കസ്റ്റഡിയിൽ മകൻ മരിച്ചാൽ ആരാണ് ഉത്തരം പറയുക? കനയ്യയുടെ മാതാവ്

ന്യൂഡൽഹി: ജയിലിലെ കസ്റ്റഡിയിൽ തന്‍റെ മകൻ മരിച്ചാൽ ആര് സമാധാനം പറയുമെന്ന് കനയ്യകുമാറിന്‍റെ മാതാവ് മീനാദേവി. താൻ ദേശവിരുദ്ധന്‍റെ അമ്മയല്ല. എന്നാൽ ജീവൻ നഷ്ടപ്പെട്ടതിന് ശേഷം അവന്‍ കുറ്റക്കാരനല്ലെന്ന് തെളിയുന്നതുകൊണ്ട് എന്ത് പ്രയോജനമാണുണ്ടാവുക? മകൻ രാജ്യദ്രോഹിയാണെന്ന് മുദ്രകുത്തി കനയ്യക്കെതിരെ അദ്ഭുതപ്പെടുത്തുന്ന വേഗത്തിൽ നടപടികളെടുത്ത പൊലീസിന് അവനെ ആക്രമിച്ചവരെ അറസ്റ്റ് കഴിയാത്തതെന്തുകൊണ്ടാണ്? കഴിഞ്ഞ ദിവസം പട്യാല ഹൗസ് കോടതിയിലുണ്ടായ അക്രമസംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് മീനാദേവിയുടെ ചോദ്യങ്ങൾ.

മാസം 3,500 രൂപ വരുമാനമുള്ള അംഗൻവാടി ജീവനക്കാരിയാണ് മീനാദേവി. പക്ഷാഘാതം ബാധിച്ച് വർഷങ്ങളായി കിടപ്പിലാണ് കനയ്യയുടെ അച്ഛൻ.

അതേസമയം, കനയ്യ കുമാര്‍ ആക്രമിക്കപ്പെട്ടതിന് പിന്നാലെ അദ്ദേഹത്തിന്‍റെ കുടുംബത്തിന്‍റെ സുരക്ഷ ശക്തമാക്കി. മക്സാസ്പൂര്‍ ടോലയിലെ വീടിന്‍െറയും ബന്ധുക്കളുടെയും സുരക്ഷക്കായി അഞ്ച് പൊലീസുകാരെയും ഒരു ഉദ്യോഗസ്ഥനെയും നിയമിച്ചിട്ടുണ്ട്. ‘ദേശവിരുദ്ധ’ മുദ്രാവാക്യം മുഴക്കിയ കനയ്യക്കും മറ്റ് വിദ്യാര്‍ഥികള്‍ക്കുമെതിരെ ഉടന്‍ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ബെഗുസാരായിയിലെ ബി.ജെ.പി, എ.ബി.വി.പി പ്രവര്‍ത്തകരും രംഗത്തത്തെിയതോടെയാണ് സുരക്ഷ ശക്തമാക്കിയത്.

ജവഹർലാൽ നെഹ്റു സർവകലാശാലയിൽ സംഘടിപ്പിച്ച അഫ്സൽ ഗുരു അനുസ്മരണത്തോടനുബന്ധിച്ച് ഇന്ത്യാ വിരുദ്ധ മുദ്രാവാക്യം വിളിച്ചെന്നാരോപിച്ചാണ് വിദ്യാർഥി യൂണിയൻ പ്രസിഡന്‍റ് കനയ്യ കുമാറിനെ അറസ്റ്റ് ചെയ്തത്. തുടർന്ന് പട്യാല ഹൗസ് കോടതിയിൽ കനയ്യയെ ഹാജരാക്കിയപ്പോൾ അഭിഭാഷകർ സംഘർഷമുണ്ടാക്കുകയും കനയ്യയെ മർദിക്കുകയും ചെയ്തിരുന്നു. മാർച്ച് രണ്ട് വരെ ജുഡീഷ്യൽ കസ്റ്റഡിയിലാണ് കനയ്യ കുമാർ.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.