ഉത്തരാഖണ്ഡിൽ രാഷ്ട്രപതിഭരണം ഏർപ്പെടുത്തി

ന്യൂഡൽഹി: ഭരണപ്രതിസന്ധി തുടരുന്ന ഉത്തരാഖണ്ഡിൽ രാഷ്ട്രപതിഭരണം ഏർപ്പെടുത്തി. സംസ്ഥാനത്ത് കടുത്ത ഭരണപ്രതിസന്ധി നിലനിൽക്കുന്നു എന്ന് ഗവർണർ കെ.കെ പോൾ കേന്ദ്ര മന്ത്രിസഭക്ക് റിപ്പോർട്ട് നൽകിയിരുന്നു. ഇതിനെ തുടർന്നാണ് രാഷ്ട്രപതി ഭരണം ഏർപ്പെടുത്താൻ കേന്ദ്ര സർക്കാർ രാഷ്ട്രപതിയോട് ആവശ്യപ്പെട്ടത്.

എം.എൽ.എമാർ കൂറുമാറിയതിനെ തുടർന്നാണ് ഹരീഷ് റാവത്തിൻെറ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാർ പ്രതിസന്ധിയിലായത്. സർക്കാർ രൂപവത്കരണത്തിന് ബി.ജെ.പി അവകാശവാദം ഉന്നയിക്കുകയും ചെയ്തു. നാളെ റാവത്ത് സർക്കാർ വിശ്വാസവോട്ട് നേരിടാനിരിക്കെയാണ് രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയിരുക്കുന്നത്.

ശനിയാഴ്ച രാത്രി വൈകി യോഗം ചേർന്നാണ് രാഷ്ട്രപതിഭരണം ഏർപ്പെടുത്താൻ കേന്ദ്ര മന്ത്രിസഭ തീരുമാനിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദി അസമിൽ തെരഞ്ഞെടുപ്പ് പ്രചാരണം കഴിഞ്ഞ് എത്തിയതിന് ശേഷമായിരുന്നു യോഗം.

ഒമ്പത് വിമത എം.എല്‍.എമാരെ സ്പീക്കര്‍ ഗോവിന്ദ് സിങ് കുഞ്ച്വാള്‍ ശനിയാഴ്ച രാത്രി അയോഗ്യരാക്കിയതായി റിപ്പോർട്ട് വന്നിരുന്നു. ഇവരെ പുറത്താക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി ഹരീഷ് റാവത്ത് സ്പീക്കറെ കണ്ടിരുന്നു. കേന്ദ്ര മന്ത്രിസഭാ യോഗം രാത്രി ചേര്‍ന്നതിന് പിന്നാലെയാണ് സ്പീക്കറുടെ നാടകീയ നീക്കം.

അതിനിടെ ഹരീഷ് റാവത്ത് വിമത എം.എല്‍.എമാര്‍ക്ക് പണം വാഗ്ദാനം ചെയ്യുന്ന ഒളികാമറ ദൃശ്യം കഴിഞ്ഞദിവസം പുറത്തുവന്നു. തിങ്കളാഴ്ച നടക്കുന്ന വിശ്വാസവോട്ടില്‍ പിന്തുണ ആവശ്യപ്പെട്ട് മുഖ്യമന്ത്രി പണം വാഗ്ദാനംചെയ്യുന്ന ദൃശ്യങ്ങള്‍ വിമത എം.എല്‍.എമാരായ സാകേത് ബഹുഗുണ, ഹരക് സിങ് റാവത്ത്, സുബോധ് ഉനിയാല്‍ എന്നിവരാണ് പുറത്തുവിട്ടത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.