സ്റ്റാർട്ട് അപ്പ് സംരംഭങ്ങൾക്ക് മൂന്ന് വര്‍ഷത്തേക്ക് ആദായ നികുതിയില്ല -മോദി

ന്യൂഡല്‍ഹി: സംരംഭങ്ങളിലെ നിക്ഷേപത്തിനും ലാഭത്തിനും ആദായ നികുതി ഇളവ് ഉള്‍പ്പെടെ ഒട്ടേറെ പ്രോത്സാഹന പ്രഖ്യാപനങ്ങളോടെ ഇന്ത്യന്‍ യുവതക്ക് വന്‍ പ്രതീക്ഷകള്‍ പകര്‍ന്ന് കേന്ദ്രസര്‍ക്കാറിന്‍െറ സ്റ്റാര്‍ട്ട്അപ് ഇന്ത്യ പദ്ധതിക്ക് തുടക്കം. ഇന്ത്യക്ക് ദശലക്ഷം പ്രശ്നങ്ങളുണ്ടെങ്കില്‍ അതു പരിഹരിക്കണമെന്നാഗ്രഹിക്കുന്ന കോടിക്കണക്കിനു മനസ്സുകളും കൈമുതലായുണ്ടെന്ന് ലോകത്തെ മുന്‍നിര സംരംഭകരുടെയും പുതുമുറക്കാരുടെയും സാന്നിധ്യത്തില്‍ സ്റ്റാര്‍ട്ട്അപ് ഇന്ത്യ കര്‍മപദ്ധതി വിശദീകരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചു. ലോകനേതാക്കളെല്ലാം സൈബര്‍ സുരക്ഷയുടെ വിഷയത്തില്‍ ആശങ്കാകുലരാണ്. ആ സമസ്യക്ക് പരിഹാരം തേടാനുള്ള ശ്രമങ്ങള്‍ ഇന്ത്യയിലെ യുവ സാങ്കേതിക വിദഗ്ധരുടെ ഭാഗത്തുനിന്നുണ്ടാവണമെന്ന് പ്രധാനമന്ത്രി നിര്‍ദേശിച്ചു.

ലോകമെമ്പാടും ദരിദ്രകുഞ്ഞുങ്ങള്‍ക്ക് നല്‍കിപ്പോരുന്ന പ്രതിരോധ മരുന്നുകള്‍ ഇന്ത്യയില്‍ വികസിപ്പിച്ചെടുത്തതാണ്. മറ്റുള്ളവരുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാനുള്ള ശ്രമമാണ് വിജയകരമായ പല പുതിയ സംരംഭങ്ങള്‍ക്കും വഴിതുറന്നതെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു. നിരാശയുടെ കാലം കഴിഞ്ഞെന്നും പ്രതീക്ഷയോടെ മുന്നോട്ടുപോകാനുള്ള സമയമായെന്നും പറഞ്ഞ പ്രധാനമന്ത്രി, അഞ്ചുപേര്‍ക്കെങ്കിലും തൊഴില്‍ നല്‍കാനുതകുന്ന സ്റ്റാര്‍ട്ട്അപ് പോലും രാജ്യത്തിന്‍െറ വികസനത്തിന് മഹനീയ സംഭാവന നല്‍കുന്നവയാണെന്ന് വിശേഷിപ്പിച്ചു. തൊഴിലന്വേഷകര്‍ എന്നനിലയില്‍നിന്ന് തൊഴില്‍ ദാതാക്കളായി രാജ്യത്തെ യുവജനങ്ങള്‍ മാറണം.

സര്‍ക്കാര്‍ ഇടപെടലുകളില്ലാതെ സംരംഭവുമായി മുന്നോട്ടുപോകാന്‍ അവസരമൊരുക്കുമെന്ന് പറഞ്ഞ പ്രധാനമന്ത്രി, സര്‍ക്കാര്‍ ഒരു നല്ല സുഹൃത്തിനെപ്പോലെ കൂടെയുണ്ടാവുമെന്നും കൂട്ടിച്ചേര്‍ത്തു.

പ്രധാനമന്ത്രിയുടെ പ്രധാന പ്രഖ്യാപനങ്ങള്‍:

  • സ്റ്റാര്‍ട്ട്അപ് സംരംഭകര്‍ ലാഭത്തിന് മൂന്നു വര്‍ഷത്തേക്ക് ആദായ നികുതി നല്‍കേണ്ടതില്ല.
  • പേറ്റന്‍റ് ഫീസില്‍ 80 ശതമാനം ഇളവു നല്‍കും
  • ഫാസ്റ്റ്ട്രാക് വ്യവസ്ഥയില്‍ കാലതാമസമില്ലാതെ പേറ്റന്‍റും ലഭ്യമാക്കും
  • പരിസ്ഥിതി ചട്ടങ്ങള്‍ പാലിച്ചുവെന്ന് സംരംഭകര്‍ സ്വയം സാക്ഷ്യപ്പെടുത്തിയാല്‍ മതിയാവും. മൂന്നു വര്‍ഷത്തേക്ക് പരിശോധനകളുണ്ടാവില്ല.
  • സ്റ്റാര്‍ട്ട്അപ്പുകളില്‍ പണം നിക്ഷേപിക്കുന്നതിന് നികുതി വ്യവസ്ഥകള്‍ ഉദാരീകരിക്കും
  • ഗുണകരമല്ളെന്നുകണ്ട് അടച്ചുപൂട്ടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് 90 ദിവസംകൊണ്ട് സൗകര്യമൊരുക്കാന്‍ നിയമം കൊണ്ടുവരും
  •  വായ്പ നല്‍കുന്നതിനായി 10,000 കോടി
  •  മുന്‍പരിചയമില്ലാത്തവര്‍ക്കു മുന്നില്‍ വാതില്‍ കൊട്ടിയടക്കുന്ന അവസ്ഥക്ക് മാറ്റംവരുത്തും

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.