കോയമ്പത്തൂര്‍: സൗജന്യ റേഷനരി, മിക്സി, ഗ്രൈന്‍ഡര്‍, ഫാന്‍ തുടങ്ങിയവക്കായി അഞ്ച് വര്‍ഷത്തിനിടെ ജയലളിത സര്‍ക്കാര്‍ ചെലവഴിച്ചത് 43,000 കോടി രൂപ. സൗജന്യ ക്ഷേമ പദ്ധതികള്‍ വോട്ടാക്കി മാറ്റാനാണ് അണ്ണാ ഡി.എം.കെ നീക്കം. ഏറ്റവുമൊടുവില്‍ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ് അണ്ണാ ഡി.എം.കെ പ്രവര്‍ത്തകര്‍ വീടുകള്‍ കയറിയിറങ്ങി ജയലളിതയുടെ ജന്മദിന സമ്മാനമായി മുണ്ട്, സാരി എന്നിവ വിതരണം ചെയ്തു.
സ്റ്റീല്‍ കുടങ്ങളും പാത്രങ്ങളും കുക്കറുകളും മറ്റും വിതരണം ചെയ്ത സ്ഥലങ്ങളും നിരവധിയാണ്. സംസ്ഥാന സര്‍ക്കാറിന്‍െറ സൗജന്യ പദ്ധതികള്‍ക്ക് പുറമെയാണിത്. സൗജന്യ റേഷന്‍ നല്‍കാന്‍ മാത്രം 25,000 കോടി രൂപയാണ് സര്‍ക്കാര്‍ നീക്കിവെച്ചത്. മിക്സി, ഗ്രൈന്‍ഡര്‍, ഫാന്‍ എന്നിവയുടെ വിതരണത്തിന് 7,755 കോടി രൂപ അനുവദിച്ചു. വിദ്യാര്‍ഥികള്‍ക്ക് സൗജന്യ ലാപ്ടോപുകള്‍ നല്‍കിയത് വഴി 4,331.74 കോടി രൂപ ചെലവായി. ദാരിദ്ര്യ രേഖക്ക് താഴെയുള്ള കുടുംബങ്ങളിലെ പെണ്‍കുട്ടികളുടെ വിവാഹത്തിന് സ്വര്‍ണനാണയം ഉള്‍പ്പെടെയുള്ളവ നല്‍കിയ വകയില്‍ 3,324.38 കോടി രൂപ ചെലവഴിച്ചു.
കൃഷി ഉപയോഗത്തിന് സൗജന്യ വൈദ്യുതി നല്‍കിയ ഇനത്തില്‍ 3,319.30 കോടി രൂപ വകയിരുത്തി. ഗ്രാമീണ മേഖലയിലെ കുടുംബങ്ങള്‍ക്ക് ആടുമാടുകളെയും സൗജന്യമായി വിതരണം ചെയ്തു. ഇത്തരത്തില്‍ സൗജന്യഫലം അനുഭവിക്കാത്ത ഒരു കുടുംബംപോലും തമിഴ്നാട്ടില്‍ ഉണ്ടാവില്ളെന്നാണ് അണ്ണാ ഡി.എം.കെയുടെ വാദം. ഇതിനൊക്കെ പുറമെയാണ് ‘അമ്മാ ബ്രാന്‍ഡ്’ പദ്ധതികള്‍. അമ്മാ സിമന്‍റ്, അമ്മാ കാന്‍റീന്‍, അമ്മാ ഫാര്‍മസി, അമ്മാ മിനറല്‍വാട്ടര്‍, അമ്മാ ഉപ്പ് തുടങ്ങിയവ ഇതില്‍ ചിലത് മാത്രം. ക്ഷേമ-വികസന പദ്ധതികള്‍ വിശദീകരിച്ചുള്ള പൊതുയോഗങ്ങള്‍ അണ്ണാ ഡി.എം.കെ സംഘടിപ്പിക്കുന്നുണ്ട്.
എന്നാല്‍, സര്‍ക്കാര്‍ പദ്ധതികള്‍ ‘അമ്മ’ ബ്രാന്‍ഡില്‍ ഇറക്കിയതിനെയാണ് ഡി.എം.കെ വിമര്‍ശിക്കുന്നത്. പ്രകടനപത്രികയില്‍ ഉള്‍പ്പെടുത്തേണ്ട സൗജന്യ പദ്ധതികളെക്കുറിച്ച് ഡി.എം.കെ-അണ്ണാ ഡി.എം.കെ കേന്ദ്രങ്ങളില്‍ സജീവ ചര്‍ച്ചയാണ് നടക്കുന്നത്. മുന്‍ ഡി.എം.കെ സര്‍ക്കാറിന്‍െറ കാലത്ത് കളര്‍ ടി.വികളാണ് സൗജന്യമായി വിതരണം ചെയ്തത്. ദ്രാവിഡ കക്ഷികളുടെ ഈ സൗജന്യ വിതരണത്തിനെതിരെ പാട്ടാളി മക്കള്‍ കക്ഷി ഉള്‍പ്പെടെയുള്ളവ കടുത്ത വിമര്‍ശവുമായി രംഗത്തിറങ്ങിയിട്ടുണ്ടെങ്കിലും അണ്ണാ ഡി.എം.കെ മുഖവിലയ്ക്കെടുക്കുന്നില്ല. സര്‍ക്കാര്‍ വിതരണം ചെയ്ത ഫാന്‍, മിക്സി, ഗ്രൈന്‍ഡര്‍ എന്നിവക്ക് ഗുണമേന്മ ഉണ്ടായിരുന്നില്ളെന്നും ഇതിലൂടെ കോടികളുടെ കൊള്ളയാണ് അരങ്ങേറിയതെന്നും ഡി.എം.കെ ഉള്‍പ്പെടെയുള്ള പ്രതിപക്ഷ കക്ഷികള്‍ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.