പ്രതിഷേധം പടരുന്നു; തെലങ്കാന നിയമസഭ തടസ്സപ്പെട്ടു

ഹൈദരാബാദ്: ഹൈദരാബാദ് സര്‍വകലാശാലയില്‍ വിദ്യാര്‍ത്ഥികള്‍ക്കുനേരെ നടക്കുന്ന അതിക്രമങ്ങളോടുള്ള പ്രതിഷേധം കനക്കുന്നു. വിദ്യാര്‍ത്ഥി പ്രശ്നത്തില്‍ തെലങ്കാന നിയമസഭ പത്തു മിനിട്ട് നേരത്തേക്ക് നിര്‍ത്തിവെക്കേണ്ടി വന്നു. പ്രതിപക്ഷമായ കോണ്‍ഗ്രസ് വിഷയത്തിന്‍മേല്‍ ചര്‍ച്ചയാവശ്യപ്പെട്ട് രംഗത്തത്തെിയതോടെയാണ് സഭ നിര്‍ത്തിവെച്ചത്.  ശൂന്യവേളക്കു ശേഷം അടിയന്തര പ്രമേയത്തിന്‍റെ കാര്യം ചര്‍ച്ച ചെയ്യാമെന്ന് നിയമസഭാ കാര്യ മന്ത്രി ടി. ഹരീഷ് റാവു അറിയിച്ചെങ്കിലും പ്രതിപക്ഷാംഗങ്ങള്‍ പ്രതിഷേധം തുടര്‍ന്നതോടെ തല്‍ക്കാലത്തേക്ക് സഭ പിരിഞ്ഞു.
സമരത്തിലേര്‍പെട്ടിരിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പ്രത്യക്ഷ പിന്തുണയോടെ തെലങ്കാന കോണ്‍ഗ്രസ് രംഗത്തത്തെി. വിദ്യാര്‍ഥികളെ തടവിലിട്ടിരിക്കുന്ന ചേരാപ്പള്ളി ജയില്‍  കോണ്‍ഗ്രസ് നേതാവ് എന്‍. ഉത്തംകുമാര്‍ റെഡ്ഡി  സന്ദര്‍ശിച്ചിരുന്നു. തെലങ്കാന സര്‍ക്കാര്‍ വിദ്യാര്‍ഥികളുടെ നേര്‍ക്ക് ഏകാധിപത്യ മനോഭാവത്തോടെയാണ് പ്രവര്‍ത്തിക്കുന്നതെന്നും വിദ്യാര്‍ഥികളുടെ ജീവന്‍ കൊണ്ടാണ് ഇവര്‍ കളിക്കുന്നതെന്നും റെഡ്ഡി പറഞ്ഞു.

ഡല്‍ഹിയിലെ തെലങ്കാന ഹൗസിനു മുന്നിലും ഇന്ന് വിദ്യാര്‍ത്ഥികള്‍ പ്രതിഷേധം പ്രകടനം നടത്തി. അതിനിടെ, രോഹിതിന്‍റെ മരണത്തില്‍ കുറ്റാരോപിതനായ വൈസ് ചാന്‍സലര്‍ അപ്പ റാവു , സര്‍വകലാശാലയുടെ സുഗമമായ പ്രവര്‍ത്തനത്തിന് വിദ്യാര്‍ത്ഥികളുടെയും അധ്യാപകരുടെയും സഹകരണം അഭ്യര്‍ത്ഥിച്ചു. സ്ഥാപനത്തിന്‍റെ നല്ല നിലയില്‍ ഉള്ള പ്രവര്‍ത്തനങ്ങള്‍ക്ക് വിദ്യാര്‍ത്ഥികളുടെയും അധ്യാപകരുടെയും സഹകരണം ആവശ്യമാണെന്നും അത് തടസ്സപ്പെട്ടാല്‍ സര്‍വകലാശാലയുടെ സല്‍പേരിന് കളങ്കമേല്‍ക്കുമെന്നും അഭിപ്രായ- ആവിഷ്കാര സ്വാതന്ത്ര്യത്തിന് എന്നും സര്‍വകലാശാല ഒപ്പം നിന്നിട്ടുണ്ടെന്നും വി.സി പ്രസ്താവനയില്‍ പറഞ്ഞു. എന്നാല്‍, രോഹിത് വെമുലയുടെ മരണത്തിനു കാരണക്കാരനായ വി.സി രാജി വെക്കുംവരെ സമരം തുടരും എന്ന നിലപാടിലാണ് സമര സമിതി. കടുത്ത പ്രതിസന്ധികള്‍ക്കിടയിലും സമര രംഗത്ത് ഉറച്ചു നില്‍ക്കുകയാണ് അവര്‍.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.