ഖത്തറിലെ ഇന്ത്യന്‍ തടവുകാരുടെ മോചനം വ്യാജ അവകാശവാദവുമായി കേന്ദ്രം

ന്യൂഡല്‍ഹി: റമദാന്‍ പ്രമാണിച്ച് തടവുകാരെ മോചിപ്പിച്ച ഖത്തര്‍ ഭരണകൂടത്തിന്‍െറ നടപടിയെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്രെഡിറ്റിലാക്കാന്‍ കേന്ദ്ര സര്‍ക്കാറിന്‍െറ അപഹാസ്യ ശ്രമം.  കേന്ദ്ര വിദേശകാര്യമന്ത്രി സുഷമ സ്വരാജ് ട്വിറ്ററിലൂടെയാണ് അവകാശവാദം ഉന്നയിച്ചത്. പ്രധാനമന്ത്രിയുടെ അഭ്യര്‍ഥന മാനിച്ച് ഇന്ത്യന്‍ തടവുകാരെ മോചിപ്പിച്ചതിന് ഖത്തറിന് നന്ദി എന്നായിരുന്നു മന്ത്രിയുടെ ട്വീറ്റ്.

പ്രധാനമന്ത്രിയുടെ സംഘത്തെ അനുഗമിക്കുന്ന വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടര്‍ മോദിയുടെ സന്ദര്‍ശനത്തിന്‍െറ ഭാഗമായി തടവുകാരെ മോചിപ്പിച്ചെന്ന് നല്‍കിയ വാര്‍ത്ത പ്രമുഖ ചാനലുകളിലുള്‍പ്പെടെ അതേപടി ഏറ്റുപിടിക്കുകയും ചെയ്തു. തുടര്‍ന്ന് സര്‍ക്കാറിന്‍െറ മറ്റൊരു ഐതിഹാസിക നേട്ടം എന്ന പേരില്‍ ബി.ജെ.പി നേതാക്കളും സംഘ്പരിവാറിന്‍െറ സൈബര്‍ശാഖകളും ഈ വിഷയം ആഘോഷിക്കാനും തുടങ്ങി. എന്നാല്‍, പ്രധാനമന്ത്രിയുടെ സ്വന്തം ട്വിറ്റര്‍ അക്കൗണ്ടില്‍ പ്രത്യേക മാസത്തിന്‍െറ തുടക്കം പരിഗണിച്ച് 23 ഇന്ത്യന്‍ തടവുകാരെ മോചിപ്പിച്ചതിന് നന്ദിയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

അതിനിടെ, സുഷമയുടെ അവകാശവാദത്തെ സോഷ്യല്‍ മീഡിയയില്‍ ചോദ്യംചെയ്തവര്‍ പഴയ വര്‍ഷങ്ങളിലെ കണക്കുകള്‍ തേടിപ്പിടിച്ച് പുറത്തുവിട്ടതോടെ അവകാശവാദത്തിന്‍െറ അപഹാസ്യത വ്യക്തമായി. ഖത്തര്‍ ഇതാദ്യമായല്ല ഇന്ത്യന്‍ തടവുകാരെ മോചിപ്പിക്കുന്നത്. പോയ വര്‍ഷം റമദാനില്‍ ഏഴു പേരെയും ദേശീയദിനാചരണത്തോടനുബന്ധിച്ച് 12 പേരെയും വിട്ടയച്ചിരുന്നു. 2014 റമദാനില്‍ മോചിപ്പിക്കപ്പെട്ട 74 തടവുകാരില്‍ 14 പേര്‍ ഇന്ത്യക്കാരായിരുന്നു. 2013ല്‍ 17 ഇന്ത്യക്കാരുള്‍പ്പെടെ 54 തടവുകാര്‍ക്കാണ് റമദാന്‍ പ്രമാണിച്ച് മോചനം ലഭിച്ചിരുന്നത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.