നേതാജിയുടെ പ്രണയകഥ പറഞ്ഞ്  മരുമകളുടെ പുസ്തകം

കൊല്‍ക്കത്ത: നേതാജി സുഭാഷ് ചന്ദ്രബോസിന്‍െറയും വിദേശിയായ എമിലി ഷെന്‍കലിന്‍െറയും പ്രണയകഥയാണ് ‘എ ട്രൂ ലവ് സ്റ്റോറി എമിലീ ആന്‍ഡ് സുഭാഷ്’. സുഭാഷ് ചന്ദ്രബോസിന്‍െറ മരുമകള്‍ കൃഷ്ണ ബോസാണ് പ്രണയകഥ പുസ്തകമാക്കിയത്. 1934 ജൂണില്‍ വിയറ്റ്നാമില്‍വെച്ചാണ് നേതാജിയും എമിലിയും കണ്ടുമുട്ടുന്നത്. 1937 ഡിസംബറില്‍ ഓസ്ട്രിയയിലെ ബഡ്ഗാസ്റ്റേയിനില്‍വെച്ച് രഹസ്യമായി വിവാഹിതരായി. 1943 ഫെബ്രുവരിയില്‍ ബര്‍ലിനിലാണ് ഇരുവരും അവസാനമായി കാണുന്നത്. മകള്‍ അനിത ജനിച്ച് രണ്ടുമാസം കഴിഞ്ഞപ്പോഴായിരുന്നു അത്. അകന്നുകഴിയുമ്പോഴെല്ലാം അവര്‍ കത്തുകളിലൂടെ അടുപ്പം സൂക്ഷിച്ചു. 1996ല്‍ മരിക്കുന്നതുവരെ എമിലി തന്‍െറ ഭര്‍ത്താവിന്‍െറ ഓര്‍മകള്‍ ഹൃദയത്തോടുചേര്‍ത്ത് സൂക്ഷിച്ചു. ഇന്ത്യയുമായും മാനസിക അടുപ്പം സൂക്ഷിച്ചു. ഓസ്ട്രിയ സ്വദേശിയായ എമിലി 1910ലാണ് ജനിച്ചത്. നേതാജിയുടെ തിരോധാനത്തിനുശേഷം തനിച്ച് അനിതയെ വളര്‍ത്തി. 
നേതാജിയുമായുള്ള എമിലിയുടെ അടുപ്പം സൂചിപ്പിക്കുന്ന 48 ഫോട്ടോകളുണ്ട് പുസ്തകത്തില്‍. നേതാജിയുടെ മരുമകനും കൃഷ്ണ ബോസിന്‍െറ ഭര്‍ത്താവുമായ ശിശിര്‍ കുമാര്‍ ബോസുമായി എമിലി നല്ല അടുപ്പം പുലര്‍ത്തിയിരുന്നു. 1955ലാണ് ശിശിര്‍, കൃഷ്ണയെ വിവാഹം കഴിക്കുന്നത്. അതിനുശേഷം കൃഷ്ണയും എമിലിയുമായി സൗഹൃദം സൂക്ഷിച്ചു. 
എമിലിയുമായി തനിക്ക് 20 വര്‍ഷത്തെ പ്രായവ്യത്യാസമുണ്ടായിരുന്നെങ്കിലും നല്ല ഹൃദയബന്ധം തങ്ങള്‍ക്കിടയിലുണ്ടായിരുന്നെന്ന് പറയുന്നു കൃഷ്ണ. പുസ്തകം ശനിയാഴ്ച നേതാജിയുടെ ജീവചരിത്രകാരനായ ലിയോനാഡ് എ. ഗോര്‍ഡന്‍ കൊല്‍ക്കത്തയിലെ നേതാജി ഭവനില്‍ പ്രകാശനം ചെയ്യും.

 
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.