ന്യൂഡല്‍ഹി: മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ (എം.സി.ഐ) ഘടനയും പ്രവര്‍ത്തനവും ഉടച്ചുവാര്‍ക്കാനുള്ള സുപ്രധാനവിധിയില്‍ സുപ്രീംകോടതി മൂന്നംഗ വിദഗ്ധസമിതിയെ നിയോഗിച്ചു. മെഡിക്കല്‍, ഡെന്‍റല്‍ ബിരുദ-ബിരുദാനന്തര കോഴ്സുകള്‍ക്ക് ദേശീയ പ്രവേശപരീക്ഷ (നീറ്റ്) നടത്താനുള്ള വിധിക്കുപിറകെയാണ് മധ്യപ്രദേശിലെ മെഡിക്കല്‍ കോളജുകളുമായി ബന്ധപ്പെട്ട കേസില്‍ ജസ്റ്റിസ് അനില്‍ ആര്‍. ദവെ അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാബെഞ്ചിന്‍െറ സുപ്രധാനവിധി.
മുന്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ആര്‍.എം. ലോധ അധ്യക്ഷനായ സമിതിയില്‍ മുന്‍ സി.എ.ജി വിനോദ് റായ്, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലിവര്‍ ആന്‍ഡ് ബിലിയറി സയന്‍സസ് ഡയറക്ടര്‍ ഡോ. ശിവ സരീന്‍ എന്നിവര്‍ അംഗങ്ങളാണ്.
സ്വകാര്യ മെഡിക്കല്‍ കോളജുകളിലെ സീറ്റുകളുടെ 50 ശതമാനം സര്‍ക്കാര്‍ ക്വോട്ടയാക്കി മാറ്റിയ മധ്യപ്രദേശ് സര്‍ക്കാറിന്‍െറ നടപടി ശരിവെച്ച ഹൈകോടതി വിധി ചോദ്യം ചെയ്ത് മാനേജ്മെന്‍റുകള്‍ സമര്‍പ്പിച്ച ഹരജി തള്ളിയാണ് മെഡിക്കല്‍ കൗണ്‍സിലെ അഴിമതിയും ക്രമക്കേടും തടയാനുള്ള സുപ്രീംകോടതി ഇടപെടല്‍.
2014 ജൂലൈയില്‍ കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച പ്രഫ. രഞ്ജിത് റോയ് ചൗധരി കമ്മിറ്റി വൈദ്യമേഖലക്ക് നിയന്ത്രണ ചട്ടക്കൂട് നിര്‍ദേശിച്ചിരുന്നുവെന്ന് സുപ്രീംകോടതി വിധിയില്‍ ചൂണ്ടിക്കാട്ടി. കേന്ദ്രസര്‍ക്കാറിന്‍െറ വിദഗ്ധസമിതി റിപ്പോര്‍ട്ടിലെ ശിപാര്‍ശ നടപ്പാക്കണമെന്ന് നിര്‍ദേശിച്ച സുപ്രീംകോടതി, അതുവരെയുള്ള ബദല്‍സംവിധാനമെന്ന നിലയിലാണ് മേല്‍നോട്ടസമിതിയെ നിയോഗിക്കാന്‍ തീരുമാനിച്ചത്. രണ്ടാഴ്ചക്കകം സമിതി രൂപവത്കരിച്ച് സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിക്കണം. മെഡിക്കല്‍ കൗണ്‍സിലിന്‍െറ ഭരണഘടനാപരമായ പ്രവര്‍ത്തനങ്ങള്‍ക്ക് സമിതി മേല്‍നോട്ടം വഹിക്കും. മെഡിക്കല്‍ കൗണ്‍സിലുമായി ബന്ധപ്പെട്ട മുഴുവന്‍ വിഷയങ്ങളുടെയും പാര്‍ലമെന്‍ററി സമിതിയുടെയും വിദഗ്ധസമിതിയുടെയും ശിപാര്‍ശകളിന്മേലുള്ള തുടര്‍പ്രവര്‍ത്തനങ്ങളുടെയും മേല്‍നോട്ടം ഈ സമിതി നിര്‍വഹിക്കും.
കൗണ്‍സില്‍ ഭാവിയിലെടുക്കുന്ന നയപരമായ മുഴുവന്‍ തീരുമാനങ്ങള്‍ക്കും മൂന്നംഗ സമിതിയുടെ അംഗീകാരം വേണം. തല്‍ക്കാലം ഒരുവര്‍ഷത്തേക്ക് സമിതിയുടെ കാലാവധി നിജപ്പെടുത്തിയ സുപ്രീംകോടതി കേന്ദ്രസര്‍ക്കാര്‍ അതിനകം മെഡിക്കല്‍ കൗണ്‍സില്‍ ഉടച്ചുവാര്‍ക്കുന്നതിനുള്ള ബദല്‍സംവിധാനങ്ങള്‍ ഒരുക്കുമെന്ന് വിശ്വാസം പ്രകടിപ്പിച്ചു.
മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ ഘടനയിലും പ്രവര്‍ത്തനങ്ങളിലും വലിയ മാറ്റങ്ങളാണ് വിദഗ്ധസമിതി ശിപാര്‍ശ ചെയ്തതെന്ന് സുപ്രീംകോടതി തുടര്‍ന്നു. പ്രഫ. രഞ്ജിത് റോയ് ചൗധരി സമിതി സമര്‍പ്പിച്ച ശിപാര്‍ശകള്‍ നടപ്പാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഒരു നടപടിയും കൈക്കൊണ്ടില്ളെന്ന് സുപ്രീംകോടതി കുറ്റപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.