ഉത്തരാഖണ്ഡില്‍ ബഹുഗുണയുടെ മകന്‍ സാകേതിനെ കോണ്‍ഗ്രസ് പുറത്താക്കി

ന്യൂഡല്‍ഹി: ഉത്തരാഖണ്ഡില്‍ കൂറു മാറി കോണ്‍ഗ്രസ് സര്‍ക്കാറിനെ പ്രതിസന്ധിയിലാക്കിയതിലെ സൂത്രധാരനായ എം.എല്‍.എ സാകേത് ബഹുഗുണയെ കോണ്‍ഗ്രസ് പുറത്താക്കി. മുന്‍ മുഖ്യമന്ത്രി വിജയ് ബഹുഗുണയുടെ മകനാണ് സാകേത് ബഹുഗുണ. ആറ് മാസത്തേക്കാണ് പാര്‍ട്ടി അംഗത്വത്തില്‍ നിന്നും അദ്ദേഹത്തെ പുറത്താക്കിയിരിക്കുന്നത്.

കോണ്‍ഗ്രസ് ഭരണത്തെ വെട്ടിലാക്കി മറു കണ്ടം ചാടിയ ക്യഷി വകുപ്പ് മന്ത്രി ഹരാക് സിങ് റാവത്തിനെ ശനിയാഴ്ച മുഖ്യമന്ത്രി ഹരിഷ് റാവത്ത് മന്ത്രിസഭയില്‍ നിന്നും പുറത്താക്കിയിരുന്നു.
 
70 അംഗ നിയമസഭയില്‍ 36 എം.എല്‍.എ മാരുടെ പിന്തുണയുള്ള ഹരീഷ് റാവത്ത് സര്‍ക്കാറില്‍ നിന്ന് ഒമ്പത് എം.എല്‍.എമാര്‍ പിന്തുണ പിന്‍വലിച്ചതാണ് രാഷ്ട്രീയ പ്രതിസന്ധിക്ക് കാരണം. കേവല ഭൂരിപക്ഷത്തിനു പുറമെ മറ്റു  ആറ് എം.എല്‍.എ മാരുടെ പിന്തുണ കൂടി ഹരിഷ് റാവത്തിന്‍െറ സര്‍ക്കാറിന് ലഭിച്ചിരുന്നു. ഇവരടക്കം ഒമ്പത് എം.എല്‍.എ മാരാണ് ഇപ്പോള്‍  ബി.ജെ.പിക്കൊപ്പം ചേര്‍ന്നിരിക്കുന്നത്.

28ന് ചേരുന്ന നിയമസഭയില്‍ വിശ്വാസവോട്ട് നേടാന്‍ സര്‍ക്കാറിനോട് ഗവര്‍ണര്‍ കൃഷ്ണ ഗാന്ധ് ആവശ്യപ്പെട്ടിട്ടുണ്ട്. അതേ സമയം കൂറുമാറിയ ഒമ്പത് എം.എല്‍.എ മാര്‍ക്ക് സ്പീക്കര്‍ ഗോവിന്ദ് സിങ് കുജ്വാള്‍ കാരണം കാണിക്കല്‍ നോട്ടീസ് അയച്ചു. കൂറുമാറിയവരും ബി.ജെ.പി എം.എല്‍.എ മാരുമടക്കം 35 പേര്‍ മന്ത്രി സഭ പിരിച്ചു വിടണമെന്നാവശ്യപ്പെട്ട് പ്രസിഡന്‍റ് പ്രണബ് മുഖര്‍ജിയെ കാണാന്‍ തീരുമാനിച്ചിട്ടുണ്ട്.

 

 

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.