കള്ളപ്പണം: ഭുജ്ബല്‍ എന്‍ഫോഴ്സ്മെന്‍റ് കസ്റ്റഡിയില്‍


മുംബൈ: കള്ളപ്പണ കേസില്‍ അറസ്റ്റിലായ മുന്‍ മഹാരാഷ്ട്ര പൊതുമരാമത്ത് മന്ത്രിയും എന്‍.സി.പി നേതാവുമായ ഛഗന്‍ ഭുജ്ബലിനെ സെഷന്‍സ് കോടതി രണ്ടു ദിവസത്തേക്ക് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് (ഇ.ഡി) കസ്റ്റഡിയില്‍ വിട്ടു. 10 മണിക്കൂറിലേറെ നീണ്ട ചോദ്യംചെയ്യലിനൊടുവില്‍ തിങ്കളാഴ്ച രാത്രി 10ഓടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
പൊതുമരാമത്ത് മന്ത്രിയായിരിക്കെ ഡല്‍ഹിയിലെ മഹാരാഷ്ട്ര സദന്‍ പുനര്‍നിര്‍മാണം, നഗരത്തിലെ കലീനയില്‍ ലൈബ്രറിക്ക് ഭൂമി അനുവദിച്ചത് എന്നിവയില്‍ അഴിമതി നടത്തി നേടിയ പണം വെളുപ്പിച്ചതുമായി ബന്ധപ്പെട്ടാണ് ഛഗന്‍ ഭുജ്ബലിനെതിരെ കേസ്. മന്ത്രിസഭ അംഗീകരിച്ച സബ്കമ്മിറ്റിയുടെ നിര്‍ദേശം വകുപ്പുമന്ത്രി എന്നനിലയില്‍ നടപ്പാക്കുക മാത്രമാണ് ചെയ്തതെന്ന വാദത്തില്‍ ഭുജ്ബല്‍ ഉറച്ചുനിന്നു. ഭുജ്ബലിന്‍െറ മറുപടി തൃപ്തികരമല്ളെന്നു പറഞ്ഞാണ് അറസ്റ്റ്. ചൊവ്വാഴ്ച വൈകീട്ട് നാലരയോടെ ഭുജ്ബലിനെ കോടതിയില്‍ ഹാജരാക്കി. ഭുജ്ബല്‍ അന്വേഷണത്തില്‍ സഹകരിക്കുന്നില്ളെന്ന് ഇ.ഡിയുടെ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു. എന്നാല്‍, കണ്ണുനിറഞ്ഞ് ദയയാചിക്കുന്ന ഭുജ്ബലിനെയാണ് കോടതിയില്‍ കണ്ടത്. വയോധികനാണെന്നും രോഗിയാണെന്നും ദയകാട്ടണമെന്നും ഭുജ്ബല്‍ അഭ്യര്‍ഥിച്ചു.
മഹാരാഷ്ട്ര സദന്‍ പുനര്‍നിര്‍മാണ കരാര്‍ ഭുജ്ബലുമായി ബന്ധമുള്ള കമ്പനികള്‍ക്ക് നല്‍കി അവരില്‍നിന്ന് പ്രതിഫലമായി കിട്ടിയ പണം ഭുജ്ബലിന്‍െറ മകനും എം.എല്‍.എയുമായ പങ്കജ് ഭുജ്ബല്‍, സഹോദര പുത്രനും മുന്‍ എം.പിയുമായ സമീര്‍ ഭുജ്ബല്‍ എന്നിവര്‍ ഡയറക്ടര്‍മാരായ കമ്പനികളില്‍ നിക്ഷേപിച്ചെന്നാണ് കേസ്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.