മല്യ നിഷേധിച്ച അഭിമുഖത്തിൻെറ പൂർണരൂപം പുറത്തുവിട്ടു

ന്യൂഡൽഹി: മദ്യരാജാവ് വിജയ് മല്യ നിഷേധിച്ച ഇ-മെയിൽ അഭിമുഖത്തിൻെറ പൂർണരൂപം 'സൺഡേ ഗാർഡിയൻ' പത്രം പുറത്തുവിട്ടു. താൻ ആർക്കും അഭിമുഖം നൽകിയിട്ടില്ലെന്ന് നേരത്തെ മല്യ ട്വിറ്ററിൽ കുറിച്ചിരുന്നു. ഇതിനെ തുടർന്നാണ്  പത്രം അഭിമുഖത്തിൻെറ വിശദാംശങ്ങൾ പുറത്തുവിട്ടത്.

തനിക്ക് ഇന്ത്യയിലേക്ക് വരാൻ ആഗ്രഹമുണ്ടെന്നും എന്നാൽ ഇതല്ല അതിന് പറ്റിയ സമയമെന്നും മല്യ അഭിമുഖത്തിൽ പറഞ്ഞിരുന്നു. ഞാനൊരു ഇന്ത്യക്കാരനാണ്. ഇന്ത്യയിലേക്ക് തിരിച്ചുവരണമെന്ന് ആഗ്രമഹമുണ്ടെങ്കിലും എൻെറ ഭാഗം വ്യക്തമാക്കാനുള്ള അവസരം കിട്ടുമെന്ന് ഉറപ്പില്ല. താൻ കുറ്റവാളിയായി ചിത്രീകരിക്കപ്പെട്ടു കഴിഞ്ഞുവെന്നും മല്യ പറഞ്ഞു.

താൻ പറയുന്ന കാര്യങ്ങൾ അതേപോലെ പ്രസിദ്ധീകരിക്കണമെന്നും കാര്യങ്ങൾ വളച്ചൊടിച്ച് പുറത്തുവിടരുതെന്നും മല്യ പറയുന്നുണ്ട്. എന്നാൽ താൻ എവിടെയാണെന്ന് വെളിപ്പെടുത്താൻ ആഗ്രഹിക്കുന്നില്ലെന്നും തൻെറ സുരക്ഷിതത്വം നഷ്ടപ്പെടുമെന്നും അഭിമുഖത്തിൽ മല്യ വ്യക്തമാക്കി.

താൻ അഭിമുഖം നൽകിയതായ വാർത്ത ഞെട്ടിച്ചു എന്നായിരുന്നു നേരത്തെ മല്യയുടെ പ്രതികരണം.

അതേസമയം, മല്യയുടെ വിദേശ സ്വത്തുവിവരങ്ങള്‍ ലഭിക്കുന്നതിനായി സി.ബി.ഐ കോടതിയെ സമീപിച്ചേക്കും. ഇതിനായുള്ള നിയമ നീക്കങ്ങള്‍ പൂര്‍ത്തിയായിക്കൊണ്ടിരിക്കുകയാണ്. അതു കഴിഞ്ഞാലുടന്‍ സി.ബി.ഐ വിദേശ മന്ത്രാലയവുമായി ബന്ധപ്പെടും.

യു.എസ്, യു.കെ, ഫ്രാന്‍സ്, ഹോങ്കോങ് തുടങ്ങി ഒട്ടനവധി രാജ്യങ്ങളില്‍ മല്യക്ക് സ്വത്തുക്കളുണ്ട്. സാന്‍ഫ്രന്‍സിസ്കോയിലും ഫ്രാന്‍സിലും വന്‍ സ്വത്തുക്കളുള്ളതായി യുനൈറ്റഡ് ബ്രുവറീസ് മുന്‍ സി.എഫ്.ഒ രവി നെടുങ്ങാടി എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിനു (ഇ.ഡി) മുമ്പാകെ മൊഴി നല്‍കിയിരുന്നു. എന്നാല്‍, ഇവയെല്ലാം മല്യ ഉപയോഗിച്ചുവരുന്നതാണെങ്കിലും ഇതിന്‍റെയെല്ലാം നിയമപരമായ അവകാശം മല്യക്ക് തന്നെയാണോ എന്നത് ഉറപ്പില്ലെന്നും രവി നെടുങ്ങാടി പറഞ്ഞിരുന്നു. ഇതിന്‍െറ അടിസ്ഥാനത്തിലാണ് സി.ബി.ഐ യുടെ പുതിയ നീക്കം.

2010ല്‍ തെരഞ്ഞെടുപ്പ് കമ്മീഷനു മുമ്പാകെ നല്‍കിയ സത്യവാങ്മൂലത്തില്‍ തന്‍റെ സമ്പാദ്യത്തില്‍ കാശായി 9500 രൂപയുണ്ടെന്നും മറ്റു സ്വത്തുക്കളോ കടബാധ്യതയോ ഇല്ലെന്നും മല്യ പറഞ്ഞിരുന്നു.

ബാങ്കുകളില്‍ നിന്ന് കോടികൾ കടമെടുത്ത് തിരിച്ചടക്കാതെ ബ്രിട്ടനിലേക്ക് കടന്നുകളഞ്ഞ  വിജയ് മല്യ ഇന്ത്യയിലത്തെി കോടതിയില്‍ പാസ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കഴിഞ്ഞ ദിവസം അറ്റോര്‍ണി ജനറല്‍ മുകള്‍ റോഹ്തഗി ആവശ്യപ്പെട്ടിരുന്നു. 18നുമുമ്പ് അന്വേഷണ ഏജന്‍സിക്ക് മുമ്പാകെ കീഴടങ്ങുകയോ അല്ളെങ്കില്‍ വ്യക്തമായ കാരണങ്ങള്‍ ബോധിപ്പിക്കുകയോ ചെയ്തില്ളെങ്കില്‍ മല്യക്കെതിരെ നിയമ നടപടി എടുക്കുന്നത് സംബന്ധിച്ചും ഇ.ഡി തീരുമാനമെടുത്തിട്ടുണ്ട്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.