ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച രേഖകൾ ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി നേതാവുമായ അരവിന്ദ് കെജ്‌രിവാളിന് ലഭ്യമാക്കാൻ ഡൽഹി, ഗുജറാത്ത് സർവകലാശാലകൾക്ക് കേന്ദ്ര വിവരാവകാശ കമീഷൻ നിർദേശം നൽകി. ഇക്കാര്യമാവശ്യപ്പെട്ട് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാൾ വിവരാവകാശ കമീഷന് കത്തയച്ചിരുന്നു. ഇതേ തുടർന്നാണ് നടപടി.
കേന്ദ്ര വിവരാവകാശ കമീഷണർ എം.ശ്രീധർ ആചാര്യുലുവാണ് പ്രധാന മന്ത്രിയുടെ ഓഫിസിന് ഇക്കാര്യത്തിൽ നിർദേശം നൽകിയത്. അതേസമയം, വിദ്യാർഥിയുടെ റോൾ നമ്പർ ലഭ്യമാക്കാനായില്ലെങ്കിൽ ഈ വിവരങ്ങൾ കണ്ടെത്തി പരസ്യപ്പെടുത്തുക ബുദ്ധിമുട്ടായിരിക്കുമെന്ന് ഡൽഹി സർവകലാശാല അറിയിച്ചു.
ഡൽഹി സർവകലാശാലയിൽ നിന്ന് ബി.എ ബിരുദവും ഗുജറാത്ത് സർവകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ടെന്നായിരുന്നു 2014ൽ സമർപ്പിച്ച നാമനിർദേശ പത്രികയിൽ മോദി പറഞ്ഞിരുന്നത്. വിവരാവകാശ നിയമപ്രകാരം അപേക്ഷിച്ചിട്ടും മോദിയുടെ വിദ്യാഭ്യാസ രേഖകൾ പുറത്തുവിടാൻ ഡൽഹി സർവകലാശാല തയാറായിരുന്നില്ല. റോൾ നമ്പർ ഉൾപ്പെടെയുള്ള വിവരങ്ങൾ ലഭ്യമല്ലെന്നും അത് കണ്ടെത്തേണ്ടതുണ്ടെന്നുമായിരുന്നു സർവകലാശാല നൽകിയ മറുപടി. ഇതേത്തുടർന്നാണ് കെജ്‌രിവാൾ കേന്ദ്ര വിവരാവകാശ കമീഷന് കത്തയച്ചത്. മോദിയുടെ വിദ്യാഭ്യാസ വിവരങ്ങൾ മൂടിവെച്ചിരിക്കുകയാണെന്നാണ് അറിയാൻ കഴിഞ്ഞത്. രാജ്യം അത് അറിയാന് ആഗ്രഹിക്കുന്നു. ഇനി നിങ്ങൾ അത് മൂടിവെക്കുകയാണെങ്കിൽ എന്തിന് വേണ്ടിയാണ് അത് ചെയ്യുന്നതെന്ന് വെളിപ്പെടുത്തണമെന്നും കെജ് രിവാൾ വിവരാവകാശ കമീഷനോട് ആവശ്യപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.