ആചാരങ്ങള്‍ക്ക് ഭരണഘടനയെ മറികടക്കാന്‍ കഴിയുമോ; സ്ത്രീകളുടെ ക്ഷേത്രപ്രവേശത്തില്‍ സുപ്രീംകോടതി 

ന്യൂഡല്‍ഹി: ക്ഷേത്രങ്ങളിലെ സ്ത്രീ പ്രവേശ വിഷയത്തില്‍ നിര്‍ണായക ഇടപെടലുകളുമായി സുപ്രീംകോടതി. സ്ത്രീകള്‍ക്കുള്ള വിലക്ക് പ്രഥമദൃഷ്ട്യാ ഭരണഘടനാപരമായി നിലനില്‍ക്കുന്നതല്ളെന്ന് പറഞ്ഞ കോടതി ആചാരങ്ങള്‍ക്ക് ഭരണഘടനയെ മറികടക്കാന്‍ കഴിയുമോയെന്നും ചോദിച്ചു. ശബരിമല ക്ഷേത്രത്തിലെ സ്ത്രീ പ്രവേശനം സംബന്ധിച്ച കേസ് പരിഗണിക്കവെയാണ് സുപ്രീംകോടതിയുടെ ശ്രദ്ധേയമായ പരാമര്‍ശം.
എന്തടിസ്ഥാനത്തിലാണ് ശബരിമല ക്ഷേത്രത്തില്‍ പ്രവേശിക്കുന്നതില്‍ നിന്നും സ്ത്രീകളെ തടയുന്നതെന്ന് കോടതി ചോദിച്ചു. ജീവശാസ്ത്രപരമായ കാര്യങ്ങളുടെ പേരില്‍ വിവേചനം പാടില്ല. ആര്‍ത്തവം ഒരു ശാരീരിക അവസ്ഥയാണ്. ക്ഷേത്രങ്ങള്‍ പൊതുസ്ഥാപനങ്ങളാണെന്നും ആചാരങ്ങളെ സംബന്ധിച്ച ശരി തെറ്റുകളിലേക്ക് കടക്കുന്നില്ളെന്നും ലിംഗവിവേചനമാണ് പ്രശ്നത്തെ ഗൗരവമാക്കുന്നതെന്നും സുപ്രീംകോടതി നിരീക്ഷിച്ചു. ദീപക് മിശ്ര, പിനാകി ചന്ദ്ര ഗോസ്, എസ്.വി. രമണ എന്നിവരടങ്ങുന്ന മൂന്നംഗ ബഞ്ചാണ് കേസ് പരിഗണിച്ചത്.

സ്ത്രീകള്‍ക്ക് പ്രവേശനം നിഷേധിക്കുന്ന സമീപനത്തെ ജനുവരിയില്‍ കേസ് പരിഗണിച്ചപ്പോഴും സുപ്രീംകോടതി വിമര്‍ശിച്ചിരുന്നു. ഭഗവാന് ആണ്‍, പെണ്‍ വ്യത്യാസമില്ളെന്ന് അന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടിയിരുന്നു. ആത്മീയത പുരുഷന് മാത്രമുള്ളതല്ളെന്നും സ്ത്രീകളുടെ പ്രവേശ വിഷയത്തില്‍ ആത്മീയവും ഭരണഘടനാപരവുമായ വശങ്ങള്‍ പരിശോധിക്കുമെന്നും ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കിയിരുന്നു.

ഇതെ തുടര്‍ന്ന്, സ്ത്രീപ്രവേശം സംബന്ധിച്ച തര്‍ക്കത്തിന്‍െറ പേരില്‍ ആചാരാനുഷ്ഠാനങ്ങള്‍ മാറ്റാനാകില്ളെന്നും ഭക്തരുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുമെന്നും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഈ വിഷയത്തില്‍ വ്യക്തമാക്കിയിരുന്നു. ഭക്തരുടെ ഇംഗിതം സംരക്ഷിക്കുന്ന നിലപാടാണ് തന്ത്രിമാര്‍ കൈക്കൊണ്ടതെന്നും ഇതുമായി മുന്നോട്ടുപോകാനാണ് ബോര്‍ഡിന്‍െറ തീരുമാനമെന്നും ബോര്‍ഡ് അറിയിച്ചു. 

ശബരിമലയില്‍ എല്ലാ സ്ത്രീകള്‍ക്കും പ്രവേശം വേണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷക സംഘടന ഇന്ത്യന്‍ യങ് ലോയേഴ്സ് അസോയിയേഷനാണ് ഹരജി നല്‍കിയത്. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.