ആര്‍.എസ്.എസ് മുഖപത്രത്തില്‍ അഭിഷേക് സിങ്വിയുടെ ലേഖനം

ന്യൂഡല്‍ഹി: ആര്‍.എസ്.എസ് മുഖപത്രമായ ‘പാഞ്ചജന്യ’യിലും ‘ഓര്‍ഗനൈസറി’ലും കോണ്‍ഗ്രസ് വക്താവ് അഭിഷേക് മനു സിങ്വിയുടെ ലേഖനം. പ്രസിദ്ധീകരണങ്ങളുടെ ഗെസ്റ്റ് കോളത്തിലാണ് അഭിപ്രായസ്വാതന്ത്ര്യം, രാജ്യദ്രോഹം എന്നീ വിഷയങ്ങളെക്കുറിച്ച് സിങ്വി ലേഖനമെഴുതിയത്. സംഘ്പരിവാര്‍ പ്രസിദ്ധീകരണത്തില്‍ എഴുതാന്‍ തനിക്ക് താല്‍പര്യമില്ലായിരുന്നുവെന്നും എന്നാല്‍, മാസികയുടെ ഭാഗത്തുനിന്നുണ്ടായ നിരന്തരമായ അഭ്യര്‍ഥനയെ തുടര്‍ന്നാണ് എഴുതിയതെന്നും സിങ്വി പറഞ്ഞു.

പ്രസിദ്ധീകരണത്തിന് പിന്നിലുള്ളവരുടെ ആശയങ്ങളെ പൂര്‍ണമായി എതിര്‍ത്തുകൊണ്ടാണ് താന്‍ ലേഖനമെഴുതിയതെന്നും ജെ.എന്‍.യു പ്രശ്നത്തില്‍ കനയ്യ കുമാറിന്‍െറയും മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ബിനായക് സെന്നിന്‍െറയും അഭിപ്രായങ്ങളെ ദേശവിരുദ്ധമായി വളച്ചൊടിച്ച സംഘ്പരിവാറിന്‍െറ നിലപാടുകളെ ലേഖനത്തില്‍ വിമര്‍ശിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, തങ്ങളുടെ പ്രസിദ്ധീകരണം ആശയങ്ങളിലെ വൈവിധ്യത്തെ ബഹുമാനിക്കുന്നുണ്ടെന്നും കഴിഞ്ഞ കുറച്ചുകാലമായി സ്വാതന്ത്ര്യം, രാജ്യദ്രോഹം എന്നീ വിഷയങ്ങളില്‍ സംവാദങ്ങള്‍ പ്രസിദ്ധീകരിച്ചുവരുകയാണെന്നും ഓര്‍ഗനൈസര്‍ പത്രാധിപര്‍ പ്രഫുല്ല കേത്കര്‍ പറഞ്ഞു. ഏതാനും മാസങ്ങള്‍ക്കുമുമ്പ് പാഞ്ചജന്യം കേരളത്തെക്കുറിച്ച് നടത്തിയ പരാമര്‍ശത്തിന് മുഖ്യമന്ത്രി  ഉമ്മന്‍ ചാണ്ടിയെഴുതിയ മറുപടിയും മാസികയില്‍ പ്രസിദ്ധീകരിച്ചിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.