കോടതി ഉത്തരവ് ലംഘിച്ച് മനുഷ്യഗോപുരം; എം.എന്‍.എസ് പ്രവര്‍ത്തകന്‍ അറസ്റ്റില്‍

മുംബൈ: ശ്രീകൃഷ്ണ ജയന്തി ആഘോഷത്തിന്‍െറ ഭാഗമായ വെണ്ണക്കുടമുടക്കലിന് സുപ്രീംകോടതി ഉത്തരവ് ലംഘിച്ച് മനുഷ്യഗോപുരമുണ്ടാക്കിയ സംഭവത്തില്‍ മഹാരാഷ്ട്ര നവനിര്‍മാണ്‍ സേന (എം.എന്‍.എസ്) പ്രവര്‍ത്തകന്‍ അറസ്റ്റില്‍. 20 അടിയോളമേ മനുഷ്യ ഗോപുരം പാടുള്ളൂവെന്ന സുപ്രീംകോടതി ഉത്തരവ് ലംഘിച്ച് 49 അടി വലിപ്പമുള്ള മനുഷ്യഗോപുരത്തിന് നേതൃത്വം നല്‍കിയ അവിനാശ് ജാദവാണ് അറസ്റ്റിലായത്. നിയമം ലംഘിക്കുമെന്ന് മറാത്തിയില്‍ എഴുതിയ ടീഷര്‍ട്ട് അണിഞ്ഞായിരുന്നു അവിനാശും സംഘവും വെണ്ണക്കുടമുടക്കാന്‍ താണെയില്‍ എത്തിയത്. കോടതി ഉത്തരവ് ചൂണ്ടിക്കാട്ടി ഉയരം കുറക്കാന്‍ പൊലീസ് ആവശ്യപ്പെട്ടെങ്കിലും പാര്‍ട്ടി തലവന്‍ രാജ് താക്കറെയുടേതല്ലാത്ത ഉത്തരവുകള്‍ ചെവിക്കൊള്ളില്ളെന്ന വാശിയിലായിരുന്നു അവിനാശ്. ആഘോഷങ്ങളില്‍ ഇടപെടാന്‍ സുപ്രീംകോടതിക്ക് അവകാശമില്ളെന്നും ഇത് നിയമലംഘനമാണെങ്കില്‍ ജയിലില്‍ പോകാന്‍ തയാറാണെന്നും അവിനാശ് പറഞ്ഞു. തുടര്‍ന്നായിരുന്നു അറസ്റ്റ്.

എല്ലാ വീര്യത്തോടും ശ്രീകൃഷ്ണ ജയന്തി ആഘോഷിക്കണമെന്ന് രാജ് താക്കറെ അണികളോട് ആഹ്വാനം ചെയ്തതിനെ തുടര്‍ന്ന് തണെ, മുംബൈ മേഖലകളില്‍ വെണ്ണക്കുടമുടക്കലിന് സുപ്രീംകോടതിയുടെ ഉത്തരവുകള്‍ വ്യാപകമായി ലംഘിക്കപ്പെട്ടു. 18 വയസ്സിനു മേലെയുള്ളവര്‍ മാത്രമെ മനുഷ്യഗോപുരത്തിന്‍െറ ഭാഗമാകാവൂ എന്ന നിബന്ധനയും ലംഘിക്കപ്പെട്ടു. പലയിടത്തും മനുഷ്യ ഗോപുരത്തിന്‍െറ ഉച്ചിയില്‍ പതിവു പോലെ കുട്ടികളെയാണ് കണ്ടത്.
മനുഷ്യഗോപുരങ്ങള്‍ ഉയരത്തിലാകുന്നത് അപകടകരവും പേടിപ്പെടുത്തുന്നതുമാണെന്ന് ബുധനാഴ്ച സുപ്രീംകോടതി പറഞ്ഞിരുന്നു. കോടതി ഉത്തരവ് പുന$പരിശോധിക്കാനാവശ്യപ്പെട്ട് ഹരജി നല്‍കിയവരോട് വെണ്ണക്കുടമുടക്കുന്നതിന് ഒളിമ്പിക്സ് മെഡല്‍ കിട്ടുമോ എന്നായിരുന്നു കോടതിയുടെ ചോദ്യം. പൊതുതാല്‍പര്യ ഹരജിയെ തുടര്‍ന്ന് ബോംബെ ഹൈകോടതിയാണ് മനുഷ്യഗോപുരത്തിന്‍െറ ഉയരത്തിന് ആദ്യം നിയന്ത്രണമേര്‍പ്പെടുത്തിയത്.  
വെണ്ണക്കുടമുടക്കുന്നതിനുള്ള മനുഷ്യഗോപുരത്തിന്‍െറ ഉയരം വിവിധ ഗ്രൂപ്പുകള്‍ക്കിടയില്‍ കടുത്ത മത്സരമാണുണ്ടാക്കുന്നത്. 43 അടി ഉയരത്തില്‍ മനുഷ്യഗോപുരമുണ്ടാക്കി മുംബൈയിലെ ഒരു ഗ്രൂപ് റെക്കോഡ് സ്ഥാപിച്ചിരുന്നു. ഇതു തകര്‍ക്കാനുള്ള മത്സരത്തിനാണ് സുപ്രീംകോടതി ഉത്തരവ് പ്രതികൂലമായത്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.