ദേശീയതയെന്നാല്‍ ഹിന്ദു വര്‍ഗീയതയല്ല –രാം പുനിയാനി

ന്യൂഡല്‍ഹി: ഹിന്ദു വര്‍ഗീയവാദികളുടെ വാദങ്ങളും ചെയ്തികളും ദേശീയതയായി ദുര്‍വ്യാഖ്യാനിക്കുകയാണെന്ന് സാമൂഹിക പ്രവര്‍ത്തകന്‍ രാം പുനിയാനി. ജമാഅത്തെ ഇസ്ലാമിയുടെ ‘സമാധാനം, മാനവികത’ ദേശീയ കാമ്പയിന്‍െറ ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹിന്ദുക്കള്‍ ഭൂരിപക്ഷമാണ് എന്നതുകൊണ്ട് ഹിന്ദു വര്‍ഗീയവാദം രാജ്യത്തിന്‍െറ ദേശീയതയായി മാറില്ളെന്ന് രാം പുനിയാനി പറഞ്ഞു. എല്ലാവിധ വര്‍ഗീയ വാദങ്ങളും നാടിന് ആപത്താണ്. അത് ചെറുത്തുതോല്‍പിക്കണം. ഗോ രക്ഷയുടെ പേരിലുള്ള കോലാഹലങ്ങള്‍ ഫാഷിസ്റ്റുകളുടെ രാഷ്ട്രീയ ആയുധമാണ്. മുസ്ലിം, ക്രിസ്ത്യന്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരെ ധാരാളം തെറ്റായ കാര്യങ്ങളാണ് പ്രചരിപ്പിക്കപ്പെടുന്നത്. അതുമൂലം പൊതുജനങ്ങളിലുണ്ടാകുന്ന തെറ്റിദ്ധാരണ നീക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയില്‍ ന്യൂനപക്ഷങ്ങള്‍ ഹിന്ദുക്കള്‍ക്കെതിരെ ഒന്നിക്കുകയല്ളെന്നും മറിച്ച്, തങ്ങളുടെ അവകാശങ്ങള്‍ ചോദിക്കുക മാത്രമാണെന്നും  ഓള്‍ ഇന്ത്യ ക്രിസ്ത്യന്‍ കൗണ്‍സില്‍ സെക്രട്ടറി ജനറല്‍ ഡോ. ജോണ്‍ ദയാല്‍ പറഞ്ഞു.  ന്യൂനപക്ഷത്തിന്‍െറ രാജ്യസ്നേഹവും ഭൂരിപക്ഷത്തിന്‍െറ രാജ്യസ്നേഹവും തമ്മില്‍ അന്തരമില്ല.  എങ്കിലും,  സംഘ്പരിവാര്‍  മുസ്ലിംകളുടെയും ക്രിസ്ത്യാനികളുടെയും രാജ്യസ്നേഹം നിരന്തരം ചോദ്യംചെയ്യുകയാണെന്നും അദ്ദേഹം പറഞ്ഞു.  

സംഘ്പരിവാറിന്‍െറ ആശയങ്ങള്‍ നിലനില്‍ക്കുന്നിടത്തോളം ഇന്ത്യയില്‍ സമാധാനവും മാനുഷികതയും അപകടത്തിലാണെന്ന് മുസ്ലിം മജ്ലിസെ മുശാവറ ദേശീയ പ്രസിഡന്‍റ് നാവെദ് ഹാമിദ് പറഞ്ഞു.  ഹിന്ദുക്കളുടെ മേഖലകളില്‍ മുസ്ലിം വീടുകളില്ല, മുസ്ലിംകള്‍ കൂടുതലുള്ള ഇടങ്ങളില്‍ ഹിന്ദുക്കളുമില്ല എന്നതാണ് ഉത്തരേന്ത്യയിലെ നിലയെന്ന് മഗ്സസെ അവാര്‍ഡ് ജേതാവായ ഡോ. സന്ദീപ് പാണ്ഡെ പറഞ്ഞു.   ചില ശക്തികള്‍ രാജ്യത്തെ വിഭജിക്കാന്‍ ശ്രമിക്കുകയാണെന്ന് ജമാഅത്തെ ഇസ്ലാമി അമീര്‍ സയ്യിദ് ജലാലുദ്ദീന്‍ ഉമരി പറഞ്ഞു. വിവിധ മതവിശ്വാസികളുടെ മനസ്സുകള്‍  തമ്മിലുള്ള അകലം കുറച്ചുകൊണ്ടുവരേണ്ടതും പരസ്പര വിശ്വാസം വളര്‍ത്തേണ്ടതും കാലഘട്ടത്തിന്‍െറ ആവശ്യമാണ്. സമാധാനത്തിനും മാനുഷികതക്കും വേണ്ടി മതവും രാഷ്ട്രീയവും മറന്ന് കൈകോര്‍ക്കാന്‍ നമുക്കു കഴിയണം. അതിനുള്ള ശ്രമമാണ് ദേശീയ കാമ്പയിനെന്നും അദ്ദേഹം പറഞ്ഞു.      
മതസൗഹാര്‍ദത്തിന് നല്‍കിയ സംഭാവനകള്‍ മാനിച്ച്  രാം പുനിയാനി, സന്ദീപ് പാണ്ഡെ, യുഗല്‍ കിഷോര്‍ ശാസ്ത്രി,  ജെ.എസ്. ബന്ദുക്വാല എന്നിവര്‍ക്ക് സദ്ഭാവനാ പുരസ്കാരം നല്‍കി ആദരിച്ചു.

ഇന്ത്യന്‍ ഇസ്ലാമിക് കള്‍ചറല്‍ സെന്‍ററില്‍ നടന്ന ചടങ്ങില്‍   ജൈനമതവിഭാഗത്തില്‍പെട്ട വിശ്വ അഹിംസാ സംഘത്തിന്‍െറ രക്ഷാധികാരി കസ്തുര്‍ മുനി,  അയോധ്യയില്‍നിന്നുള്ള സന്യാസി യുഗല്‍ കിഷോര്‍ ശാസ്ത്രി, അസി. അമീര്‍ സയ്യിദ് സആദത്തുല്ല ഹുസൈന്‍, ജനറല്‍ സെക്രട്ടറി എന്‍ജി. മുഹമ്മദ് സലീം തുടങ്ങിയവരും സംസാരിച്ചു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.