സര്‍ക്കാര്‍ അജണ്ട കട്ടപ്പുറത്താക്കി പാര്‍ലമെന്‍റ് പിരിഞ്ഞു

ന്യൂഡല്‍ഹി: ചരക്കുസേവന നികുതി ബില്‍, പാപ്പരത്ത ബില്‍ എന്നിവ പാസാക്കി പരിഷ്കരണ നടപടിക്ക് സര്‍ക്കാറിനുള്ള കരുത്ത് തെളിയിക്കാമെന്ന പ്രതീക്ഷയുമായി ശീതകാല പാര്‍ലമെന്‍റ് സമ്മേളനത്തെ സമീപിച്ച കേന്ദ്ര സര്‍ക്കാറിന് നിരാശ. വിവാദങ്ങളില്‍ തട്ടിത്തടഞ്ഞു മുന്നോട്ടുപോയ സമ്മേളനം രണ്ടു ബില്ലുകളും കട്ടപ്പുറത്താക്കി ബുധനാഴ്ച സമാപിച്ചു. സഭാസമ്മേളനം അവസാനിക്കുന്നതിന് ഒരു ദിവസം മുമ്പു മാത്രം ലോക്സഭയില്‍ അവതരിപ്പിച്ച പാപ്പരത്ത ബില്‍ തിരക്കിട്ട് പാസാക്കാന്‍ പറ്റില്ളെന്ന് പ്രതിപക്ഷം നിലപാട് എടുത്തതോടെ, ബില്ലിനെക്കുറിച്ച് പഠിക്കാന്‍ സംയുക്ത സമിതി രൂപവത്കരിക്കാന്‍ സര്‍ക്കാര്‍ തയാറാവുകയായിരുന്നു.
കോര്‍പറേറ്റുകള്‍ക്ക് ഇന്ത്യയില്‍ വ്യവസായ നടത്തിപ്പ് ലളിതമാക്കാന്‍ ഉദ്ദേശിച്ചുള്ളതാണ് ബില്‍. അടുത്ത ഏപ്രില്‍ മുതല്‍ ചരക്കു സേവന നികുതി സമ്പ്രദായം പ്രാബല്യത്തില്‍ കൊണ്ടുവരാന്‍ സര്‍ക്കാര്‍ നടത്തിയ തീവ്രശ്രമം നാഷനല്‍ ഹെറാള്‍ഡ് കേസ് അടക്കമുള്ള വിഷയങ്ങളില്‍ തട്ടി പൊളിഞ്ഞു.
പാര്‍ലമെന്‍റ് കലക്കാന്‍ മുന്‍കൂട്ടി തയാറാക്കിയ പദ്ധതിയുമായാണ് പ്രതിപക്ഷം ശീതകാല സമ്മേളനത്തിനത്തെിയതെന്ന് പാര്‍ലമെന്‍ററികാര്യമന്ത്രി വെങ്കയ്യനായിഡു കുറ്റപ്പെടുത്തി. ചരക്കു സേവന നികുതി ബില്ലിന്മേലുള്ള പ്രതീക്ഷ കളഞ്ഞിട്ടില്ളെന്ന് അദ്ദേഹം പറഞ്ഞു. പാര്‍ലമെന്‍റ് സ്തംഭിപ്പിക്കാന്‍ ഓരോ ദിവസവും ആരോപണങ്ങള്‍ കെട്ടിച്ചമച്ച് സഭയില്‍ കൊണ്ടുവരുകയാണ് കോണ്‍ഗ്രസും ഇടതു പാര്‍ട്ടികളും ചെയ്തത്.
രാജ്യസഭയില്‍ പ്രതിപക്ഷത്തിനുള്ള മേധാവിത്തമാണ് സര്‍ക്കാറിന്‍െറ നിയമനിര്‍മാണങ്ങളെ തടസ്സപ്പെടുത്തുന്നതെന്നിരിക്കേ, പാര്‍ലമെന്‍റില്‍ ഉപരിസഭയുടെ പങ്ക് എന്തായിരിക്കണമെന്നതിനെക്കുറിച്ച് ചര്‍ച്ച ഉയരുന്നുണ്ടെന്നും വെങ്കയ്യനായിഡു പറഞ്ഞു.
രാജ്യസഭയുടെ പങ്ക് പുനര്‍നിര്‍വചിക്കാന്‍ സര്‍ക്കാറിനുള്ള താല്‍പര്യം പ്രകടമാക്കിയ മന്ത്രി പക്ഷേ, വിശദാംശങ്ങളിലേക്ക് കടന്നില്ല. ശീതകാല സമ്മേളനത്തില്‍ രാജ്യസഭ പകുതിപോലും പ്രവര്‍ത്തനക്ഷമത നേടിയില്ല.
അതേസമയം, ബി.ജെ.പിക്ക് ഒറ്റക്ക് കേവല ഭൂരിപക്ഷമുള്ള ലോക്സഭ 110.46 ശതമാനം പ്രവര്‍ത്തനക്ഷമത കൈവരിച്ചു.
സര്‍ക്കാറിന്‍െറ പ്രവര്‍ത്തനങ്ങളെ പൊതുജനങ്ങള്‍ക്കിടയില്‍ തുറന്നുകാട്ടാന്‍ ഇനിയുള്ള ദിവസങ്ങളില്‍ മന്ത്രിമാര്‍ സംസ്ഥാനങ്ങള്‍ സന്ദര്‍ശിക്കും.
ബാലനീതി നിയമ ഭേദഗതി ബില്‍ അടക്കം 14 ബില്ലുകള്‍ പാസാക്കാന്‍ ഇതിനിടയിലും കഴിഞ്ഞുവെന്ന് മന്ത്രി പറഞ്ഞു.
 ഒമ്പതു ബില്ലുകള്‍ ശീതകാല സമ്മേളനത്തില്‍ അവതരിപ്പിക്കാന്‍ സാധിച്ചു. ബാലനീതി, പട്ടികജാതി-പട്ടികവര്‍ഗ അതിക്രമ നിരോധ ബില്ലുകളുമായി പ്രതിപക്ഷം സഹകരിച്ചത് പൊതുജന വികാരം ഭയന്നാണെന്ന് മന്ത്രി അഭിപ്രായപ്പെട്ടു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.