ബംഗളൂരു: തദ്ദേശീയമായി നിര്‍മിച്ച സൈനിക പരിശീലന വിമാനമായ ഹിന്ദുസ്ഥാന്‍ ടര്‍ബോ ട്രെയ്നര്‍-40ന്‍െറ (എച്ച്.ടി.ടി -40) ആദ്യ പറക്കല്‍ ബംഗളൂരുവിലെ ഹിന്ദുസ്ഥാന്‍ എയ്റോനോട്ടിക്സ് ലിമിറ്റഡ് (എച്ച്.എ.എല്‍) വിമാനത്താവളത്തില്‍ നടന്നു. പ്രതിരോധ മന്ത്രി മനോഹര്‍ പരീകറുടെ സാന്നിധ്യത്തില്‍ വെള്ളിയാഴ്ച രാവിലെ 9.15ഓടെയായിരുന്നു ഉദ്ഘാടന പറക്കല്‍.
15 മിനിറ്റോളം ആകാശയാത്ര നടത്തിയ ശേഷമാണ് റണ്‍വേയില്‍ തിരിച്ചിറക്കിയത്. എച്ച്.എ.എല്‍ റിട്ട. ഗ്രൂപ് ക്യാപ്റ്റന്‍ സുബ്രഹ്മണ്യനായിരുന്നു പൈലറ്റ്. ഗ്രൂപ് ക്യാപ്റ്റനും മലയാളിയുമായ വേണുഗോപാല്‍ സഹപൈലറ്റായി. കേന്ദ്ര സര്‍ക്കാറിന്‍െറ മേക് ഇന്‍ ഇന്ത്യ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ബംഗളൂരു ആസ്ഥാനമായ ഹിന്ദുസ്ഥാന്‍ എയ്റോനോട്ടിക്സ് ലിമിറ്റഡ് 350 കോടി രൂപ ചെലവില്‍ വിമാനം നിര്‍മിച്ചത്. വ്യോമസേന പരിശീലനത്തിന് 70 വിമാനങ്ങളാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ആയുധങ്ങള്‍ ഘടിപ്പിക്കാനും ഇതില്‍ സൗകര്യമുണ്ടാകും. കര, നാവിക സേനാ അംഗങ്ങളുടെ പരിശീലനത്തിനും ഭാവിയില്‍ വിമാനം ഉപയോഗപ്പെടുത്തും.
എച്ച്.ടി.ടി -40 വിമാനത്തിന്‍െറ മാതൃക 2013 ആഗസ്റ്റിലാണ് പുറത്തിറക്കിയത്. 2015 മേയില്‍ യഥാര്‍ഥ വിമാനത്തിന്‍െറ നിര്‍മാണത്തിന് ഫണ്ട് വകയിരുത്തി.
2800 കിലോഗ്രാം ഭാരമുള്ള എയര്‍ക്രാഫ്റ്റിന് 2018ല്‍ പ്രവര്‍ത്തനാനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് എച്ച്.എ.എല്‍ സി.എം.ഡി ടി. സുവര്‍ണരാജു പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.