ലിംഗസമത്വം ഭരണഘടനാപരമായ അവകാശം –സുപ്രീംകോടതി

ന്യൂഡല്‍ഹി: ലിംഗസമത്വം ഭരണഘടനാപരമായ അവകാശമായതിനാല്‍ ശബരിമലയുടെ കാര്യത്തില്‍ ലിംഗവിവേചനം അസ്വീകാര്യമാണെന്ന് കേസ് പരിഗണിക്കുന്ന ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ച് വ്യക്തമാക്കി. പൂജക്കും ക്ഷേത്രപരിപാലനത്തിനുമുള്ള നിയന്ത്രണംപോലെയല്ല ക്ഷേത്രപ്രവേശത്തിനുള്ള വിലക്കെന്നും സുപ്രീംകോടതി ഓര്‍മിപ്പിച്ചു.
ആര്‍ത്തവത്തിന്‍െറ പേരുപറഞ്ഞുള്ള ശബരിമലയിലെ വിലക്ക് സ്ത്രീയുടെ അന്തസ്സിടിക്കുന്ന ലംഗവിവേചനമാണെന്ന് അമിക്കസ് ക്യൂറി രാജു രാമചന്ദ്രന്‍ ജസ്റ്റിസുമാരായ കുര്യന്‍ ജോസഫ്, വി. ഗോപാല ഗൗഡ എന്നിവര്‍കൂടി അടങ്ങുന്ന ബെഞ്ച് മുമ്പാകെ സമര്‍ഥിച്ചപ്പോഴായിരുന്നു ജസ്റ്റിസ് ദീപക് മിശ്ര ഈ നിരീക്ഷണം നടത്തിയത്. ശബരിമലയിലേത് ലിംഗവിവേചനമല്ല, പ്രായപരിധിവെച്ചതാണെന്ന ദേവസ്വം ബോര്‍ഡിന്‍െറ വാദം അര്‍ഥശൂന്യമാണെന്ന് അമിക്കസ് ക്യൂറി ബോധിപ്പിച്ചു. എല്ലാ ഹിന്ദുക്കള്‍ക്കും കയറാന്‍ പറ്റില്ളെന്ന് ചില ക്ഷേത്രങ്ങള്‍ വിലക്കിയപോലെയാണ് ശബരിമലയിലെ വിലക്ക്.
ശാരീരികമായ അവസ്ഥ പരിഗണിച്ചാണ് 10നും 50നുമിടയില്‍ പ്രായമുള്ള സ്ത്രീകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയതെന്നാണ് പറയുന്നത്. 10നും 50നുമിടയില്‍ പ്രായമുള്ളവര്‍ക്കിടയിലെ ജീവശാസ്ത്രപരമായ മാറ്റം പരിഗണിച്ചാണെന്ന് പറയുമ്പോള്‍ അതില്‍ പുരുഷന്മാരില്ളെന്നും സ്ത്രീകള്‍ മാത്രമേയുള്ളൂവെന്നും ഓര്‍ക്കണം.
ഒരു സ്ത്രീയുടെ ശാരീരികമായ സവിശേഷതയെയാണ് ഇതിലൂടെ അപമാനിക്കുന്നത്. അത് ലിംഗപരമായ അവഹേളനവും അപമാനവുമാണ്. ജീവശാസ്ത്രപരമായ ഒരു സ്വഭാവവിശേഷം വിലക്കിനുള്ള ന്യായമായി പറഞ്ഞ് സ്ത്രീയുടെ അന്തസ്സിടിക്കുകയാണ്. ലിംഗപരമോ മതപരമോ ആയ വിവേചനവും വര്‍ഗവിവേചനമാണ്. അതിനാല്‍ ശബരിമലയില്‍ സ്ത്രീക്കുള്ള വിലക്കും വര്‍ഗവിവേചനമായി കാണാന്‍ കഴിയണം.
ഭരണഘടനയുടെ 25ാം അനുച്ഛേദം അനുസരിച്ച് എല്ലാ ഭക്തരെയും ഒരുപോലെ കാണണമെന്ന് അമിക്കസ് ക്യൂറി  രാജു രാമചന്ദ്രന്‍ ബോധിപ്പിച്ചു.  
ഭരണഘടനാപരമായ ഈ അവകാശം നിലനില്‍ക്കുന്നിടത്തോളം ഇത്തരം വിവേചനങ്ങള്‍ അവസാനിപ്പിക്കേണ്ടത് ഭരണകൂടത്തിന്‍െറയും സമൂഹത്തിന്‍െറയും കൂട്ടുത്തരവാദിത്തമാണ്. ആചാരത്തിന്‍െറ പേരുപറഞ്ഞ് സ്ത്രീകളെ ഒരു ആരാധനാലയത്തിന്‍െറയും പടിക്ക് പുറത്ത് നിര്‍ത്താനാകില്ല. ഒരു ആരാധനാമൂര്‍ത്തിയുടെ ഭക്തര്‍ക്കിടയില്‍ സ്ത്രീ-പുരുഷ വിവേചനം അനുവദിക്കാനാകില്ല. താന്‍ ആരാധിക്കുന്ന മൂര്‍ത്തിയെ കാണണമെന്നത് ഒരു സ്ത്രീയുടെ വിശ്വാസസ്വാതന്ത്ര്യമാണ്. എന്നാല്‍, അവിടെ പുരുഷന്മാര്‍ക്ക് പ്രവേശം നല്‍കുകയും സ്ത്രീയെ പുറത്തുനിര്‍ത്തുകയും ചെയ്യുന്നതിലൂടെ സ്ത്രീയുടെ അന്തസ്സിനെ അപമാനിക്കുകയാണ് ചെയ്യുന്നത്.
മൂര്‍ത്തിക്ക് ചില വിഭാഗം ഭക്തരെ കാണുന്നതില്‍ ഇഷ്ടമില്ളെങ്കിലോ എന്ന ജസ്റ്റിസ് കുര്യന്‍ ജോസഫിന്‍െറ ചോദ്യത്തിന് മൂര്‍ത്തിയല്ല, അതിനെ പരിപാലിക്കുന്നവരാണ് ഇത്തരം ഇഷ്ടാനിഷ്ടങ്ങള്‍ തീരുമാനിക്കുന്നത് എന്നായിരുന്നു രാജു രാമചന്ദ്രന്‍െറ മറുപടി.
ഭരണഘടനയുടെ 38ാം അനുച്ഛേദത്തില്‍ പൗരജീവിതത്തിന്‍െറ സാമൂഹികക്രമം വിശദീകരിച്ചിട്ടുണ്ടെന്ന് രാജു രാമചന്ദ്രന്‍ പറഞ്ഞു. എല്ലാ പൊതുസ്ഥാപനങ്ങളും ഒരു പൗരനെന്ന നിലക്കുള്ള ദേശീയ ജീവിതത്തിന്‍െറ ഭാഗമാണ്. ക്ഷേത്രമെന്നത് പൊതുസ്ഥാപനമാണ്. ഭരണഘടന വിശദീകരിച്ച സാമൂഹിക ക്രമം അവിടെയും ബാധകമാണ്. സദാചാരമെന്ന് പറയുന്നത് ഭരണഘടനയുടെ സദാചാരമാണെന്നും മനസ്സിലാക്കണം. മറ്റ് ഏത് സദാചാരവും ഭരണഘടനയുടെ സദാചാരത്തിന് അനുപൂരകമായിരിക്കണം.
ഭരണഘടനയുടെ 26(ബി) അനുച്ഛേദത്തില്‍ ഇക്കാര്യം വ്യക്തമാക്കിയതാണ്. ഒരു തരത്തിലുള്ള വിവേചനവും അനുവദിക്കുന്നില്ളെന്നത് ഇന്ത്യന്‍ ഭരണഘടനയുടെ സവിശേഷതയാണെന്ന് ഹരജിക്കാര്‍ക്കുവേണ്ടി ഹാജരായ അഡ്വ. കാമിനി ജയ്സ്വാള്‍ വാദിച്ചു. അവരുടെ വാദം പൂര്‍ത്തിയായെങ്കിലും അമിക്കസ് ക്യൂറിയുടെ വാദം വെള്ളിയാഴ്ചയും തുടരും.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.