്കന്‍ കശ്മീരിലെ കുപ്വാര മേഖലയിലൂടെയാണ് തീവ്രവാദികള്‍ നുഴഞ്ഞുകയറിയത്. എന്നാല്‍ 10 പേരേ നുഴഞ്ഞുകയറിയിട്ടുള്ളൂവെന്നാണ് സൈന്യത്തിന്‍െറ നിലപാട്. എന്നാല്‍ സൈന്യത്തിന്‍െറ ഈ വാദത്തെ അടുത്തിടെ നടന്ന സുരക്ഷാ ഏജന്‍സികളുടെ യോഗത്തില്‍ ഡിഫന്‍സ് ഇന്‍റലിജന്‍സ് ഏജന്‍സിയുടെ കൈവശമുള്ള തെളിവുകളുടെ അടിസ്ഥാനത്തില്‍ സുരക്ഷാ ഏജന്‍സികള്‍ ചെറുത്തിരുന്നു. ഏപ്രില്‍ 12ന് ദര്‍ദ്പോറ ഗ്രാമത്തില്‍ നിയന്ത്രണരേഖയിലൂടെ 12 തീവ്രവാദികളടങ്ങിയ ആദ്യസംഘം നുഴഞ്ഞുകയറി.
ലോലബിന് സമീപം ഏപ്രില്‍ 17നാണ് ബാക്കി ആറ് തീവ്രവാദികള്‍ നുഴഞ്ഞുകയറിയത്. നുഴഞ്ഞുകയറിയെന്ന് സൈന്യം വ്യക്തമാക്കിയ 10 തീവ്രവാദികളില്‍ മൂന്നുപേരെ കുപ്വാര ജില്ലയില്‍ ഏപ്രില്‍ 21ന് വെടിവെച്ചുവീഴ്ത്തിയെന്നും പറയുന്നു. നുഴഞ്ഞുകയറ്റമുണ്ടായെന്ന് എല്ലാ സുരക്ഷാ ഏജന്‍സികളും സമ്മതിക്കുന്നുണ്ട്.
റേഡിയോ വേവ് സിഗ്നലുകളും കാലടയാളങ്ങളുമുള്‍പ്പെടെ തെളിവുകള്‍ സൈന്യത്തിന് കൈമാറിയിട്ടുണ്ട്. നിയന്ത്രണരേഖയില്‍ സൈനികരെ മാറ്റി വിന്യസിച്ചതാണ് നുഴഞ്ഞുകയറ്റത്തിന് തീവ്രവാദികളെ സഹായിച്ചതെന്നാണ് വിലയിരുത്തല്‍. നുഴഞ്ഞുകയറിയ തീവ്രവാദികള്‍ ബാണ്ഡിപൂര്‍ വഴി തെക്കന്‍ കശ്മീരിലേക്കും മധ്യകശ്മീരിലേക്കും നീങ്ങിയതായാണ് വിവരം. 2015ല്‍ കശ്മീരിലൂടെ 121 നുഴഞ്ഞുകയറ്റ ശ്രമങ്ങള്‍ ഉണ്ടായി.
ഇവയില്‍ 33 ശ്രമങ്ങള്‍ വിജയകരമായി. 46 തീവ്രവാദികളെ സുരക്ഷാസേന കൊലപ്പെടുത്തുകയും ചെയ്തു. 2014ലുണ്ടായ 222 നുഴഞ്ഞുകയറ്റ ശ്രമങ്ങളില്‍ 65ഉം വിജയകരമായി. 52 തീവ്രവാദികളെ സൈന്യം വകവരുത്തുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.