ജി.എസ്.ടി: കോണ്‍ഗ്രസ് വിഷമവൃത്തത്തില്‍

ന്യൂഡല്‍ഹി: ചരക്കു സേവന നികുതി സമ്പ്രദായം നടപ്പാക്കുന്നതിന് പശ്ചിമ ബംഗാളിനു പുറമെ കേരള സര്‍ക്കാറും പിന്തുണ പ്രഖ്യാപിച്ചതോടെ കോണ്‍ഗ്രസ് വിഷമവൃത്തത്തിലായി.രാജ്യസഭയില്‍ ജി.എസ്.ടി ബില്‍ പാസാക്കുന്നതിന് തടസ്സമായി നിന്ന പ്രതിപക്ഷ ഐക്യം നേര്‍ത്തുപോയതോടെ, അടുത്ത സാമ്പത്തികവര്‍ഷം പുതിയ നികുതിഘടന കൊണ്ടുവരാമെന്ന പ്രതീക്ഷയിലാണ് മോദി സര്‍ക്കാര്‍.ചരക്കു സേവന നികുതി സമ്പ്രദായത്തിലെ നികുതിഘടന ഉപഭോക്തൃ സംസ്ഥാനമായ കേരളത്തിന് ഗുണകരമായതിനാല്‍ എതിര്‍ക്കില്ളെന്ന് മുഖ്യമന്ത്രി പിണറായി വിജയനും, തീര്‍ച്ചയായും ജി.എസ്.ടി നടപ്പാക്കണമെന്ന് ധനമന്ത്രി തോമസ് ഐസക്കും നിലപാട് വ്യക്തമാക്കിയിട്ടുണ്ട്.

പാര്‍ലമെന്‍റില്‍ സി.പി.എം ജി.എസ്.ടി വ്യവസ്ഥകളെ എതിര്‍ക്കുമ്പോഴാണ് സംസ്ഥാനം ഈ തീരുമാനം കൈക്കൊണ്ടത്. ചില്ലറ വ്യവസ്ഥാമാറ്റത്തോടെ സി.പി.എം വഴങ്ങുമെന്ന സൂചനയാണ് ഇതിലൂടെ പുറത്തുവരുന്നത്.പശ്ചിമ ബംഗാളില്‍ രണ്ടാമൂഴം കിട്ടിയതിനു പിന്നാലെയാണ് രാജ്യതാല്‍പര്യം മുന്‍നിര്‍ത്തി ജി.എസ്.ടി ബില്ലിനെ പിന്തുണക്കുമെന്ന് മുഖ്യമന്ത്രി മമത ബാനര്‍ജി വ്യക്തമാക്കിയത്.നിയമസഭാ തെരഞ്ഞെടുപ്പില്‍ തന്‍െറ പ്രധാന പ്രതിയോഗികളായി നിന്ന സി.പി.എമ്മിനും കോണ്‍ഗ്രസിനും പാര്‍ലമെന്‍റില്‍ പ്രഹരമേല്‍പിക്കുകയും ബി.ജെ.പിയോട് പ്രശ്നാധിഷ്ഠിത ചങ്ങാത്തം ഉണ്ടാക്കുകയുമെന്ന ഇരട്ട തന്ത്രമാണ് മമത പയറ്റുന്നത്.

ജി.എസ്.ടി ബില്ലിനെക്കുറിച്ച സംസ്ഥാന ധനമന്ത്രിമാരുടെ ഉന്നതാധികാര സമിതി യോഗത്തില്‍ പശ്ചിമ ബംഗാളും കേരളവും നിലപാട് അറിയിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍, അടുത്ത മാസം തുടങ്ങുന്ന വര്‍ഷകാല പാര്‍ലമെന്‍റ് സമ്മേളനത്തില്‍ ജി.എസ്.ടി ബില്‍ രാജ്യസഭയില്‍ പാസാക്കാനുള്ള നീക്കം കേന്ദ്രസര്‍ക്കാര്‍ ഊര്‍ജിതപ്പെടുത്തി. ലോക്സഭ പാസാക്കിയ ഭരണഘടനാ ഭേദഗതി ബില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെ വേണം രാജ്യസഭ പാസാക്കാന്‍.കോണ്‍ഗ്രസ് രൂപംനല്‍കിയ ബില്‍തന്നെയാണ് ജി.എസ്.ടി.

എന്നാല്‍, മോദിസര്‍ക്കാര്‍ മുന്നോട്ടുവെച്ച വ്യവസ്ഥകളില്‍ ചില മാറ്റങ്ങള്‍ ആവശ്യപ്പെട്ടാണ് കോണ്‍ഗ്രസ് എതിര്‍പ്പ് തുടരുന്നത്.നികുതിപരിധി 18 ശതമാനമായി നിശ്ചയിക്കണമെന്നാണ് കോണ്‍ഗ്രസിന്‍െറ ആവശ്യം. പ്രതിപക്ഷനിരയില്‍ മമതയുടെയും സി.പി.എമ്മിന്‍െറയും പിന്തുണയില്ളെന്നു വന്നാല്‍, നിലപാട് മയപ്പെടുത്താന്‍ കോണ്‍ഗ്രസ് നിര്‍ബന്ധിതരാകും. കോണ്‍ഗ്രസ് രാഷ്ട്രീയകാരണങ്ങളാല്‍ മാത്രം ബില്ലിനെ എതിര്‍ക്കുന്നുവെന്ന പ്രചാരണം ബി.ജെ.പി ഇപ്പോള്‍തന്നെ നടത്തുന്നുണ്ട്.ജി.എസ്.ടി നടപ്പാക്കുന്നത് ദോഷകരമായി കരുതുന്ന തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ പിന്തുണ കിട്ടണമെന്നുമില്ല. വ്യവസ്ഥാമാറ്റങ്ങളോടെ ജയലളിതയെ ബി.ജെ.പി പാട്ടിലാക്കുകകൂടി ചെയ്താല്‍, കോണ്‍ഗ്രസ് ഒറ്റപ്പെട്ട നിലയിലാകും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.