ന്യൂഡല്‍ഹി: രാഷ്ട്രപതി ഭരണം തുടരുന്ന ഉത്തരാഖണ്ഡില്‍ സുപ്രീംകോടതിയുടെ മേല്‍നോട്ടത്തില്‍ മുഖ്യമന്ത്രി ഹരീഷ് റാവത്ത് വിശ്വാസവോട്ട് തേടുന്ന കാര്യത്തില്‍ അഭിപ്രായമറിയിക്കാന്‍ ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് കേന്ദ്ര സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. കേന്ദ്ര സര്‍ക്കാറിന്‍െറ അഭിപ്രായം ബുധനാഴ്ചതന്നെ സുപ്രീംകോടതിയെ അറിയിക്കണമെന്നും ആവശ്യപ്പെട്ടു.
ഉത്തരാഖണ്ഡിലെ രാഷ്ട്രപതി ഭരണം റദ്ദാക്കിയ ഹൈകോടതി വിധിക്കെതിരെ കേന്ദ്ര സര്‍ക്കാര്‍ സമര്‍പ്പിച്ച അപ്പീലിലാണ് സുപ്രീംകോടതി നടപടി. നേരത്തേ ഇതേ അഭിപ്രായം പ്രകടിപ്പിച്ച സുപ്രീംകോടതി ചൊവ്വാഴ്ച ഉത്തരാഖണ്ഡ് കേസ് പരിഗണിച്ചപ്പോള്‍ വിശ്വാസവോട്ടിന്‍െറ കാര്യത്തില്‍ കേന്ദ്രം നിലപാട് അറിയിക്കണമെന്നും അതറിഞ്ഞ ശേഷം വാദം തുടരാമെന്നും വെക്കുകയായിരുന്നു. രാഷ്ട്രപതി ഭരണം റദ്ദാക്കി പുറപ്പെടുവിച്ച വിധി രേഖാമൂലം കക്ഷികള്‍ക്ക് ലഭ്യമാക്കിയില്ല എന്ന കേന്ദ്ര സര്‍ക്കാറിന്‍െറ വാദം അംഗീകരിച്ചാണ് ഉത്തരാഖണ്ഡില്‍ രാഷ്ട്രപതി ഭരണം റദ്ദാക്കിയ ഹൈകോടതി വിധി സുപ്രീംകോടതി ഉടനടി സ്റ്റേ ചെയ്തത്. തുടര്‍ന്ന് സ്റ്റേ സുപ്രീംകോടതി വീണ്ടും നീട്ടി. രാഷ്ട്രപതി ഭരണം പിന്‍വലിച്ച് ബദല്‍ സര്‍ക്കാര്‍ രൂപവത്കരണത്തിനുള്ള നീക്കങ്ങളൊന്നും തങ്ങളുടെ ഭാഗത്തുനിന്നുണ്ടാവില്ളെന്ന് സുപ്രീംകോടതി ഉത്തരവിന്‍െറ അടിസ്ഥാനത്തില്‍ അറ്റോണി ജനറല്‍ മുകുള്‍ റോത്തഗി രേഖാമൂലം ഉറപ്പുനല്‍കിയിട്ടുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.