ജെ.എന്‍.യുവില്‍ മാനഭംഗം; വിദ്യാര്‍ഥി നേതാവ് ഒളിവില്‍

ന്യൂഡല്‍ഹി: ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലാ ഹോസ്റ്റലില്‍ ഗവേഷക വിദ്യാര്‍ഥിനിയെ മാനഭംഗം ചെയ്തെന്ന കേസില്‍ പ്രമുഖ വിദ്യാര്‍ഥി സംഘടനയായ ഓള്‍ ഇന്ത്യ സ്റ്റുഡന്‍റ്സ് അസോസിയേഷന്‍ (ഐസ) മുന്‍ നേതാവ് അന്‍മോല്‍ രത്തന്‍ ഒളിവില്‍. വിദ്യാര്‍ഥി നേതാവിനെ ഐസ പുറത്താക്കി. പ്രതിക്കുവേണ്ടി പൊലീസ് തെരച്ചില്‍ നടത്തിവരുന്നു. രത്തനെതിരെ 28കാരിയായ പിഎച്ച്.ഡി വിദ്യാര്‍ഥിയാണ് പൊലീസില്‍ പരാതി നല്‍കിയത്. തിങ്കളാഴ്ച ജെ.എന്‍.യു കാമ്പസില്‍ വിദ്യാര്‍ഥി നേതാവിന്‍െറ കോലം കത്തിക്കല്‍ അടക്കം പ്രതിഷേധ പ്രകടനങ്ങള്‍ നടന്നു. തീവ്ര ഇടതുപക്ഷ വിദ്യാര്‍ഥി സംഘടനയാണ് ഐസ. ഈ സംഘടനക്കാണ് ജെ.എന്‍.യുവില്‍ മേല്‍ക്കൈ. ജെ.എന്‍.യുവില്‍ ചുവടുറപ്പിക്കാന്‍ ശ്രമിക്കുന്ന എ.ബി.വി.പി ഐസ നേതാവിനെതിരായ കേസ് ആയുധമാക്കിയതോടെ കാമ്പസ് സംഘര്‍ഷാവസ്ഥയിലാണ്.

കഴിഞ്ഞ ശനിയാഴ്ചയാണ് സംഭവം നടന്നത്. ഗവേഷക വിദ്യാര്‍ഥി ആവശ്യപ്പെട്ട ഒരു സിനിമയുടെ സീഡി തന്‍െറ പക്കലുണ്ടെന്നും പെന്‍ഡ്രൈവില്‍ പകര്‍ത്തിക്കൊടുക്കാമെന്നും പറഞ്ഞ് രത്തന്‍ യുവതിയെ ഹോസ്റ്റല്‍ മുറിയില്‍ വരുത്തുകയായിരുന്നുവെന്നാണ് പെണ്‍കുട്ടിയുടെ പരാതിയില്‍ പറയുന്നത്. ഹോസ്റ്റല്‍ മുറിയിലത്തെിയപ്പോള്‍ മയക്കുമരുന്ന് കലര്‍ത്തിയ ശീതളപാനീയം നല്‍കി. അത് കുടിച്ചതിനുശേഷം ബോധരഹിതയായി. മണിക്കൂറുകള്‍ക്കുശേഷം ഉണര്‍ന്നപ്പോഴാണ് പീഡനത്തിന് ഇരയായത് തിരിച്ചറിഞ്ഞത്. സംഭവത്തെക്കുറിച്ച് പുറത്തുപറഞ്ഞാല്‍ നശിപ്പിച്ചുകളയുമെന്ന് ഭീഷണിപ്പെടുത്തിയെന്നും ഞായറാഴ്ച വസന്ത്കുഞ്ച് പൊലീസ് സ്റ്റേഷനിലത്തെി യുവതി നല്‍കിയ പരാതിയില്‍ പറയുന്നു.

 2015ല്‍ ഐസയുടെ ഡല്‍ഹി സംസ്ഥാന ഘടകം പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ട അന്‍മോല്‍ രത്തനെ പിന്നീട് സ്ഥാനത്തുനിന്ന് മാറ്റിയിരുന്നു. പെണ്‍കുട്ടികളോടും മറ്റും മോശമായി സംസാരിച്ചെന്ന പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു നടപടി. അന്‍മോല്‍ രത്തനെതിരായ പരാതി ഐസ ഗൗരവമായാണ് കാണുന്നതെന്ന് ദേശീയ പ്രസിഡന്‍റ് സുചേത ഡേ പറഞ്ഞു. അയാള്‍ ചെയ്ത കുറ്റത്തിന് തക്കതായ ശിക്ഷ വാങ്ങിക്കൊടുക്കാന്‍ ഇരക്കൊപ്പം സംഘടന ഉറച്ചുനില്‍ക്കും. പ്രതിയുടെ അറസ്റ്റ് ഉള്‍പ്പെടെ പൊലീസ് നടപടികള്‍ വേഗത്തിലാക്കണമെന്നും സുചേത ഡേ പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.