കൂടങ്കുളം ആണവ നിലയം: പുതിയ റിയാക്ടറുകള്‍ക്കായി റഷ്യയുമായി കരാറുണ്ടാക്കുന്നു

ന്യൂഡല്‍ഹി: തമിഴ്നാട്ടിലെ കൂടങ്കുളം ആണവനിലയം വികസിപ്പിക്കുന്നത് സംബന്ധിച്ച് റഷ്യയുമായി പുതിയ കരാര്‍ ഒപ്പുവെക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം. നിലയത്തിലെ അഞ്ച്, ആറ് റിയാക്ടറുകള്‍ സ്ഥാപിക്കുന്നതുസംബന്ധിച്ച് റഷ്യയുമായി കരാറുറപ്പിക്കുമെന്ന് പ്രധാനമന്ത്രിയുടെ ഓഫിസ് വൃത്തങ്ങള്‍ സൂചിപ്പിച്ചു. ബുധനാഴ്ച റഷ്യ സന്ദര്‍ശിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യന്‍ പ്രസിഡന്‍റ് വ്ളാദിമിര്‍ പുടിനുമായി വിഷയത്തില്‍ ചര്‍ച്ച നടത്തുമെന്നും കരാറിന് രൂപം നല്‍കുമെന്നും അറിയുന്നു.
ഇതിനകംതന്നെ വിവാദമായിട്ടുള്ള കൂടങ്കുളം പദ്ധതി കൂടുതല്‍ റിയാക്ടറുകള്‍ സ്ഥാപിച്ച് വികസിപ്പിക്കാനുള്ള നീക്കങ്ങള്‍ നേരത്തേതന്നെ തുടങ്ങിയിരുന്നു. ഈ മാസം ആദ്യം, റഷ്യന്‍ ആണവോര്‍ജ വകുപ്പായ റൊസാറ്റം ഡെപ്യൂട്ടി എക്സിക്യൂട്ടിവ് ഓഫിസര്‍ ന്യൂഡല്‍ഹിയിലത്തെി കേന്ദ്ര ആണവോര്‍ജ ഏജന്‍സി പ്രതിനിധികളുമായി ചര്‍ച്ച നടത്തിയിരുന്നു. നിലയത്തില്‍ യൂനിറ്റ് നാല്, അഞ്ച് എന്നിവ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് ഈചര്‍ച്ചകളില്‍തന്നെ ധാരണയായി. രണ്ടാം ഘട്ട ചര്‍ച്ചയാണ് മോദിയുടെ റഷ്യന്‍ സന്ദര്‍ശനത്തിലുണ്ടാവുകയെന്നും പ്രധാനമന്ത്രിയുടെ ഓഫിസ് സൂചിപ്പിച്ചു. കൂടങ്കുളത്തെ ആദ്യ രണ്ടു യൂനിറ്റുകള്‍ പ്രവര്‍ത്തനസജ്ജമെങ്കിലും അജ്ഞാതകാരണങ്ങളാല്‍ 10 മാസത്തിലധികമായി പ്രവര്‍ത്തിക്കുന്നില്ല. കഴിഞ്ഞ ഡിസംബറിനുശേഷം നിലയത്തിന്‍െറ പ്രവര്‍ത്തനങ്ങള്‍ 15ലേറെ തവണയാണ് നിര്‍ത്തിവെച്ചത്. മൂന്ന്, നാല് റിയാക്ടറുകളുടെ നിര്‍മാണപ്രവര്‍ത്തനം പാതിവഴിയിലുമാണ്. ഇതിനിടെയാണ് നിലയത്തില്‍ രണ്ടു റിയാക്ടറുകള്‍കൂടി സ്ഥാപിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നത്. ഒരു നിലയത്തില്‍തന്നെ പരമാവധി റിയാക്ടറുകള്‍ സ്ഥാപിക്കുകയും അതുവഴി സ്ഥലമെടുപ്പ് ഉള്‍പ്പെടെയുള്ള പ്രശ്നങ്ങള്‍ ഒഴിവാക്കുകയുമാണ് വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ നയമെന്നും പ്രധാനമന്ത്രിയുടെ ഓഫിസ് വ്യക്തമാക്കി.
മഹാരാഷ്ട്രയിലും ആന്ധ്രയിലും ഗുജറാത്തിലും കേന്ദ്രസര്‍ക്കാര്‍ പുതിയ റിയാക്ടറുകള്‍ സ്ഥാപിക്കുന്നുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.