യമുനാതീരത്ത് സമ്മേളനം: ശ്രീശ്രീ രവിശങ്കര്‍ 120 കോടി പിഴ ഒടുക്കേണ്ടിവരുമെന്ന് ഗ്രീന്‍ ട്രൈബ്യൂണല്‍

ന്യൂഡല്‍ഹി: 35 ലക്ഷത്തോളം ഭക്തര്‍ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്ന സമ്മേളനം യമുന നദീതീരത്ത് സംഘടിപ്പിച്ചാല്‍ 120 കോടി രൂപ പിഴ ഒടുക്കേണ്ടിവരുമെന്ന് സംഘാടകരായ ആര്‍ട്ട് ഓഫ് ലിവിങ്ങിന് കേന്ദ്ര ഗ്രീന്‍ ട്രൈബ്യൂണലിന്‍െറ മുന്നറിയിപ്പ്.
പരിപാടി നടന്നാല്‍ യമുനയുടെ ഒഴുക്ക് തടസ്സപ്പെടുമെന്നും നദി മലീമസമാകുമെന്നും ആരോപിച്ചാണ് വന്‍ പിഴ ഒടുക്കേണ്ടിവരുമെന്ന മുന്നറിപ്പുമായി കേന്ദ്ര പരിസ്ഥിതിമന്ത്രാലയം രംഗത്തുവന്നത്.
മാര്‍ച്ച് 11 മുതല്‍ 13വരെയാണ് സമ്മേളനം നടക്കുന്നത്. ഇതിനായി നദിയുടെ പടിഞ്ഞാറന്‍തീരത്ത് പടുകൂറ്റന്‍ പന്തലും ഒരുങ്ങുന്നുണ്ട്.
എന്നാല്‍, കഴിഞ്ഞദിവസം ഇവിടം സന്ദര്‍ശിച്ച ഗ്രീന്‍ ട്രൈബ്യൂണലിന്‍െറ നാലംഗ സമിതിയാണ് സമ്മേളനം വന്‍ പരിസ്ഥിതി ആഘാതം വരുത്തിവെക്കുമെന്ന് വിലയിരുത്തിയത്. സമ്മേളനം കഴിയുന്നതോടെ അവശേഷിക്കുന്ന മാലിന്യം നീക്കംചെയ്യാന്‍മാത്രം ഒരുവര്‍ഷം പ്രയത്നിക്കേണ്ടിവരുമെന്നാണ് ഉദ്യോഗസ്ഥരുടെ വിലയിരുത്തല്‍. കൂടാതെ, സമ്മേളനത്തിനുവേണ്ടി നദീതീരത്ത് നിര്‍മിക്കുന്ന താല്‍ക്കാലിക റോഡുകള്‍ ഇല്ലാതാക്കി പുന$ക്രമീകരിക്കുന്നതിനും വന്‍ തുക ചെലവുവരും.
ഏതാണ്ട് 1000 ഏക്കറിലാണ് സമ്മേളനം. ഇതിനായി താല്‍ക്കാലിക പാലങ്ങളും കുടിലുകളും നിര്‍മിക്കുന്നുണ്ട്. ഇവയെല്ലാം നീക്കംചെയ്യാന്‍ മാസങ്ങളുടെ പ്രയത്നം ആവശ്യമാണ്. ഇക്കാര്യങ്ങളെല്ലാം ചൂണ്ടിക്കാട്ടിയാണ് സമ്മേളനത്തിന് മുമ്പുതന്നെ 120 കോടി രൂപ പിഴ ഇടാക്കേണ്ടിവരുമെന്ന് ശശി ശേഖര്‍ തലവനായ ട്രൈബ്യൂണല്‍ മുന്നറിയിപ്പ് നല്‍കിയത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.