ഒരു പക്ഷി നിരീക്ഷക സംഘത്തോടൊപ്പം ആ കുട്ടിക്കൂട്ടം കാടിന്‍റെ ഉള്ളിലേക്ക് പ്രവേശിച്ചു. കരിയിലയിലൂടെ ശബ്ദമുണ്ടാക്കാതെ അവര്‍ നടന്നു. പതിഞ്ഞ ശബ്ദത്തില്‍ പരസ്പരം മന്ത്രിച്ചു. അവര്‍ കാടിനെ അറിയുകയായിരുന്നു. എവിടെയോ ഇരുന്ന് മരംകൊത്തിയുടെ ടുക്ക്-ടുക്ക്-ടുക്ക് ശബ്ദം. നിരീക്ഷക സംഘത്തലവന്‍ മുകളിലെ കൊമ്പുകളിലേക്ക് കൈചൂണ്ടി. ചുവന്ന തലയും മഞ്ഞക്കഴുത്തുമുള്ള ഒരു സുന്ദരന്‍ ആ കൊമ്പില്‍ ഇരിക്കുന്നു. ‘കോപ്പര്‍സ്മിത്ത് ബാര്‍ബെറ്റ്’ എന്നാണ് അതിന്‍റെ പേരെന്ന് സൗരജിത് ഗോഷല്‍ പതിയെ അവര്‍ക്ക് പറഞ്ഞുകൊടുത്തു. അദ്ദേഹം തന്‍റെ ബൈനോക്കുലര്‍ കൊണ്ട് പക്ഷികളെ തേടിക്കൊണ്ടിരുന്നു.
അതിവേഗം നഗരവല്‍ക്കരിക്കപ്പെടുകയും അതോടൊപ്പം മലിനീകരിക്കപ്പെടുകയും ചെയ്യുന്ന രാജ്യ തലസ്ഥാനത്തിന് തൊട്ടരികില്‍, ഹരിയാന സംസ്ഥാനത്തിലെ ഗുഡ്ഗാവിന്‍റെ പ്രാന്തത്തില്‍ പ്രകൃതി രഹസ്യമായി കാത്തുസൂക്ഷിച്ച കനിയായിരുന്നു ഈ കാട്. ‘മംഗാര്‍ ബനി’ എന്നാണ് ആരവല്ലി പര്‍വത നിരയില്‍പെട്ട, നിബിഢമായ പച്ചപ്പിനാല്‍ സമൃദ്ധമായ ഈ വനമേഖലയുടെ പേര്. വംശനാശ ഭീഷണി നേരിടുന്ന പക്ഷി മൃഗാദികള്‍ അടക്കമുള്ളവയുടെ വിഹാര ഭൂമിക. ഇവിടെയുള്ള മരങ്ങളില്‍ കത്തിവെക്കുന്നത് പാപമാണെന്ന് വിശ്വസിച്ച് പോരുന്ന ഗ്രാമവാസികള്‍ തന്നെയായിരുന്നു നൂറ്റാണ്ടുകളായി ഈ കാടിന്‍റെ സംരക്ഷകര്‍. ‘ആരെങ്കിലും അവരുടെ ആവശ്യത്തിന് ഈ കാട്ടില്‍ നിന്ന് ഒരു ചുള്ളിക്കമ്പെങ്കിലും ഒടിച്ചെടുത്താല്‍ ദൗര്‍ഭാഗ്യം നിങ്ങളെ വിടാതെ പിന്തുടരും. നിങ്ങളുടെ വീടിന് തീപിടിക്കും. ഞങ്ങളുടെ ആ കരുതലും ഭയവുമാണ് ആയിരക്കണക്കിന് വര്‍ഷങ്ങളായി ഈ കാടിനെ നിലനിര്‍ത്തിയതെ’ന്ന് 90കാരനായ ഫത്തേഹ് സിങ്ങ് പറയുമ്പോള്‍ നൂറ്റാണ്ടുകളായി ആ മനുഷ്യരും കാടും തമ്മിലുള്ള ബന്ധത്തിന്‍റെ ആഴം അനാവൃതമാവുന്നു. കാട്ടുതീ പടരുകയും രാജ്യം കടുത്ത വരള്‍ച്ചയിലും ചൂടിലും എരിയുകയും ചെയ്യുന്ന ഈ വേളയില്‍ മംഗാര്‍ ബനി വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്.
ഈ കാട്ടുഭൂമിയില്‍ കഴിഞ്ഞ രണ്ട് ദശകങ്ങളായി പടര്‍ന്നു കയറിയത് മരങ്ങളും വള്ളികളുമല്ല. മറിച്ച് ‘കെട്ടിടക്കൊടുമരങ്ങള്‍’ ആണ്. ഓഫിസ് കെട്ടിടങ്ങളും മാളുകളും നൈറ്റ്ക്ളബുകളും എല്ലാം ചേര്‍ന്ന് നൂറുകണക്കിന് ഏക്കര്‍ വനഭൂമിയെ ഇല്ലാതാക്കിയിരിക്കുന്നു. 200 ഏക്കര്‍ ഭൂമിയാണ് കെന്‍വുഡ് മെര്‍ക്കന്‍റൈല്‍ കമ്പനി മാത്രം കൈവശപ്പെടുത്തിയത്.
റിയല്‍ എസ്റ്റേറ്റ് കമ്പനികളും ഈ മേഖലയിലെ മറ്റ് നിര്‍മിതികളും കാടിന് കടുത്ത ഭീഷണിയുയര്‍ത്തിക്കൊണ്ടിരിക്കുകയാണ്. രാജ്യതലസ്ഥാനം നഗര വികസനത്തില്‍ കുതിക്കുമ്പോള്‍ മറുവശത്ത് ഭൂഗര്‍ഭജല നിരപ്പ് അപകടകരമാംവിധം താഴ്ന്നുകൊണ്ടിരിക്കുന്നുവെന്ന ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തു വന്നു. ഗുഡ്ഗാവിലെ ചില ഭാഗങ്ങളില്‍ ഭൂഗര്‍ഭ ജലനിരപ്പ് ഉപരിതലത്തില്‍ നിന്നും 300 അടി താഴ്ചയിലേക്ക് പിന്‍വലിഞ്ഞിരിക്കുന്നു എന്ന് കണ്ടത്തെി. രണ്ട് ദശകങ്ങള്‍ക്ക് മുമ്പ് 50 അടി മാത്രം താഴ്ചയില്‍ ആയിരുന്നു ഭൂഗര്‍ഭ ജലവിതാനം. മേഖലയിലെ ‘നിര്‍മാണ വിസ്ഫോടനം’ ആണ് തലസ്ഥാനത്തെയും അതിന്‍റെ പ്രാന്തപ്രദേശങ്ങളെയും ജല ദൗര്‍ലഭ്യതയിലേക്ക് തള്ളിവിട്ടതെന്ന് വിദഗ്ധര്‍ ചുണ്ടിക്കാട്ടുന്നു.
എന്നാല്‍, പരിസ്ഥിതി സ്നേഹികള്‍ വിവിധ കോടതികളില്‍ നടത്തിവരുന്ന നിയമ യുദ്ധത്തിനൊടവില്‍ നിര്‍മാണ ലോബികള്‍ക്ക് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പെടുത്തിയിരിക്കുകയാണ് ഹരിയാന സര്‍ക്കാര്‍. കാട് നിരീക്ഷിക്കുന്നതിനായി ഫോറസ്റ്റ് ഗാര്‍ഡുകളെ രംഗത്തിറക്കി. ഒരു ചെറു യുദ്ധ സമാനമായ സ്ഥിതി വിശേഷമാണ് ഇവിടെ നിലനില്‍ക്കുന്നതെന്ന് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ആയ മൃഗേന്ദ ധരി സിന്‍ഹ പറഞ്ഞു. ‘ഇവിടെയുള്ള സ്റ്റീല്‍, ഗ്ളാസ് നിര്‍മാണ ലോബികള്‍ക്ക് വികസനത്തെക്കുറിച്ച് മാത്രമാണ് പറയാനുള്ളത്. എന്നാല്‍, ഞങ്ങള്‍ക്ക് വേണ്ടത് വെള്ളവും കാടുമാണ്’- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
1980കളില്‍ ആണ് മംഗാര്‍ ബനി നിയമ പോരാട്ടത്തിന്‍റെ വേദിയായി മാറിയത്. ആ സമയത്ത് റിയല്‍ എസ്റ്റേറ്റ് കമ്പനികളും വ്യവസായ ഭീമന്‍മാരും ഗ്രാമീണരില്‍ നിന്ന് ഭൂമികള്‍ വാങ്ങാന്‍ ക്യൂവില്‍ നില്‍ക്കുകയായിരുന്നു. തങ്ങളുടെ ആവാസ വ്യവസ്ഥക്ക് സംഭവിച്ച അപകടം തിരിച്ചറിയുമ്പോഴേക്ക് ഇവര്‍ ഭൂമിയെല്ലാം കൈക്കലാക്കിയിരുന്നു. മരങ്ങള്‍ വ്യാപകമായി വെട്ടി മുറിക്കാന്‍ തുടങ്ങി. അവിടെ കൂറ്റന്‍ കെട്ടിടങ്ങള്‍ പൊങ്ങി വന്നു. വനഭൂമി കൃഷിഭൂമിയാക്കി ഉത്തരവിറക്കണമെന്നാവശ്യപ്പെട്ട് 90റോളം അപേക്ഷകള്‍ ആണ് റിയല്‍ എസ്റ്റേറ്റ് കമ്പനികള്‍ സര്‍ക്കാറിനു മുമ്പാകെ വെച്ചത്. എന്നാല്‍, പരിസ്ഥിതി സ്നേഹികളുടെ ഇടപെടല്‍ ഇവര്‍ക്ക് മുന്നില്‍ തടസ്സം തീര്‍ത്തു. നിര്‍മാണ ലോബികള്‍ അടങ്ങിയിരുന്നില്ല. വേനല്‍ കാലത്ത് എടുത്ത കരിഞ്ഞ കാടിന്‍റെ ഫോട്ടോകള്‍ ഹരിത ട്രൈബ്യൂണലിനു മുമ്പാകെ അവര്‍ വെച്ചു. അവിടെ കാടില്ളെന്ന് തെളിയിക്കാനായിരുന്നു ഇത്. എന്നാല്‍, മണ്‍സൂണിനുശേഷം എടുത്ത ഇടതൂര്‍ന്ന കാടിന്‍റെ ഫോട്ടോ എതിര്‍ കക്ഷികളും കോടതിയില്‍ വെച്ചു. ഇതോടെ കമ്പനികളുടെ വാദം പൊളിഞ്ഞു. ഒരു ലക്ഷത്തിലേറെ വന്‍ മരങ്ങള്‍ ഈ കാട്ടില്‍ ഉണ്ടെന്നും 30 ഇനം അപൂര്‍വ വൃക്ഷങ്ങള്‍ ഇതില്‍ ഉള്‍പ്പെടുമെന്നും കോടതിയില്‍ റിപോര്‍ട്ട് നല്‍കി.
കാര്യത്തിന്‍റെ ഗൗരവം തിരിച്ചറിഞ്ഞ ഹരിയാന സര്‍ക്കാര്‍ കാട് നിരീക്ഷിക്കാനായി നാല് ഹെലികോപ്ടര്‍ രംഗത്തിറക്കി. ഏറ്റവും ഒടുവില്‍, ഈ വര്‍ഷം മുതല്‍ കാട്ടിലും ചുറ്റിനുമുള്ള 1200 ഏക്കര്‍ ബഫര്‍ സോണിലും പുതിയ നിര്‍മാണങ്ങള്‍ നിരോധിച്ചു. ഇതോടെ കെന്‍വുഡ് അടക്കമുള്ള വ്യവസായ ഭീമന്‍മാര്‍ക്ക് ഈ മേഖലയിലേക്ക് പ്രവേശനം നിഷേധിക്കപ്പെട്ടു.
മംഗാര്‍ ബനി കാടിനെ സംരക്ഷിക്കാനായി ഉറച്ച തീരുമാനമെടുത്തതായി മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടാര്‍ പറയുന്നു. ഈ മേഖലയിലെ കാടും വെള്ളവും സംരക്ഷിക്കുന്നതിന്‍റെ അടിസ്ഥാനത്തില്‍ ആയിരിക്കും ദേശീയ തലസ്ഥാനത്തിന്‍റെ നിലനില്‍പ്പെന്നും ഖട്ടാര്‍ മുന്നറിയിപ്പ് നല്‍കി. ഭാവി തലമുറയോട് നമുക്ക് ഉത്തരവാദിത്തമുണ്ട്. പാരിസ്ഥിതികമായി ദുര്‍ബലമായ ഈ മേഖലയില്‍ നിന്നും റിയല്‍ എസ്റ്റേറ്റ് ഭീമന്‍മാരെ പൂര്‍ണമായും പുറത്താക്കുമെന്നും അദ്ദേഹം പറയുന്നു. ഈ നിയമ യുദ്ധത്തിലൂടെ 667 ഏക്കര്‍ വനഭൂമിയാണ് റിയല്‍ എസ്റ്റേറ്റ്- ഡവലപേഴ്സ് ലോബികളില്‍ നിന്നായി നാട്ടുകാര്‍ തിരിച്ചുപിടിച്ചത്. തങ്ങളുടെ വിശ്വാസ സംരക്ഷണത്തിലെ വിജയം ആയാണ് ഗ്രാമീണരിലെ തലമുതിര്‍ന്നവര്‍ ഈ പോരാട്ടത്തെ കാണുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.