നരേന്ദ്രമോദി ശിവഗിരിയില്‍ വരുന്നത് ക്ഷണിച്ചിട്ടല്ല -ട്രസ്റ്റ് ഭാരവാഹികള്‍

തിരുവനന്തപുരം: കേരള സന്ദര്‍ശനത്തിനിടയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ശിവഗിരി സന്ദര്‍ശിക്കുന്നത് തങ്ങള്‍ ക്ഷണിച്ചിട്ടല്ളെന്ന് ശിവഗിരി ധര്‍മസംഘം ട്രസ്റ്റ് ഭാരവാഹികള്‍. ഡിസംബര്‍ 30 മുതല്‍ ജനുവരി 1വരെ നടക്കുന്ന ശിവഗിരി തീര്‍ഥാടനത്തില്‍ കേന്ദ്ര നേതാക്കളെയടക്കം പങ്കെടുപ്പിക്കാന്‍ അഭ്യര്‍ഥിച്ച് ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ് വി. മുരളിധരന്‍ അടക്കം വിവിധ പാര്‍ട്ടി നേതാക്കള്‍ക്ക് കത്ത് അയച്ചിരുന്നുവെന്ന് ട്രസ്റ്റ് സെക്രട്ടറി സ്വാമി ഋതംബരാനന്ദ വാര്‍ത്താലേഖകരെ അറിയിച്ചു. മുരളീധരന്‍ കത്തിന് മറുപടി നല്‍കിയില്ല. പ്രധാനമന്ത്രി വരുന്നതായി അറിയിച്ചിട്ടുണ്ട്. ക്ഷണിക്കാതെയാണ് വരുന്നത്. മഠത്തില്‍ വരുന്നതു കൊണ്ട് മാത്രം സ്വീകരിക്കുന്നു എന്നേയുള്ളൂ. നരേന്ദ്രമോദി വരുന്നതിനു വലിയ പ്രാധ്യാന്യം നല്‍കുന്നില്ളെന്നും ട്രസ്റ്റ് സെക്രട്ടറി പറഞ്ഞു.

 ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരി , മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, കേന്ദ്ര ടൂറിസം മന്ത്രി ഡോ. മഹേഷ് ശര്‍മ ,മേഘാലയ ഗവര്‍ണര്‍ പി. ഷണ്‍മുഖ നാഥന്‍ ,കോണ്‍ഗ്രസ് പ്രസിഡന്‍റ് സോണിയാ ഗാന്ധി , സി. പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, സി.പി.ഐ ജനറല്‍ സെക്രട്ടറി സുധാകര്‍ റെഡ്ഡി, ഡോ . തോമസ് ഐസക് എം.എല്‍.എ  എന്നിവര്‍ ശിവഗിരി തീര്‍ഥാടന സമ്മേളനങ്ങളില്‍ പങ്കെടുക്കുന്നുണ്ട്. ഏതെങ്കിലും  പാര്‍ട്ടിയോട് പ്രത്യേക മമതയോ വിരോധമോ ഇല്ല. ആര്‍ക്കും ശിവഗിരിയില്‍ വരാമെന്നും ട്രസ്റ്റ് ഭാരവാഹികള്‍ പറഞ്ഞു. പ്രസിഡന്‍റ് സ്വാമി പ്രകാശാനന്ദ, സ്വാമി ഗുരു പ്രസാദ് , വിശാലനന്ദ, ശങ്കരാനന്ദ തുടങ്ങിയവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.