ഭാര്യയെ ‘പേടിച്ച്’ തെങ്ങിന്‍ മുകളില്‍; പൊലീസെത്തി താഴെ ഇറക്കി

മൈസൂരു: സ്വത്ത് പിടിച്ചെടുത്ത് ഭാര്യ നിരന്തരം ഉപദ്രവിക്കുന്നതായി ആരോപിച്ച് തെങ്ങിന്‍ മുകളിലിരുന്ന് മധ്യവയസ്കന്‍െറ ആത്മഹത്യാ ഭീഷണി. നാട്ടുകാരും ഭാര്യയും അഭ്യര്‍ഥിച്ചിട്ടും താഴെ ഇറങ്ങാത്തയാളെ ഒടുവില്‍ പൊലീസ് ഇടപെട്ടാണ് താഴെ എത്തിച്ചത്.
ശനിയാഴ്ച മൈസൂരുവിനടുത്ത സരസ്വതീപുരം പാര്‍ക്കിലാണ് സംഭവം. വെങ്കിടേഷ് എന്നയാളാണ് ഭാര്യയില്‍നിന്ന് ‘നീതി’ ലഭിക്കാന്‍ പുതിയ സമരമാര്‍ഗം സ്വീകരിച്ചത്. പാര്‍ക്കിലെ ഏറ്റവും ഉയരം കൂടിയ തെങ്ങിന്‍ മുകളിലിരുന്നായിരുന്നു വെങ്കിടേഷിന്‍െറ ആത്മഹത്യാ ഭീഷണി. വീട്ടില്‍ താന്‍ ഒറ്റപ്പെട്ടതായും ഭാര്യയും മറ്റുള്ളവരും തന്നെ കൊല്ലാന്‍ ശ്രമിക്കുന്നതായും വെങ്കിടേഷ് മുകളിലിരുന്നു വിളിച്ചുപറയുന്നുണ്ടായിരുന്നു. നാട്ടുകാര്‍ ഇടപെട്ടിട്ടും താഴെ ഇറങ്ങാത്ത വെങ്കിടേഷിനെ അനുനയിപ്പിക്കാന്‍ ഭാര്യ സുശീല എത്തിയെങ്കിലും വെങ്കിടേഷ് കുലുങ്ങിയില്ല. ഒടുവില്‍ പൊലീസ് വന്ന് താഴെ ഇറക്കുകയായിരുന്നു. വെങ്കിടേഷിന്‍െറ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് ഭാര്യ സുശീല പറഞ്ഞു.
നടനും കോണ്‍ഗ്രസ് നേതാവുമായ അംബരീഷിന്‍െറ കടുത്ത ആരാധകനായ വെങ്കിടേഷ് 1993ലും ഇതേ സാഹസം തെരഞ്ഞെടുത്തിരുന്നു. മറ്റൊരാളെ തല്ലിയ കേസില്‍ അറസ്റ്റ് ഭയന്നാണ് അന്ന് വെങ്കിടേഷ് തെങ്ങിന് മുകളില്‍ കയറി ചാടുമെന്ന് ഭീഷണിമുഴക്കിയത്. അംബരീഷ് എത്തിയാലല്ലാതെ താഴെ ഇറങ്ങില്ളെന്നായിരുന്നു വാശി. ഒടുവില്‍ അംബരീഷ് എത്തി. വെങ്കിടേഷ് താഴെ ഇറങ്ങുകയും ചെയ്തു. ആരാധകന് 500 രൂപ നല്‍കിയാണ് അന്ന് അംബരീഷ് മടങ്ങിയത്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.