നിര്‍മല ഗജ്വാനി അന്തരിച്ചു

രാജ്കോട്ട്: പ്രമുഖ സാമൂഹികപ്രവര്‍ത്തകയും സിന്ധി സമുദായത്തിന്‍െറ മാര്‍ഗദീപവുമായ നിര്‍മല ഗജ്വാനി (87) അന്തരിച്ചു. നിരവധി ക്ഷേമപദ്ധതികള്‍ക്ക് തുടക്കംകുറിച്ച നിര്‍മലയുടെ അന്ത്യം വ്യാഴാഴ്ചയായിരുന്നു. ദാദി ഗജ്വാനി എന്നാണ് ആളുകള്‍ അവരെ സ്നേഹത്തോടെ വിളിച്ചിരുന്നത്. ഇന്നത്തെ പാകിസ്താനില്‍പെട്ട സിന്ധില്‍ 1928 ഡിസംബറില്‍ 28ന് ജനിച്ചു. 16ാം വയസ്സില്‍ ഡോ. ഹസനന്ദ് ഗജ്വാനിയെ വിവാഹംകഴിച്ച നിര്‍മല 1947ല്‍ ഇന്ത്യാ വിഭജനത്തെ തുടര്‍ന്ന് 10 മാസം പ്രായമായ മകനെയുംകൊണ്ട് അഭയാര്‍ഥിയായി ഇന്ത്യയിലത്തെി. ഭര്‍ത്താവിന്  ഗുജറാത്തിലെ കച്ചില്‍ സര്‍ക്കാര്‍ മെഡിക്കല്‍ ഓഫിസറായി ജോലികിട്ടി. ഗ്രാമീണഡോക്ടറുടെ ഭാര്യ എന്നനിലയില്‍ ഗ്രാമീണര്‍ക്കുവേണ്ടിയുള്ള ആരോഗ്യസേവനങ്ങളിലും പാല്‍വിതരണ പദ്ധതികളിലും പങ്കാളിയാകാന്‍ അവര്‍ക്ക് കഴിഞ്ഞു. നിരവധി ഗ്രാമങ്ങളില്‍ സാമൂഹികക്ഷേമ കേന്ദ്രങ്ങള്‍ അവര്‍ സ്ഥാപിച്ചു.  കുറച്ച് വര്‍ഷങ്ങള്‍ക്കുശേഷം ജില്ലയില്‍നിന്നുള്ള ആദ്യ വനിതാ എം.എല്‍.എയായി ഗുജറാത്ത് നിയമസഭയിലത്തെി. പിന്നീട് അസിസ്റ്റന്‍റ് സ്പീക്കറായി.
ഭര്‍ത്താവിന്‍െറ അസുഖംകാരണം രാഷ്ട്രീയം ഉപേക്ഷിച്ച അവര്‍ പിന്നീട് പ്രാദേശിക സാമൂഹികപ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. 60 വര്‍ഷത്തെ പൊതുജീവിതത്തിനിടയില്‍ നിരവധി സ്ഥാപനങ്ങള്‍ പടുത്തുയര്‍ത്തി. വര്‍ക്കിങ് വിമന്‍സ് ഹോസ്റ്റല്‍, 1700 വിദ്യാര്‍ഥികള്‍ പഠിക്കുന്ന 12ാം ക്ളാസ് വരെയുള്ള സ്കൂള്‍, ബി.എഡ് കോളജ്, നഴ്സിങ് കോളജ്, സ്ത്രീകള്‍ക്കുവേണ്ടിയുള്ള തൊഴില്‍പരിശീലന കേന്ദ്രങ്ങള്‍ എന്നിവ അവരുടെ സംഭാവനകളാണ്. സിന്ധു പുനരധിവാസ കോര്‍പറേഷന്‍െറ അധ്യക്ഷയായും പ്രവര്‍ത്തിച്ചു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.