ജനിതകമാറ്റം വരുത്തിയ കടുക് കൃഷിക്ക് അനുമതിതേടി വീണ്ടും ഗവേഷകര്‍

ന്യൂഡല്‍ഹി: രാജ്യത്തെ ഗവേഷകര്‍ ജനിതകമാറ്റത്തിലൂടെ വികസിപ്പിച്ച കടുക് വാണിജ്യാടിസ്ഥാനത്തില്‍ ഉല്‍പാദിപ്പിക്കാന്‍ അനുമതിതേടി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മുഖ്യ ശാസ്ത്ര ഉപദേഷ്ടാവിന്‍െറ അഭ്യര്‍ഥന. ഭക്ഷ്യ എണ്ണയുടെ ഇറക്കുമതിക്കായി രാജ്യം വര്‍ഷാവര്‍ഷം 10 ബില്യണ്‍ ഡോളര്‍ ചെലവിടുന്നുണ്ടെന്നും ജനിതകമാറ്റം വരുത്തിയ കടുക് വാണിജ്യാടിസ്ഥാനത്തില്‍ ഉല്‍പാദിപ്പിക്കാനായാല്‍ ഇത് പൂര്‍ണമായും ഇല്ലാതാക്കാനാകുമെന്നാണ് ഗവേഷകര്‍ ഉറപ്പുനല്‍കുന്നത്. ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ ജനിതകമാറ്റം വരുത്തിയ പരുത്തിക്കൃഷി ചെയ്യുന്നതിനെ മോദി പ്രോത്സാഹിപ്പിച്ചിരുന്നു. 2014ല്‍ പ്രധാനമന്ത്രിയായി ചുമതലയേറ്റ ശേഷവും സാങ്കേതികപരമായി കൃഷിയെ അവലംബിക്കാന്‍ കര്‍ഷകരോട് മോദി ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തില്‍ ജനിതകമാറ്റം വരുത്തിയ കടുക് കൃഷി ചെയ്യുന്നതിന് ഏര്‍പ്പെടുത്തിയ നിരോധം അദ്ദേഹം നീക്കുമെന്നാണ് ശാസ്ത്രലോകം പ്രതീക്ഷിക്കുന്നത്. കര്‍ഷകര്‍ക്ക് ദോഷകരമായി ബാധിക്കാത്ത വിധത്തില്‍ കടുക് കൃഷി ചെയ്യാനായാല്‍ അത് ആഗോള വിപണിയില്‍ ഇന്ത്യക്ക് വന്‍ സാമ്പത്തികലാഭമായിരിക്കും ഉണ്ടാക്കുക. സാധാരണ വിത്തിനങ്ങളേക്കാള്‍ 38 ശതമാനം അധികമാണ് ജനിതകമാറ്റം വരുത്തിയ വിത്തില്‍നിന്ന് ലഭിക്കുന്ന വിളവ്. എന്നാല്‍ വിഷയം പ്രതിപക്ഷ എതിര്‍പ്പ് വിളിച്ചുവരുത്തുമോയെന്നതാണ് സര്‍ക്കാറിന്‍െറ ഭയം. പ്രതിപക്ഷത്തിരുന്നപ്പോള്‍ ജനിതകമാറ്റം വരുത്തിയ വിത്തിനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനെ ബി.ജെ.പി ശക്തമായി എതിര്‍ത്തിരുന്നു.
ജനതികമാറ്റം വരുത്തിയ വിത്തുകളുടെ പരീക്ഷണം ഒരു പതിറ്റാണ്ടുമുമ്പ് ഇന്ത്യ വിജയകരമായി പൂര്‍ത്തീകരിച്ചിരുന്നു. എന്നാല്‍ ഇന്ത്യയിലെ കാലാവസ്ഥക്കനുസൃതമായി വിത്തിനങ്ങള്‍ക്ക് നാശം സംഭവിക്കുമോയെന്ന ആശങ്ക ശക്തമായിരുന്നതിനാല്‍ വാണിജ്യാടിസ്ഥാനത്തില്‍ ഇതിനെ പ്രോത്സാഹിപ്പിക്കാന്‍ മാറിമാറി വരുന്ന സര്‍ക്കാറുകള്‍ വിമുഖത കാണിച്ചിരുന്നു. നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തിലേറിയശേഷം കഴിഞ്ഞ സെപ്റ്റംബറില്‍ അനുമതിതേടി ഗവേഷകര്‍ അപേക്ഷ സമര്‍പ്പിച്ചിരുന്നു. വിഷയം സര്‍ക്കാര്‍ ഗൗരവത്തോടെ സമീപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് പരീക്ഷണത്തിന് നേതൃത്വം നല്‍കിയ ശാസ്ത്രജ്ഞനായ ദീപക് പെന്‍റല്‍ വ്യക്തമാക്കി. വിഷയത്തില്‍ ഇടപെടണമെന്നാവശ്യപ്പെട്ട് പ്രിന്‍സിപ്പല്‍ ഗവേഷക ഉപദേഷ്ടാവ് ആര്‍. ചിദംബരവും പ്രധാനമന്ത്രിക്ക് കത്തയച്ചിട്ടുണ്ട്. ലോക വ്യാപകമായി ഇത്തരം വിത്തിനങ്ങള്‍ ഉപയോഗിക്കുന്നുണ്ടെന്നും ഇന്ത്യക്കും ഇത് തുടരാമെന്നുമാണ് ഉപദേശം. ജനുവരി നാലിന് ഇതുസംബന്ധിച്ച് സര്‍ക്കാര്‍ യോഗം വിളിച്ചിരുന്നു. അടിയന്തരമായി ഇക്കാര്യത്തില്‍ തീരുമാനമുണ്ടാകുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.