മദ്റസാ പദ്ധതിക്ക് 332 കോടി ലോകബാങ്ക് വായ്പ

ന്യൂഡൽഹി: മദ്റസാ വിദ്യാർഥികൾക്ക് തൊഴിൽ പരിശീലനം നൽകാനുള്ള ന്യൂനപക്ഷ മന്ത്രാലയത്തിെൻറ പദ്ധതിക്ക് 331.79 കോടി (50 ദശലക്ഷം അമേരിക്കൻ ഡോളർ) ലോകബാങ്ക് വായ്പ അനുവദിച്ചു. അഞ്ച് വർഷ പദ്ധതി നടപ്പാക്കാൻ കേന്ദ്ര സർക്കാർ 700 കോടിയാണ്  വായ്പ ചോദിച്ചത്. ചരിത്രത്തിലാദ്യമായാണ് ഒരു ന്യൂനപക്ഷ പദ്ധതി നടപ്പാക്കാൻ കേന്ദ്ര സർക്കാർ ലോകബാങ്ക് വായ്പ തേടുന്നത്.

കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയത്തിെൻറ മദ്റസാ വിദ്യാർഥികളുടെ വൈദഗ്ധ്യ വികസനത്തിനുള്ള ‘നഈ മൻസിൽ’ പദ്ധതിക്കാണ് വായ്പ അനുവദിച്ചതെന്ന് കേന്ദ്ര ന്യൂനപക്ഷ  മന്ത്രി നജ്മ ഹിബത്തുല്ല ‘മാധ്യമ’ത്തോട് പറഞ്ഞു.ഈ വർഷം ഓഗസ്റ്റിൽ മദ്റസ വിദ്യാർഥികൾക്കായി ആവിഷ്കരിച്ച ‘നഈ മൻസിൽ’ വിദ്യാഭ്യാസ വൈദഗ്ധ്യ പരിശീലനത്തോടൊപ്പം തുടർപദ്ധതിക്കും അവസരം നൽകുന്നതാണെന്ന് അവർ തുടർന്നു.

കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയത്തിന് കീഴിൽ  നടന്നുവരുന്ന മദ്റസ ആധുനീകരണ പദ്ധതിക്ക് പുറമെയാണ് മദ്റസകൾക്ക് മാത്രമായി പുതിയ പേരിട്ട് വൈദഗ്ധ്യ പരിശീലന പരിപാടി സർക്കാർ തുടങ്ങിയത്. ന്യൂനപക്ഷവിഭാഗത്തിൽ നിന്നുള്ള പാർശ്വവത്കൃത വിഭാഗങ്ങളിലേക്കെത്തി അവരെ മുഖ്യധാരയിലേക്ക് കൊണ്ടുപോകാൻ കേന്ദ്ര സർക്കാർ ആവിഷ്കരിച്ച പദ്ധതിയാണിതെന്ന് നജ്മ തുടർന്നു. മദ്റസ വിദ്യാഭ്യാസത്തിനുശേഷം സ്വയംതൊഴിലിലേക്കും ഉപരിപഠനത്തിനും പോകാനും പദ്ധതി അവസരമൊരുക്കുമെന്നും അവർ കൂട്ടിച്ചേർത്തു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.