ഉത്തരാഖണ്ഡ്; ഒമ്പത് എം.എല്‍.എമാരുടെ അയോഗ്യത തുടരും

ന്യൂഡല്‍ഹി: ബി.ജെ.പി പക്ഷത്തേക്ക് മാറിയ ഒമ്പത് കോണ്‍ഗ്രസ് വിമത എം.എല്‍.എമാര്‍ക്ക് ചൊവ്വാഴ്ച വിശ്വാസവോട്ടെടുപ്പില്‍ പങ്കെടുക്കാനാകില്ളെന്ന് സുപ്രീംകോടതി. ഇവരെ അയോഗ്യരാക്കിയ ഉത്തരാഖണ്ഡ് ഹൈകോടതി വിധി സ്റ്റേ ചെയ്യണമെന്ന ആവശ്യം ജസ്റ്റിസുമാരായ ദീപക് മിശ്ര, ശിവകീര്‍ത്തി സിങ് എന്നിവരടങ്ങുന്ന ബെഞ്ച് തള്ളി.

വിമത എം.എല്‍.എമാരെ അയോഗ്യരാക്കിയ നിയമസഭാ സ്പീക്കറുടെ തീരുമാനം ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹരജി തിങ്കളാഴ്ച രാവിലെ 10.30നാണ് ഉത്തരാഖണ്ഡ് ഹൈകോടതി തള്ളിയത്. സ്പീക്കറുടെ നടപടി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് എം.എല്‍.എമാര്‍ക്ക് സ്പീക്കര്‍ ഗോവിന്ദ് സിങ് കുഞ്ജ്വാളിനെ സമീപിക്കാമെന്നു ജസ്റ്റിസ് യു.സി. ധ്യാനി പുറപ്പെടുവിച്ച വിധിയില്‍ വ്യക്തമാക്കിയിരുന്നു.

ധനബില്ലില്‍ തലയെണ്ണിയുള്ള വോട്ടെടുപ്പ് വേണമെന്ന് ബി.ജെ.പി എം.എല്‍.എമാര്‍ക്കൊപ്പം ചേര്‍ന്ന് ഒമ്പത് കോണ്‍ഗ്രസ് വിമതര്‍ ആവശ്യപ്പെട്ടത് കൂറുമാറ്റമല്ളെന്നും ജനാധിപത്യത്തിലെ വിയോജിപ്പ് മാത്രമാണെന്നും അവര്‍ക്ക് വേണ്ടി ഹാജരായ അഡ്വ. ആര്യാമ സുന്ദരം വാദിച്ചു. എന്നാല്‍,ബി.ജെ.പി എം.എല്‍.മാര്‍ക്കൊപ്പം ഒരേ ബസില്‍ ഗവര്‍ണറെ പോയി കണ്ടതും ഗവര്‍ണര്‍ക്ക് മുമ്പിലുള്ള തലയെണ്ണലില്‍ ബി.ജെ.പി സാമാജികര്‍ക്കൊപ്പം അണിനിരന്നതും ബി.ജെ.പി അഖിലേന്ത്യ ജനറല്‍ സെക്രട്ടറി കൈലാഷ് വിജയവര്‍ഗ്യക്കൊപ്പം ഉത്തരാഖണ്ഡിന് പുറത്തേക്ക് പറന്നതും ആദര്‍ശപരമായ മാറ്റത്തിന് തെളിവാണെന്ന് സ്പീക്കറുടെ അഭിഭാഷകന്‍ അഡ്വ. അമിത് സിബല്‍ വാദിച്ചു.

ഈ വിധി വന്ന ഉടന്‍ വിമത എം.എല്‍.എമാരുടെ അഭിഭാഷകന്‍ അഡ്വ. ആര്യാമ സുന്ദരം സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ടി.എസ്. ഠാകുറിന്‍െറ ബെഞ്ചിലത്തെി തങ്ങളുടെ അപ്പീല്‍ അടിയന്തരമായി പരിഗണിക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു. ഉത്തരാഖണ്ഡില്‍ ചൊവ്വാഴ്ച വിശ്വാസ വോട്ടെടുപ്പ് നടത്താന്‍ ഉത്തരവിട്ട ബെഞ്ചിന് മുമ്പാകെ അപ്പീല്‍ സമര്‍പ്പിക്കാന്‍ ചീഫ് ജസ്റ്റിസ് നിര്‍ദേശിച്ചു. ഉച്ചക്ക് ശേഷം ഹരജി പരിഗണിച്ച ജസ്റ്റിസ് ദീപക് മിശ്രയുടെ നേതൃത്വത്തിലുള ബെഞ്ച് ഹൈകോടതി ഉത്തരവ് സ്റ്റേ ചെയ്യണമെന്ന ആവശ്യം തള്ളി. അപ്പീല്‍ പരിഗണിക്കാനായി ജൂലൈ 12ലേക്ക് മാറ്റി.

ധനബില്ലിന്മേല്‍ നടന്ന വോട്ടെടുപ്പില്‍ സര്‍ക്കാറിനെതിരെ വോട്ട് ചെയ്തതുകൊണ്ട് മാത്രം അയോഗ്യരാക്കാനാവില്ളെന്നായിരുന്നു വിമത എം.എല്‍.എമാരുടെ വാദം. ഈ വാദം ഖണ്ഡിച്ച സുപ്രീംകോടതി, സര്‍ക്കാറിനുള്ള പിന്തുണ പിന്‍വലിക്കുന്നതായി ചൂണ്ടിക്കാട്ടി ഗവര്‍ണര്‍ക്ക് വിമതര്‍ നല്‍കിയ കത്ത് കൂറുമാറ്റത്തിനുള്ള തെളിവായി പരിഗണിച്ചുകൂടേയെന്ന് ചോദിച്ചു. സ്പീക്കറുടെ നടപടിയിലോ ഹൈകോടതി ഉത്തരവിലോ പിഴവുകളില്ളെന്നു വ്യക്തമാക്കിയ കോടതി ഹരജിയില്‍ അടിയന്തരമായി ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കേണ്ട കാര്യമില്ളെന്നും കൂട്ടിച്ചേര്‍ത്തു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.