മാലെഗാവ്: സുപ്രീം കോടതിയിലും ഹൈക്കോടതിയിലും പുരോഹിതിന് തിരിച്ചടി

മുംബൈ: 2008 ലെ മാലെഗാവ് സ്ഫോടന കേസില്‍ പ്രതിയായ സൈനിക ഇന്‍റലിജന്‍സ് ഉദ്യോഗസ്ഥന്‍ ലഫ്. കേണല്‍ ശ്രീകാന്ത് പുരോഹിതിന് സുപ്രീം കോടതിയിലും ബോംമ്പെ ഹൈക്കോടതിയിലും തിരിച്ചടി. സ്ഫോടന കേസില്‍ തന്നെ നിയമവിരുദ്ധമായി കസ്റ്റഡിയില്‍ എടുത്ത് പീഡിപ്പിച്ചത് കോടതി നിരീക്ഷണത്തില്‍ പ്രത്യേക സംഘത്തെ കൊണ്ട് അന്വേഷിപ്പിക്കണമെന്ന പുരോഹിതിന്‍െറ ഹരജിയില്‍ ഇടപെടാന്‍ സുപ്രീം കോടതി വിസമ്മതിച്ചു. ജസ്റ്റിസുമാരായ രഞ്ജന്‍ ഗൊഗോയി, നവീന്‍ സിന്‍ഹ, കെ.എം ജോസഫ് എന്നിവരുടെ ബെഞ്ചാണ് ചൊവ്വാഴ്ച ഹരജി തള്ളിയത്. ഇടപെടുന്നത് കീഴ്കോടതിയില്‍ പുരോഗമിക്കുന്ന നടപടികളെ ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി നിലപാട്. എന്നാല്‍, ഇതെ വിഷയം വിചാരണ കോടതിയില്‍ പുരോഹിതിന് ഉന്നയിക്കാമെന്ന് സുപ്രീം കോടതി പറഞ്ഞു.

സുപ്രീം കോടതി വിധിക്കു പിന്നാലെയാണ് ബോംബെ ഹൈക്കോടതി വിധിയും വന്നത്. തനിക്ക് എതിരെ യു.എ.പി.എ ചുമത്തിയത് ചോദ്യം ചെയ്തും ഹരജിയില്‍ തീരുമാനം ആകുംവരെ വിചാരണ കോടതി കുറ്റംചുമത്തുന്നത് തടയണമെന്ന് ആവശ്യപ്പെട്ടും പുരോഹിത് നല്‍കിയ ഹരജിയിലാണ് ബോംമ്പെ ഹൈക്കോടതി ചൊവ്വാഴ്ച വിധി പറഞ്ഞത്. കുറ്റം ചുമത്തുന്നതില്‍ സ്റ്റേ നല്‍കാന്‍ വിസമ്മതിച്ച ജസ്റ്റിസുമാരായ എസ്.എസ് ഷിണ്ഡെ, മൃദുല ഭട്കര്‍ എന്നിവരുടെ ബെഞ്ച് യു.എ.പി.എ ചുമത്തിയതിലെ നിയമസാധുത വിചാരണ കോടതി തന്നെ തീരുമാനിക്കട്ടെ എന്നും വിധിച്ചു.

2008 ലെ മാലെഗാവ് സ്ഫോടന കേസില്‍ കുറ്റം ചുമത്തുന്നത് പ്രത്യേക എന്‍.ഐ.എ കോടതി ബുധനാഴ്ച ആരംഭിക്കാനിരിക്കെയാണ് ഈ രണ്ട് വിധികളും. യു.എ.പി.എ നിയമം ചുമത്തിയതിന് എതിരെ ഹൈകാടതിയെ സമീപിച്ചതായി ചൂണ്ടിക്കാട്ടി പുരോഹിത് കുറ്റം ചുമത്തുന്നത് നിറുത്തിവെക്കാന്‍ കഴിഞ്ഞ 29 ന് എന്‍.ഐ.എ കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ഹൈക്കോടതി സ്റ്റേ ഉത്തരവ് പുറപ്പെടുവിച്ചിട്ടില്ലെന്ന് പറഞ്ഞ് വിചാരണ കേള്‍ക്കുന്ന പ്രത്യേക ജഡ്ജി വിനോദ് പദാല്‍ക്കര്‍ അതു തള്ളി.

Tags:    
News Summary - 2008 Malegaon Blasts: Blow to Lt Col Purohit as SC Refuses SIT Probe - India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.