മഹാരാഷ്ട്രയില്‍ വിദ്യാര്‍ഥികള്‍ക്ക് കൂട്ട സ്ഥലംമാറ്റം

മുംബൈ: മഹാരാഷ്ട്രയിലെ സര്‍ക്കാര്‍ സ്കൂളുകളില്‍ വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും കൂട്ട സ്ഥലംമാറ്റം. സംസ്ഥാനത്തെ 36 ജില്ലകളിലുള്ള 3878 സ്കൂളുകളിലെ 30,000 വിദ്യാര്‍ഥികള്‍ക്കും എട്ടായിരത്തോളം അധ്യാപകര്‍ക്കുമാണ് നിര്‍ബന്ധിത സ്ഥലംമാറ്റം. പത്തില്‍ താഴെമാത്രം വിദ്യാര്‍ഥികളുള്ള സ്കൂളുകള്‍ അടച്ചു പൂട്ടുന്നതിന്‍െറ ഭാഗമായാണ് ഈ നീക്കം. 1153 സ്കൂളുകളില്‍ അഞ്ചില്‍ താഴെയാണ് വിദ്യാര്‍ഥികളുടെ എണ്ണം.

മഹാരാഷ്ട്രയിലെ സര്‍ക്കാര്‍സ്കൂളുകളുടെ നില പരുങ്ങലിലാണെന്നാണ് സര്‍ക്കാര്‍ നടത്തിയ പഠനം വ്യക്തമാക്കുന്നത്.
നാടാകെ സ്വകാര്യവിദ്യാലയങ്ങള്‍ പെരുകുന്നത് സര്‍ക്കാര്‍സ്കൂളുകളെ പ്രതികൂലമായി ബാധിച്ചു. ഇംഗ്ളീഷ് മീഡിയത്തോടുള്ള രക്ഷിതാക്കളുടെ ആഭിമുഖ്യമാണ് പ്രധാനഘടകം. സര്‍ക്കാര്‍ സ്കൂള്‍ പ്രവേശം 2010ലേതില്‍നിന്ന് 2014ല്‍ ഏഴു ശതമാനം കുറഞ്ഞെന്ന് സി.എ.ജി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. സ്വകാര്യ സ്കൂളുകളിലെ പ്രവേശം 21 ശതമാനത്തിലേറെയായി വര്‍ധിക്കുകയും ചെയ്തു.

വിദര്‍ഭ, കൊങ്കണ്‍ മേഖലകളിലെ സ്കൂളുകളാണ് അടച്ചുപൂട്ടുന്നതില്‍ ഏറെയും. മഹാരാഷ്ട്രയില്‍ 67,700 സര്‍ക്കാര്‍ സ്കൂളുകളാണുള്ളത്. സര്‍ക്കാറിന്‍െറ അലംബാവം, സര്‍ക്കാര്‍ സ്കൂളുകളോടുള്ള ജനങ്ങളുടെ മുന്‍ധാരണ, അധ്യാപനത്തിലെ നിലവാരക്കുറവ് തുടങ്ങിയവയാണ് തകര്‍ച്ചക്ക് കാരണമായി പറയുന്നത്. മുംബൈ നഗരത്തില്‍ പത്തില്‍ താഴെ വിദ്യാര്‍ഥികളുള്ള ഒരു സ്കൂള്‍ മാത്രമേയുള്ളൂ. ഇംഗ്ളീഷ് മീഡിയവും ഉള്‍പ്പെടുത്തി പരിഷ്കരിച്ചതോടെ നല്ലനിലയിലാണ് നഗരത്തിലെ സര്‍ക്കാര്‍സ്കൂളുകള്‍. മഹാരാഷ്ട്ര രാഷ്ട്രീയത്തിലെ പ്രമുഖരാണ് സംസ്ഥാനത്തെ സ്വകാര്യ വിദ്യാഭ്യാസമേഖല കൈയടക്കിയിരിക്കുന്നത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.