വിമുക്തഭടന്മാർക്ക് പ്രതിരോധ മന്ത്രിയുടെ പരിഹാസം

ന്യൂഡൽഹി: ‘ഒരു റാങ്ക് ഒരു പെൻഷൻ’ വിജ്ഞാപനം തള്ളിയ വിമുക്തഭടന്മാർക്ക് പ്രതിരോധ മന്ത്രിയുടെ പരിഹാസം. ചില ആളുകൾ എന്തുകൊടുത്താലും പിന്നെയും ചോദിച്ചുകൊണ്ടിരിക്കുമെന്നും എല്ലാവരെയും തൃപ്തിപ്പെടുത്താൻ തങ്ങൾക്ക് സാധ്യമല്ലെന്നും പ്രതിരോധ മന്ത്രി മനോഹർ പരീകർ. ഡൽഹിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി. വിരമിച്ച സൈനികരുടെ സമരത്തെത്തുടർന്ന് കഴിഞ്ഞ സെപ്റ്റംബർ അഞ്ചിന് ഒരു റാങ്ക് ഒരു പെൻഷൻ പദ്ധതി നടപ്പാക്കുമെന്ന് കേന്ദ്രം പ്രഖ്യാപിച്ചെങ്കിലും കഴിഞ്ഞ ദിവസമാണ് വിജ്ഞാപനം പുറത്തിറക്കിയത്.

എല്ലാ ആവശ്യങ്ങളും അംഗീകരിക്കാത്തതിൽ പ്രതിഷേധിച്ചാണ് വിമുക്തഭടന്മാരുടെ സംഘടന സർക്കാർ വിജ്ഞാപനം തള്ളിയത്. കഴിഞ്ഞ ജൂണിൽ ഡൽഹി ജന്തർ മന്തറിൽ തുടങ്ങിയ സമരം ഇവർ ഇപ്പോഴും തുടരുകയാണ്. അതിനിടെയാണ് സമരക്കാരെ പരിഹസിച്ച് പ്രതിരോധ മന്ത്രി രംഗത്തുവന്നത്.
ആവശ്യങ്ങൾ ഉന്നയിക്കാൻ എല്ലാവർക്കും അവകാശമുണ്ടെന്ന് മന്ത്രി പരീകർ പറഞ്ഞു. എല്ലാം അംഗീകരിക്കാൻ സാധ്യമല്ല. ഒരു റാങ്ക് ഒരു പെൻഷൻ എന്നതാണ് വിമുക്തഭടന്മാരുടെ മുഖ്യ ആവശ്യം. അത് അംഗീകരിച്ചിട്ടുണ്ട്.

ഇനിയെന്തെങ്കിലും കാര്യം ബാക്കിയുണ്ടെങ്കിൽ അത് പരിശോധിച്ച് തീരുമാനിക്കുന്നതിന് ജുഡീഷ്യൽ കമീഷനെ നിയമിക്കുന്നുണ്ട്. മറ്റു കാര്യങ്ങൾ കമീഷൻ തീരുമാനിക്കട്ടെ. മന്ത്രിയുടെ പ്രതികരണം അതിർത്തി കാത്ത സൈനികരെ അപമാനിക്കുന്നതാണെന്ന്  വിമുക്തഭടന്മാരുടെ സമരത്തിന് നേതൃത്വം നൽകുന്ന കൂട്ടായ്മയുടെ നേതാവ് സത്ബീർ സിങ് പറഞ്ഞു. മോദിസർക്കാർ ഇപ്പോൾ നടപ്പാക്കിയിരിക്കുന്നത് ഒരു റാങ്ക് ഒരു പെൻഷൻ പദ്ധതിയല്ല.

മറിച്ച് ഒരു റാങ്ക് അഞ്ച് പെൻഷൻ പദ്ധതിയാണ്. അഞ്ചു വർഷത്തിൽ പെൻഷൻ ഏകീകരണം എന്ന വ്യവസ്ഥ അംഗീകരിക്കില്ല. സ്വയം വിരമിച്ചവരെ പദ്ധതിയുടെ ആനുകൂല്യത്തിൽ നിന്ന് ഒഴിവാക്കിയതും അംഗീകരിക്കില്ല. സർക്കാർ തീരുമാനം തിരുത്തുന്നതുവരെ സമരം തുടരുമെന്നും സത്ബീർ സിങ് പറഞ്ഞു.   
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.