അമിതാഭ് ബച്ചന്‍ ‘ഇന്‍ക്രെഡിബ്ള്‍ ഇന്ത്യ’ ബ്രാന്‍ഡ് അംബാസഡറായേക്കും

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ ടൂറിസം മന്ത്രാലയത്തിന്‍െറ ഇന്‍ക്രെഡിബ്ള്‍ ഇന്ത്യ പദ്ധതിയുടെ ബ്രാന്‍ഡ് അംബാസഡറായി ഹിന്ദി ചലച്ചിത്രനടന്‍ അമിതാഭ് ബച്ചനെ നിയമിച്ചേക്കും. ബ്രാന്‍ഡ് അംബാഡറായിരുന്ന ആമിര്‍ ഖാന്‍െറ കാലാവധി അവസാനിച്ച സാഹചര്യത്തിലാണ് അമിതാഭിനെ ഈ സ്ഥാനത്തേക്ക് പരിഗണിക്കുന്നത്. നിലവില്‍ ഗുജറാത്ത് സര്‍ക്കാറിന്‍െറ ടൂറിസം ബ്രാന്‍ഡ് അംബാസഡറാണ് ബച്ചന്‍. അവിടെ അദ്ദേഹത്തിന്‍െറ സാന്നിധ്യം വിനോദസഞ്ചാര മേഖലയുടെ പ്രതിച്ഛായ മെച്ചപ്പെടുത്താന്‍ ബി.ജെ.പി സര്‍ക്കാറിനെ സഹായിച്ചിരുന്നു. ഇത് കണക്കിലെടുത്താണ് പുതിയ സ്ഥാനത്തേക്ക് അദ്ദേഹത്തെ പരിഗണിക്കുന്നത്. നടന്‍ അക്ഷയ് ഖന്ന, നടിമാരായ പ്രിയങ്ക ചോപ്ര, ദീപിക പദുക്കോണ്‍ എന്നിവരെയും ഈ സ്ഥാനത്തേക്ക് പരിഗണിച്ചിരുന്നു. എന്നാല്‍, മുഖ്യ പരിഗണന അമിതാഭിനുതന്നെയാണെന്ന് ടൂറിസം മന്ത്രാലയ വൃത്തങ്ങള്‍ പറഞ്ഞു.
അതിനിടെ, ‘ഇന്‍ക്രെഡിബ്ള്‍ ഇന്ത്യ’ ബ്രാന്‍ഡ് അംബാസഡര്‍ സ്ഥാനത്തുനിന്ന് തന്നെ മാറ്റിയ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം മാനിക്കുന്നുവെന്ന് ബോളിവുഡ് താരം ആമിര്‍ ഖാന്‍ മുംബൈയില്‍ പറഞ്ഞു. 10 വര്‍ഷമായി ‘ഇന്‍ക്രെഡിബ്ള്‍ ഇന്ത്യ’യുടെ ബ്രാന്‍ഡ് അംബാസഡര്‍ എന്ന നിലയില്‍ പ്രവര്‍ത്തിച്ചത് ആഹ്ളാദകരമായിരുന്നു. ഞാന്‍ ഇല്ളെങ്കിലും ഇന്ത്യ ‘ഇന്‍ക്രെഡിബ്ള്‍’ ആയി തുടരുമെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു. പ്രതിഫലമൊന്നും പറ്റിയിരുന്നില്ല. തീരുമാനിക്കാന്‍ സര്‍ക്കാറിന് അവകാശമുണ്ടെന്നും രാജ്യനന്മക്കായി പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അസഹിഷ്ണുതക്കെതിരെ നിലപാടെടുത്തതിനാണ് ആമിറിനെ ബ്രാന്‍ഡ് അംബാസഡര്‍ സ്ഥാനത്തുനിന്ന് നീക്കിയതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.