ഹൈദരാബാദ് സർവകലാശാല: നിരാഹാര സമരത്തിൽ രാഹുൽ ഗാന്ധിയും

ഹൈദരാബാദ്: വിദ്യാർഥികളുടെ സമരത്തിന് പിന്തുണയുമായി കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി വീണ്ടും ഹൈദരാബാദ് യൂനിവേഴ്സിറ്റിയിൽ. വെള്ളിയാഴ്ച അർധരാത്രി എത്തിയ രാഹുൽ ശനിയാഴ്ച വിദ്യാർഥികളുടെ നിരാഹാര സമരത്തിൽ പങ്കുചേർന്നു. ഇന്ന് മുഴുവൻ വിദ്യാർഥികളുടെ കൂടെ നിരാഹാരമിരിക്കുമെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. അതിനിടെ താൽക്കാലിക വി.സിയായി ചുമതലയേറ്റ വിപിൻ ശ്രീവാസ്തവ അവധിയിൽ പ്രവേശിച്ചു. ദലിത് വിദ്യാർഥി രോഹിത് വെമുലയുടെ ആത്മഹത്യയെ തുടർന്നാണ് കേന്ദ്ര സർക്കാറിനെതിരെയും വി.സിക്കെതിരെയും കാമ്പസിൽ പ്രതിഷേധം നടക്കുന്നത്.

രോഹിത് വെമുലയുടെ ആത്മഹത്യക്ക് ശേഷം ഇത് രണ്ടാം തവണയാണ് രാഹുൽ ഗാന്ധി ഹൈദരാബാദ് യൂനിവേഴ്സിറ്റിയിൽ സമരക്കാരെ സന്ദർശിക്കുന്നത്.

വെള്ളിയാഴ്ച (ജനുവരി 29) മുതലാണ് വിപിൻ ശ്രീവാസ്തവ അവധിയിൽ പ്രവേശിച്ചതെന്ന് യൂനിവേഴ്സിറ്റി അധികൃതർ അറിയിച്ചു. മുതിർന്ന പ്രഫസർ ഡോ. എം പരിയസാമിക്കാണ് പകരം വി.സിയുടെ ചുമതല. ശ്രീവാസ്തവ അവധിയിൽ പ്രവേശിച്ചതിൻെറ കാരണം വ്യക്തമല്ല. സർവകലാശാല വി.സി അപ്പ റാവു അവധിയിൽ പോയതിനെ തുടർന്ന് ജനുവരി 24നാണ് ശ്രീവാസ്തവ താൽക്കാലിക വി.സിയായി ചുമതലയേൽക്കുന്നത്.

സർവകലാശാലയിൽ നിന്ന് സസ്പെൻഡ് ചെയ്യപ്പെട്ട മൂന്ന് വിദ്യാർഥികളാണ് അനിശ്ചിതകാല നിരാഹാരമിരിക്കുന്നത്. അപ്പാറാവുവിനെ അറസ്റ്റ് ചെയ്യണമെന്നും സ്മൃതി ഇറാനി, ഭണ്ഡാരു ദത്താത്രേയ എന്നിവരെ കേന്ദ്ര മന്ത്രിസഭയിൽ നിന്ന് പുറത്താക്കണമെന്നുമാണ് വിദ്യാർഥികളുടെ ആവശ്യം.

ഈ മാസം ആദ്യമാണ് ഗവേഷക വിദ്യാർഥിയായ രോഹിത് വെമുല ആത്മഹത്യ ചെയ്തത്. അതിനും രണ്ടാഴ്ച മുമ്പ് വെമുലയുൾപ്പടെ അഞ്ച് വിദ്യാർഥികളെ സർവകലാശാലയിൽ നിന്ന് സസ്പെൻഡ് ചെയ്തിരുന്നു. ആത്മഹത്യയെ തുടർന്ന് വൻ പ്രതിഷേധമാണ് രാജ്യമൊട്ടുക്കും അലയടിച്ചത്.

 

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.