ഗുജറാത്ത് സംവരണ ക്വോട്ട: സ്റ്റേ തുടരുമെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: ഗുജറാത്ത് സര്‍ക്കാര്‍ കൊണ്ടുവന്ന പുതിയ സംവരണ ക്വോട്ട റദ്ദാക്കിയ ഹൈകോടതി ഉത്തരവിനുള്ള ഇടക്കാല സ്റ്റേ തുടരുമെന്ന് സുപ്രീംകോടതി. ചീഫ് ജസ്റ്റിസ് ടി.എസ്. ഠാകുര്‍, ജസ്റ്റിസുമാരായ എ.എം. ഖാന്‍വില്‍ക്കര്‍, ഡി.വൈ. ചന്ദ്രചൂഡ് എന്നിവരടങ്ങിയ ബെഞ്ചാണ് സ്റ്റേ തുടരുമെന്ന് വ്യക്തമാക്കിയത്. ഈ വിഷയത്തില്‍ ആഗസ്റ്റ് 29ന് തുടര്‍വാദം കേള്‍ക്കുമെന്നും സുപ്രീംകോടതി അറിയിച്ചു. സംവരണ വിഭാഗത്തില്‍പെടാത്തവരിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് 10 ശതമാനം ക്വോട്ട ഏര്‍പ്പെടുത്തിയ ഗുജറാത്ത് സര്‍ക്കാര്‍ ഓര്‍ഡിനന്‍സാണ് ആഗസ്റ്റ് നാലിന് ഹൈകോടതി റദ്ദാക്കിയത്.

എന്നാല്‍, സര്‍ക്കാറിന് ഈ വിധിക്കെതിരെ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കാന്‍ വേണ്ടി ഹൈകോടതിതന്നെ അവരുടെ ഉത്തരവ് നടപ്പാക്കുന്നത് രണ്ടാഴ്ചത്തേക്ക് തടഞ്ഞിരുന്നു. ജനറല്‍ വിഭാഗത്തിലാണ് സംവരണം ഏര്‍പ്പെടുത്തുന്നതെന്ന സര്‍ക്കാര്‍വാദം അനുചിതവും ഭരണഘടനാ വിരുദ്ധവുമാണെന്ന് ഹൈകോടതി പറഞ്ഞു. പരമാവധി 50 ശതമാനം സംവരണമേ ആകാവൂ എന്ന സുപ്രീംകോടതിയുടെ നേരത്തേയുള്ള ഉത്തരവുകള്‍ക്ക് വിരുദ്ധമാണ് സര്‍ക്കാര്‍ ഓര്‍ഡിനന്‍സെന്നും ഹൈകോടതി വ്യക്തമാക്കിയിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.