ന്യൂഡൽഹി: ബി.ജെ.പിയിലെ വിവാദ അംഗങ്ങൾക്ക് മൂക്കുകയറിട്ടില്ലെങ്കിൽ രാജ്യത്തിെൻറ വിശ്വാസ്യത നഷ്ടപ്പെടുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ആഗോള റേറ്റിങ് ഏജൻസിയായ മൂഡീസിെൻറ മുന്നറിയിപ്പ്. ‘ഇന്ത്യ ഔട്ട്ലുക്: സേർച്ചിങ് ഫോർ പൊട്ടൻഷ്യൽ’ എന്നപേരിൽ വെള്ളിയാഴ്ച പുറത്തിറങ്ങിയ റിപ്പോർട്ടിലാണ് ആഗോളതലത്തിൽ പ്രതിച്ഛായ സൃഷ്ടിക്കാൻ കിണഞ്ഞുശ്രമിക്കുന്ന മോദിയുടെ പ്രയത്നം സഹപ്രവർത്തകരുടെ പ്രവൃത്തിമൂലം നിഷ്ഫലമാകുമെന്ന മുന്നറിയിപ്പ്.
രാജ്യം വളരണമെങ്കിൽ വാഗ്ദാനം ചെയ്യപ്പെട്ട പരിഷ്കാരങ്ങൾ നടപ്പാക്കണമെന്നും റിപ്പോർട്ട് ഓർമിപ്പിച്ചു.
വിജയത്തിെൻറ വ്യാപ്തി നിർണയിക്കുന്നത് രാഷ്ട്രീയപരിണിതികളാണ്. ഭരണകക്ഷിയായ ബി.ജെ.പിക്ക് രാജ്യസഭയിൽ ഭൂരിപക്ഷമില്ല. നിർണായക ബില്ലുകൾ പലതും പ്രതിപക്ഷത്തിെൻറ എതിർപ്പ് നേരിടുകയും ചെയ്യുന്നു. അതിനിടെയാണ് വിവാദ പരാമർശങ്ങളിലൂടെ ബി.ജെ.പി അംഗങ്ങൾതന്നെ സർക്കാറിനെ പ്രതിസന്ധിയിലാക്കുന്നത്.
ദേശീയവാദ ഭർത്സനങ്ങളിൽനിന്ന് മോദി വിട്ടുനിൽക്കുന്നുണ്ടെങ്കിലും ന്യൂനപക്ഷങ്ങൾക്കു നേരെയുണ്ടാകുന്ന പ്രകോപനപരമായ വെല്ലുവിളികൾ വർഗീയ സംഘർഷത്തിലേക്കാണ് വളരുന്നത്.
അക്രമം വർധിക്കാനുള്ള സാധ്യതക്കൊപ്പം രാജ്യസഭയിൽ പ്രതിപക്ഷത്തിെൻറ കടന്നാക്രമണംകൂടി നേരിടേണ്ടിവരുമ്പോൾ ചർച്ച സാമ്പത്തികനയങ്ങളിൽനിന്ന് വഴിമാറിപ്പോവുകയാണ്. ഈ സാഹചര്യത്തിൽ തെൻറ അംഗങ്ങളെ നിർബന്ധമായും മോദി അടക്കിനിർത്തിയില്ലെങ്കിൽ ആഭ്യന്തരമായും അന്താരാഷ്ട്രതലത്തിലും രാജ്യത്തിെൻറ വിശ്വാസ്യത നഷ്ടമാകുമെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടി.
സെപ്റ്റംബർ പാദത്തിൽ രാജ്യത്തിെൻറ മൊത്ത ആഭ്യന്തര ഉൽപാദനവളർച്ച 7.3 ശതമാനത്തിലാണെന്നും എന്നാൽ, ഈ വർഷം മൊത്തത്തിൽ ഇത് 7.6 ശതമാനമായിരിക്കുമെന്നും മൂഡീസ് പറയുന്നു.
ചരക്കുസേവന നികുതി, തൊഴിൽനിയമ പരിഷ്കരണം, ഭൂമി ഏറ്റെടുക്കൽ ബിൽ തുടങ്ങിയ സാമ്പത്തിക പരിഷ്കരണ നടപടികൾ സാമ്പത്തികവളർച്ചക്ക് നിർണായകമാണ്.
എന്നാൽ, 2015ൽ ഇതിലൊന്നും തീരുമാനത്തിലെത്താൻ സാധ്യതയില്ല. ഒരുപക്ഷേ, അടുത്തവർഷം പാസായേക്കാം. പലിശനിരക്ക് കുറച്ചത് ഹ്രസ്വകാലത്തേക്ക് ഗുണകരമാണെങ്കിലും ദീർഘകാല വളർച്ചാസാധ്യതക്ക് പരിഷ്കരണം അനിവാര്യമാണെന്നും റിപ്പോർട്ട് പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.