അസഹിഷ്ണുതക്കെതിരെ രാജ്യസഭയിൽ സി.പി.എം പ്രമേയം

ന്യൂഡൽഹി: അസഹിഷ്ണുതക്കെതിരെ രാജ്യസഭയിൽ പ്രമേയം പാസാക്കണമെന്നാവശ്യപ്പെട്ട് സി.പി.എം നോട്ടീസ് നൽകി. പാർട്ടി സഭാനേതാവ് കൂടിയായ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയാണ് ചട്ടം 169 പ്രകാരം രാജ്യസഭാ സെക്രട്ടറി ജനറലിന് നോട്ടീസ് നൽകിയത്. ബി.ജെ.പിയും സംഘ്പരിവാറും പ്രതിക്കൂട്ടിൽനിൽക്കുന്ന വിഷയത്തിൽ പ്രമേയം പാസായാൽ അത് മോദിസർക്കാറിന് ക്ഷീണമാണ്. പ്രതിപക്ഷത്തിന് ഭൂരിപക്ഷമുള്ള രാജ്യസഭയിൽ യെച്ചൂരിക്ക് എൻ.ഡി.എ ഇതരപാർട്ടികളുടെ പിന്തുണ കിട്ടുമെന്നാണ് പ്രതീക്ഷ. പാർലമെൻറിെൻറ ശീതകാലസമ്മേളനം ഈമാസം 26നാണ് തുടങ്ങുന്നത്. ഡിസംബർ 23വരെ നീളും. കോൺഗ്രസ്, തൃണമൂൽ ഉൾപ്പെടെയുള്ള കക്ഷികളും അസഹിഷ്ണുതക്കെതിരെ സമാനമായ പ്രമേയം കൊണ്ടുവരാൻ തീരുമാനിച്ചിട്ടുണ്ട്.

ബിഹാർ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ കനത്തതോൽവിയിൽ ഈർജം ലഭിച്ച ബി.ജെ.പി ഇതര പാർട്ടികൾ മോദിസർക്കാറിനെ സഭയിൽ കടന്നാക്രമിക്കാനുള്ള ഒരുക്കത്തിലാണ്. എഴുത്തുകാരൻ എം.എം. കൽബുർഗിയുടെ വധം, ബീഫ് കഴിച്ചുവെന്നാരോപിച്ച് ദാദ്രിയിൽ മുഹമ്മദ് അഖ്ലാഖിനെ തല്ലിക്കൊന്നത് ഉൾപ്പെടെയുള്ള വിഷയങ്ങളുയർത്തി ബി.ജെ.പിയെ പ്രതിക്കൂട്ടിലാക്കാനാണ് പ്രതിപക്ഷം കരുനീക്കുന്നത്. സംഘ്പരിവാർ നേതാക്കൾ നടത്തിയ വിവാദപ്രസ്താവനകളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മറുപടിയും വർഗീയവിദ്വേഷം നിറഞ്ഞ പ്രസ്താവനകൾ നടത്തിയവർക്കെതിരെ നടപടിയും പ്രതിപക്ഷം ആവശ്യപ്പെടും.  
പ്രതിപക്ഷ സമ്മർദത്തിനുവഴങ്ങി സഭയിൽ മറുപടിപറയാൻ മോദി തയാറാകുമോയെന്നാണ് രാഷ്ട്രീയകേന്ദ്രങ്ങൾ ഉറ്റുനോക്കുന്നത്.

കഴിഞ്ഞ പാർലമെൻറ് സമ്മേളനം ലളിത് മോദി വിഷയത്തിൽ തുടർച്ചയായി മുടങ്ങിയിട്ടും പ്രധാനമന്ത്രി സഭയിൽ വിശദീകരണം നൽകാൻ തയാറായില്ല. എന്നാൽ, ഇക്കുറി രാഷ്ട്രീയസാഹചര്യങ്ങളിൽ മാറ്റമുണ്ട്. ബിഹാർ തോൽവി മോദിയുടെ അപ്രമാദിത്വത്തിന് ഉലച്ചിലുണ്ടാക്കിയിട്ടുണ്ട്. ജി.എസ്.ടി ഉൾപ്പെടെ സുപ്രധാനനിയമങ്ങൾ പാർലമെൻറ് കടക്കണമെങ്കിൽ മോദിക്ക് പ്രതിപക്ഷ സഹകരണംകൂടിയേ തീരൂ. പ്രതിപക്ഷവുമായി ഒത്തുതീർപ്പിലെത്താൻ കേന്ദ്രസർക്കാറിനെ നിർബന്ധിക്കുന്ന സാഹചര്യമാണുള്ളത്. എന്നാൽ, ഇരുപക്ഷവും രാഷ്ട്രീയനിലപാടിൽ ഉറച്ചുനിന്നാൽ ഒരുമാസം നീളുന്ന ശീതകാലസമ്മേളനവും ബഹളത്തിൽ മുങ്ങാനാണ് സാധ്യത.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.