ഹാജി അലി ദര്‍ഗയില്‍ സ്ത്രീകള്‍ക്കും പ്രവേശിക്കാം -ഹൈകോടതി

മുംബൈ: നഗരത്തിലെ പ്രശസ്തമായ ഹാജി അലി ദര്‍ഗയിലെ ഖബറിടത്തില്‍ സ്ത്രീകള്‍ക്കും പ്രവേശാവകാശമുണ്ടെന്ന് ബോംബെ ഹൈകോടതി. ഖബറിടത്തില്‍ സ്ത്രീകള്‍ക്ക് പ്രവേശം നിഷേധിച്ചതിന് എതിരെ ഭാരതീയ മുസ് ലിം മഹിളാ ആന്തോളന്‍ നല്‍കിയ പൊതുതാല്‍പര്യ ഹരജിയിലാണ് ഹൈക്കോടതി ഇന്ന് വിധി പറഞ്ഞത്. അന്യപുരുഷന്‍െറ ഖബറിടം ദര്‍ശിക്കുന്നത് ഇസ് ലാമില്‍ പാപമാണെന്ന് ചുണ്ടിക്കാട്ടിയാണ് നിരോധത്തെ ഹാജി അലി ദര്‍ഗ ട്രസ്റ്റ് ന്യായീകരിച്ചത്. സ്ത്രീകള്‍ക്ക് പ്രവേശം നിരോധിക്കുന്നത് മൗലികാവകാശം നിഷേധിക്കലാണെന്ന് കോടതി പറഞ്ഞു. സ്ത്രീകളുടെ അവകാശം സംരക്ഷിക്കേണ്ട ബാധ്യത സര്‍ക്കാരിനാണെന്നും കോടതി പറഞ്ഞു. ഹാജി അലി ദര്‍ഗ ട്രസ്റ്റിന് വിധിക്കെതിരെ അപ്പീലുമായി സുപ്രീംകോടതിയെ സമീപിക്കാന്‍ ഒന്നര മാസത്തെ സമയം അനുവദിച്ച കോടതി  അതുവരെ വിധി നടപ്പാക്കരുതെന്ന് നിര്‍ദേശിച്ചു.

2011ലാണ് ഹാജി അലി ദര്‍ഗയിലെ ഖബറിടത്തില്‍ സ്ത്രീകള്‍ക്ക് പ്രവേശം നിരോധിച്ചത്. അതുവരെ ഖബറിടത്തിനടുത്ത് സ്ത്രീകളും പ്രവേശിച്ചിരുന്നു. ദര്‍ഗയിലും പരിസരത്തും സ്ത്രീകള്‍ക്ക് വരാമെങ്കിലും ഖബറിടത്തിലേക്ക് കടക്കാന്‍ പാടില്ല. ട്രസ്റ്റിനെതിരെ മുസ് ലിം സ്ത്രീ സംഘലടനകളും മറ്റും രംഗത്തുവന്നെങ്കിലും കോടതിയെ സമീപിച്ചത് ഈയിടെയാണ്. സ്ത്രീകളുടെ ക്ഷേത്ര പ്രവേശവുമായി ബന്ധപ്പെട്ട് ഭൂമാതാ ബ്രിഗേഡ് ക്ഷേത്ര പ്രവേശ സമരവും നിയമയുദ്ധവും തുടങ്ങിയതോടെയാണ് മുസ് ലിം സ്ത്രീകളുടെ അവകാശത്തിനായി പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനയായ ഭാരതീയ മുസ് ലിം മഹിളാ ആന്തോളന്‍ ബോംമ്പെ ഹൈകോടതിയെ സമീപിച്ചത്. ഇതിനിടയില്‍ ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായിയും ദര്‍ഗയില്‍ സ്ത്രീകള്‍ക്ക് പ്രവേശം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തുകയുണ്ടായി.

അസഹിഷ്ണുതയുടെ കാലത്ത് മതകാര്യങ്ങളുമായി ബന്ധപ്പെട്ട കോടതി പരാമര്‍ശങ്ങള്‍ ദുര്‍വ്യാഖ്യാനിക്കപ്പെടുമെന്നതിനാല്‍ വിഷയം കോടതിക്ക് പുറത്ത് പരിഹരിക്കാനായിരുന്നു ട്രസ്റ്റിനോടും ഹരജിക്കാരോടും കോടതി ആവശ്യപ്പെട്ടത്. എന്നാല്‍, ചര്‍ച്ചക്ക് ട്രസ്റ്റ് തയ്യാറാകാത്തതിനെ തുടര്‍ന്ന് ഹരജിക്കാര്‍ വീണ്ടും കോതിയിലെത്തുകയായിരുന്നു. സൂഫിവര്യനായി അറിയപ്പെട്ട സയ്യദ് പീര്‍ ഹാജി അലി ഷാ ബുഖാരിയുടെ ഖബറിടമാണ് മുംബൈ നഗരത്തിന്‍െറ അടയാളങ്ങളിലൊന്നായ ഹാജി അലി ദര്‍ഗയായി അറിയപ്പെടുന്നത്. 1431ലാണ് ദക്ഷിണ മുംബൈയിലെ വര്‍ളിയില്‍ തീരത്തു നീന്ന് 500 മീറ്റര്‍ അകലെ അറബികടലില്‍ ദര്‍ഗ സ്ഥാപിതമായത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.