പ്രക്ഷുബ്ധ വര്‍ഷങ്ങളുടെ ഓര്‍മകളുമായി പ്രണബിന്‍െറ ആത്മകഥ

ന്യൂഡല്‍ഹി: സ്വാതന്ത്ര്യാനന്തരം രാജ്യംകണ്ട ഏറ്റവും പ്രക്ഷുബ്ധമായ നാളുകളുടെ ഓര്‍മയുമായി രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ ആത്മകഥയുടെ രണ്ടാം ഭാഗം പുറത്തിറങ്ങി. വ്യാഴാഴ്ച രാഷ്ട്രപതി ഭവനില്‍ നടന്ന ചടങ്ങില്‍ ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരി പ്രകാശനം ചെയ്തു.
1980- 96 കാലത്തെ പ്രധാന സംഭവങ്ങളാണ് ‘പ്രക്ഷുബ്ധ വര്‍ഷങ്ങള്‍’ (ദ ടര്‍ബുലന്‍റ് ഇയേഴ്സ്: 1980-96) എന്ന പുസ്തകം പങ്കുവെക്കുന്നത്. സിഖ് പ്രക്ഷോഭം, ഇന്ദിര- രാജീവ് വധം, ബാബരി മസ്ജിദ് ധ്വംസനം തുടങ്ങിയ സംഭവങ്ങളുടെ നാള്‍വഴികള്‍ പറയുന്ന പുസ്തകം കോണ്‍ഗ്രസ് സര്‍ക്കാറുകള്‍ക്ക് സംഭവിച്ച പിഴവും പാളിച്ചകളും ഏറ്റുപറയുന്നു.
‘ബാബരി മസ്ജിദിന്‍െറ തകര്‍ച്ച രാജ്യം മുസ്ലിം സമുദായത്തോട് കാണിച്ച കൊടിയ വഞ്ചനയാണ്. ഇന്ത്യയുടെ ബഹുസ്വരതയുടെയും സഹിഷ്ണുതയുടെയും സഹവര്‍ത്തിത്വത്തിന്‍െയും പ്രതിച്ഛായ അതോടെ തകര്‍ന്നടിഞ്ഞു. രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്കുവേണ്ടി ഒരു ആരാധനാലയം തകര്‍ത്തത് നാണക്കേടുണ്ടാക്കി’ -പ്രണബ് എഴുതുന്നു.
‘സിഖ് പ്രക്ഷോഭകാരികളുടെ വാദങ്ങള്‍ക്ക് ഇന്ദിര ചെവികൊടുത്തിരുന്നെങ്കിലും പിന്നീട് സ്വതന്ത്ര രാജ്യം വേണമെന്ന് ആവശ്യപ്പെട്ട് പ്രക്ഷോഭം തുടങ്ങിയതാണ് സര്‍ക്കാറിന് അവരുമായി ഇടയേണ്ടി വന്നത്. ചണ്ഡിഗഢ് പഞ്ചാബിലേക്ക് ചേര്‍ക്കുക, പഞ്ചാബും അയല്‍സംസ്ഥാനങ്ങളും തമ്മിലെ നദീജല തര്‍ക്കം പരിഹരിക്കുക തുടങ്ങിയവയായിരുന്നു അകാലിദള്‍ തുടക്കത്തില്‍ ഉന്നയിച്ച ആവശ്യം. അവരുടെ ആവശ്യങ്ങള്‍ ഇന്ദിര പരിഗണിക്കുകയും ചെയ്തു. എന്നാല്‍, പിന്നീട് സ്വയംഭരണ വാദം, ഖലിസ്ഥാന്‍ വാദം തുടങ്ങി രാജ്യത്തിന്‍െറ ഫെഡറല്‍ സംവിധാനം വെല്ലുവിളിക്കപ്പെട്ടതോടെ ഇന്ദിരക്ക് വിയോജിക്കേണ്ടി വന്നു. ഇതോടെ കടുത്ത നിലപാടുകളെടുക്കാന്‍ കേന്ദ്രം നിര്‍ബന്ധിതരായി. ഇതാണ്  ഓപറേഷന്‍ ബ്ളൂസ്റ്റാര്‍ എന്ന സൈനിക നീക്കത്തിന് പ്രധാനമന്ത്രിയെ പ്രേരിപ്പിച്ചത്. സൈനിക നടപടിയുടെ പ്രത്യാഘാതങ്ങളെ സംബന്ധിച്ച് ഇന്ദിര ബോധവതിയായിരുന്നെന്നും പുസ്തകം ഓര്‍ക്കുന്നു.
ഇന്ദിരക്ക് ശേഷം പ്രധാനമന്ത്രിയാവാന്‍ താന്‍ ആഗ്രഹിച്ചുവെന്ന പ്രചാരണം അടിസ്ഥാനരഹിതമാണ്. രാജീവും താനും പശ്ചിമ ബംഗാളില്‍ സംഘടനാ പരിപാടികളില്‍ സംബന്ധിക്കവെയാണ് ഇന്ദിര വധിക്കപ്പെട്ടതറിഞ്ഞത്. ഡല്‍ഹിയിലേക്കുള്ള വിമാനയാത്രയില്‍തന്നെ പ്രധാനമന്ത്രിയായി ചുമതലയേറ്റെടുക്കാന്‍ രാജീവിനോട് ആവശ്യപ്പെട്ടത് താനായിരുന്നു. 1984ലെ തെരഞ്ഞെടുപ്പിനെ തുടര്‍ന്ന് കാബിനറ്റ് മന്ത്രിസ്ഥാനം ലഭിക്കാത്തതിനെ തുടര്‍ന്ന് കോണ്‍ഗ്രസില്‍നിന്ന് രാജിവെച്ചത് തനിക്ക് പറ്റിയ അബദ്ധമായിരുന്നു.’
പുസ്തകത്തിന്‍െറ ആദ്യഭാഗം 2014 ഡിസംബറില്‍ പുറത്തിറങ്ങിയിരുന്നു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.