എന്നെ അറസ്റ്റ് ചെയ്തതുകൊണ്ട് ബാങ്കുകള്‍ക്ക് പണം കിട്ടില്ല: മല്യ

ലണ്ടന്‍: തന്നെ ഇന്ത്യയില്‍ നിന്ന് നിര്‍ബന്ധപൂര്‍വം നാടുകടത്തുകയായിരുന്നുവെന്ന് മദ്യരാജാവ് വിജയ് മല്യ. ഇന്ത്യയിലെ ബാങ്കുകള്‍ക്ക് നല്‍കാനുണ്ടായിരുന്ന 9,000 കോടി രൂപ തിരിച്ചടക്കാതെ ബ്രിട്ടനിലേക്ക് നാടുവിട്ട മല്യ ഇംഗ്ളീഷ് പത്രമായ ഫൈനാന്‍ഷ്യല്‍ ടൈംസിന് നല്‍കിയ അഭിമുഖത്തിലാണ് ഇങ്ങനെ പറഞ്ഞത്. എന്‍റെ പാസ്പോര്‍ട്ട് റദ്ദാക്കിയതുകൊണ്ടോ എന്നെ അറസ്റ്റ് ചെയ്തതുകൊണ്ടോ ബാങ്കുകള്‍ക്ക് പണം തിരികെ കിട്ടാന്‍ പോകുന്നില്ലെന്നും അഭിമുഖത്തില്‍ മല്യ പറഞ്ഞു.

വേദനാജനകമായ ഈ അധ്യായം അവസാനിപ്പിക്കണമെന്നാണ് തന്‍റെ ആഗ്രഹം. ബാങ്കുകളുമായി സമവായ ചര്‍ച്ചകള്‍ നടന്നുവരുന്നുമുണ്ട്. പക്ഷെ തനിക്കുകൂടി തൃപ്തികരമായ രീതിയില്‍ വേണം പ്രശ്നം പരിഹരിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

9,000 കോടി രൂപയെന്ന സംഖ്യ ബാങ്കുകള്‍ പലിശയും കൂട്ടുപലിശയും കൂട്ടി കാണിച്ച കൃത്രിമ തുകയാണ്. പ്രശ്നപരിഹാരം എന്ന നിലക്ക് 4,000 കോടി രൂപ തിരിച്ചടക്കാന്‍ താന്‍ തയ്യാറായിരുന്നുവെന്നും അദ്ദേഹം അഭിമുഖത്തില്‍ വ്യക്തമാക്കി.

മല്യയെ ഇന്ത്യയില്‍ തിരിച്ചത്തെിക്കണമെന്ന് കാണിച്ച് ബ്രിട്ടീഷ് ഹൈകമീഷന് കത്തെഴുതിയുതിയിട്ടുണ്ടെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് വികാസ് സ്വരൂപ് വ്യാഴാഴ്ച വ്യക്തമാക്കിയിരുന്നു.

കഴിഞ്ഞയാഴ്ച മല്യയുടെ പാസ്പോര്‍ട്ട്  ഇന്ത്യ റദ്ദാക്കിയിരുന്നു. 2012ല്‍ പ്രവര്‍ത്തനം നിലച്ച കിങ് ഫിഷര്‍ എയര്‍ലൈന്‍സുമായി ബന്ധപ്പെട്ട സാമ്പത്തിക ക്രമക്കേടുകള്‍ അന്വേഷിക്കുന്നവര്‍ക്ക് മുമ്പാകെ ഹാജരാകുന്നതില്‍ പലതവണ വീഴ്ച വരുത്തിയതിനെ തുടര്‍ന്നായിരുന്നു നടപടി. ഇദ്ദേഹത്തിനെതിരെ കോടതി അറസ്റ്റ് വാറന്‍്റും പുറപ്പെടുവിച്ചിട്ടുണ്ട്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.